വിനിമയനിരക്ക് റിയാലിന് 206 രൂപ കടന്നു

മസ്കത്ത്: ഇന്ത്യൻരൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ റിയാലിന്‍റെ വിനിമയനിരക്ക് ഒരു റിയാലിന് 206.21 രൂപ എന്ന നിരക്കിലെത്തി. രൂപയുടെ ചൊവ്വാഴ്ചയും ഇടിയുകയും ഒരു ഡോളറിന് 79.60 രൂപ എന്ന നിരക്കിലെത്തുകയും ചെയ്തിരുന്നു. തിങ്കളാഴ്ച 79.45 രൂപയായിരുന്നു ഡേളറിന്റെ വിനിമയനിരക്ക്. റിയാലിന്‍റെ വിനിമയനിരക്ക് ഉയരുന്നതിൽ പ്രവാസികൾ സന്തുഷ്ടരാണെങ്കിലും പലരും ആശങ്കകൾ പങ്കുവെക്കുന്നുണ്ട്. എന്നാൽ, രാജ്യത്ത് പണപ്പെരുപ്പം തടയാനുള്ള ശക്തമായ നടപടികൾ എടുക്കുമെന്നാണ് റിസർവ് ബാങ്ക് അധികൃതർ വ്യക്തമാക്കുന്നത്. പലിശനിരക്ക് ഉയർത്തുന്നതടക്കമുള്ള നിരവധി നടപടികൾക്ക് സാധ്യതയുണ്ട്. സാമ്പത്തികസ്ഥിതി വിലയിരുത്താൻ അടുത്തമാസം രണ്ട് മുതൽ നാല് വരെ റിസർവ് ബാങ്ക് യോഗംചേരുന്നുണ്ട്. കഴിഞ്ഞ മേയ് ആദ്യ വാരം മുതലാണ് റിയാലിന്‍റെ വിനിമയനിരക്ക് ഉയരാൻ തുടങ്ങിയത്. മേയ് അഞ്ചിന് 197 രൂപയിലായിരുന്നു നിരക്ക്. പിന്നീട് മുകളിലോട്ടുതന്നെയായിരുന്നു വിനിമയനിരക്ക്. 17ന് 200 രൂപയിൽ എത്തിയിരുന്നു. പിന്നീട് 200 രൂപയിൽ താഴെ വന്നിട്ടില്ല. പിന്നീട് പതിയെ ഉയർന്ന് ജൂൺ 12ന് 202 രൂപയിൽ എത്തുകയുമായിരുന്നു. ജൂലൈ ആറിനാണ് വിനിമയനിരക്ക് 205 കടന്നത്. അമേരിക്കൻ ഡോളർ ശക്തമാവുന്നതാണ് വിനിമയ നിരക്ക് ഉയരാൻ പ്രധാന കാരണം.

അമേരിക്കൻ ഡോളർ ലോകത്തിലെ ആറ് പ്രധാന കറൻസികളെ അപേക്ഷിച്ച് 0.48 ശതമാനം ശക്തി ആർജിക്കുകയായിരുന്നു. ഇതോടെ ഡോളർ ഇൻറക്സ് 108.40 ആയി ഉയരുകയായിരുന്നു. അമേരിക്കയിൽ പലിശനിരക്ക് ഉയർത്താനുള്ള നീക്കമാണ് ഡോളർ ശക്തമാവാൻ പ്രധാന കാരണം.

എണ്ണവില ഉയരുന്നതും ഡോളറിന് അനുകൂല ഘടകമാണ്. പലിശ ഉയർത്താനുള്ള നീക്കം ആരംഭിച്ചതോടെ വിദേശനിക്ഷേപകർ ഡോളറിലേക്ക് തിരിഞ്ഞതാണ് ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിക്കുന്നത്.

Tags:    
News Summary - exchange rate crossed Rs 206 per Rial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.