കുവൈത്ത് സിറ്റി: റെസിഡൻസി പെർമിറ്റ് സാധുവാണെങ്കിലും തൊഴിൽ, വരുമാനം, പെരുമാറ്റം എന്നിവയിൽ ലംഘനങ്ങൾ കണ്ടെത്തുന്ന പ്രവാസികളെ കുവൈത്തിൽനിന്ന് നാടുകടത്തും. പുതിയ റെസിഡൻസി നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആർട്ടിക്കിൾ 38 പ്രകാരമായിരിക്കും ഈ നടപടി. പ്രവാസികളെ രാജ്യത്തുനിന്ന് നിന്ന് നിയമപരമായി നാടുകടത്താൻ കഴിയുന്ന സാഹചര്യങ്ങൾ ഇവ വിശദീകരിക്കുന്നു.
ഇതുപ്രകാരം രാജ്യത്ത് ഓരോ വ്യക്തികൾക്കും നിയമാനുസൃതമായ വരുമാന സ്രോതസ്സ് അനിവാര്യമാണ്. ഇല്ലെങ്കിൽ അവരെ ഭരണപരമായ നാടുകടത്തലിന് വിധേയമാക്കിയേക്കാം. ഒരു പ്രവാസി തന്റെ നിയുക്ത സ്പോൺസറല്ലാത്ത തൊഴിലുടമക്ക് വേണ്ടി ജോലി ചെയ്യുന്നതായി കണ്ടെത്തിയാൽ (പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ഫയലുകളിൽ രേഖപ്പെടുത്തിയത് പ്രകാരം), അല്ലെങ്കിൽ അധികാരികളുടെ ആവശ്യമായ അനുമതിയില്ലാതെ ജോലിയിൽ ഏർപ്പെട്ടതായി കണ്ടെത്തിയാലും അവർ നാടുകടത്തൽ നേരിടേണ്ടിവരും.
പൊതുതാൽപര്യം, പൊതുസുരക്ഷ, അല്ലെങ്കിൽ പൊതു ധാർമികത എന്നിവ സംരക്ഷിക്കുന്നതിന് ചില വ്യക്തികൾ തടസ്സമാണെന്ന് കണ്ടെത്തിയാൽ ഇത്തരക്കാരെയും നാടുകടത്താൻ ഉത്തരവിടാം. ധാർമികതയില്ലായ്മയോ സത്യസന്ധതയില്ലായ്മയോ ഉൾപ്പെടുന്ന ഒരു കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തികൾ, അഞ്ച് വർഷത്തിനുള്ളിൽ മൂന്ന് ക്രിമിനൽ കുറ്റങ്ങൾ ചുമത്തപ്പെടുകയും കുറഞ്ഞത് ഒരു കുറ്റത്തിന് തടവ് ലഭിക്കുകയും ചെയ്യുന്നവർ, അഞ്ച് വർഷത്തിനുള്ളിൽ ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ കുറ്റത്തിന് നാല് തവണ ശിക്ഷിക്കപ്പെട്ടവർ എന്നിവരെയും നാടുകടത്തും. ബയോമെട്രിക് നടപടികൾ പൂർത്തിയാക്കിയാണ് ഇത്തരം പ്രവാസികളെ നാടുകടത്തുക. ഇത്തരക്കാർക്ക് പിന്നീട് കുവൈത്തിലേക്ക് തിരിച്ചെത്താൻ കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.