മസ്കത്ത്: പെരുന്നാൾ പൊതു അവധി ദിനങ്ങളിൽ രാജ്യത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയത് നൂറുകണക്കിനാളുകൾ. വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നതിനാലും അവധി ദിവസങ്ങൾ പൊതുവെ കുറവായതിനാലും കുടുംബങ്ങൾ ബഹുഭൂരിപക്ഷവും ഒമാനിൽ തന്നെയാണ് പെരുന്നാൾ ആഘോഷിച്ചത്. സഞ്ചാരികൾ വിവിധ ടൂറിസം കേന്ദ്രങ്ങളിൽ കൂട്ടമായി എത്തിയത് ആഭ്യന്തര വിനോദസഞ്ചാര മേഖലയിൽ ചെറിയ ഉണർവിന് വഴിയൊരുക്കി. യു.എ.ഇയിൽനിന്നും ഖത്തറിൽനിന്നുമുള്ളവരും അവധിയാഘോഷിക്കാൻ ഒമാനിൽ എത്തിയിരുന്നു.
റാസ് അൽ ജിൻസ് കടലാമ സംരക്ഷണ കേന്ദ്രത്തിൽ ശനിയാഴ്ചയാണ് കൂടുതൽ പേർ എത്തിയത്, 507 പേർ. കടലാമകൾ മുട്ടയിടുന്ന സമയമായതിനാൽ കുറച്ച് സമയം മാത്രമേ കാണാൻ അനുവദിച്ചുള്ളൂ. വാദി ബനീ ഖാലിദിൽ പെരുന്നാൾ ദിവസമായ സെപ്റ്റംബർ ഒന്നിന് എത്തിയത് 2282 പേരാണ്. ശനിയാഴ്ചയാണ് കൂടുതൽ പേരെത്തിയത്, 5858 പേർ. ഞായറാഴ്ച 3026 പേരും തിങ്കളാഴ്ച 890 പേരുമെത്തി. നഖൽ ചുടുനീരുറവ, നഖൽ കോട്ട, റുസ്താഖ് എന്നിവിടങ്ങളിലും സഞ്ചാരികൾ എത്തി.
സലാലയിൽ പെരുന്നാൾ അവധി ആഘോഷിക്കാൻ നിരവധി ഇന്ത്യൻ കുടുംബങ്ങളാണ് എത്തിയത്. മറ്റു ഗൾഫ് രാഷ്ട്രങ്ങളിൽനിന്നുള്ളവരും എത്തി. മഴ കുറവായതിനാൽ ജബലുകളുടെ പച്ചപ്പും മനോഹാരിതയും നന്നായി ആസ്വദിക്കാൻ സഞ്ചാരികൾക്ക് സാധിച്ചു. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊക്കെ നല്ല തിരക്കുണ്ടായി. ഒാണം ‘ഗൾഫിലെ കേരള’മായ സലാലയിൽ ആഘോഷിക്കാൻ എത്തിയവരുമുണ്ട്. പ്രമുഖ ഇന്ത്യൻ റസ്റ്റാറൻറുകളിൽ റെക്കോഡ് വിൽപനയാണ് പെരുന്നാൾ അവധി ദിനങ്ങളിൽ നടന്നത്.
സെപ്റ്റംബർ രണ്ടു വരെയുള്ള വിനോദസഞ്ചാര മന്ത്രാലയത്തിെൻറ കണക്കനുസരിച്ച് മൊത്തം 6,19,683 പേരാണ് സലാലയിൽ എത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 1.2 ശതമാനം അധിക സഞ്ചാരികൾ സലാലയിലെത്തി. തോട്ടങ്ങളിൽ വിളവെടുപ്പ് നടക്കുന്ന ജബൽ അഖ്ദറിലേക്കും പെരുന്നാൾ അവധിയിൽ സഞ്ചാരികൾ മലകയറിയെത്തി. വെള്ളിയാഴ്ച 2,142 പേരും ശനിയാഴ്ച 3,948 പേരും ഞായറാഴ്ച 3364 പേരുമാണ് ജബൽ അഖ്ദറിൽ എത്തിയത്. ഖസബിലും ആയിരക്കണക്കിനാളുകൾ എത്തി. ഒമാനിൽനിന്ന് ബോട്ടുമാർഗവും യു.എ.ഇയിൽനിന്ന് റോഡുമാർഗവുമാണ് ഖസബിൽ സഞ്ചാരികൾ എത്തിയത്. വാദി തിവി, വാദി ഷാബ്, ഖുറിയാത്ത് ഡാം, സിങ്ക്ഹോൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കുടുംബ സമേതം സ്വദേശികളും വിദേശികളും ബാച്ചിലർമാരും എത്തി.
പതിവുപോലെ അപകടങ്ങളോടെയാണ് ബലിപെരുന്നാൾ അവധി കടന്നുപോയത്. ശനിയാഴ്ച വാദി ബനീഖാലിദിൽ കുളിക്കാനിറങ്ങിയ മഹാരാഷ്ട്ര സ്വദേശി മുങ്ങിമരിച്ചു.
സൂർ റോഡിൽ വാദി അർബഇൗനിൽ അന്നേ ദിവസം തന്നെ കുളിക്കാനിറങ്ങിയ തിരൂർ സ്വദേശി യൂസുഫും മുങ്ങിമരിച്ചു. തിങ്കളാഴ്ച രാത്രി ജഅലാൻ ബനീ ബുഅലിയിലുണ്ടായ വാഹനാപകടത്തിൽ സലാല ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.