മസ്കത്ത്: ഒമാൻ സുൽത്താനേറ്റിലെ വിദേശ നേരിട്ടുള്ള നിക്ഷേപത്തിൽ (എഫ്.ഡി.ഐ) 8.7 ശതമാനം വർധനവ് രേഖപ്പെടുത്തി. 2026-ന്റെ ആദ്യ പാദത്തിന്റെ അവസാനത്തോടെ രാജ്യത്തെ ആകെ വിദേശ നിക്ഷേപം 32.197 ബില്യൺ ഒമാനി റിയാലിൽ എത്തി. ഒമാന്റെ സാമ്പത്തിക രംഗത്ത് വിദേശ നിക്ഷേപകർക്കുള്ള ശക്തമായ വിശ്വാസമാണ് ഈ വളർച്ച സൂചിപ്പിക്കുന്നത്. നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻ.സി.എസ്.ഐ) പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരം, 2026-ലെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം 2.567 ബില്യൺ ഒമാനി റിയാലിന്റെ വിദേശ നിക്ഷേപമാണ് രാജ്യത്തേക്ക് ഒഴുകിയെത്തിയത്.
രാജ്യത്തെ എണ്ണ, വാതക ഖനന മേഖലയാണ് വിദേശ നിക്ഷേപത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 9.5 ശതമാനം വളർച്ചയോടെ ഈ മേഖലയിലെ നിക്ഷേപം 25.889 ബില്യൺ ഒമാനി റിയാലായി ഉയർന്നു. ആദ്യ പാദത്തിൽ മാത്രം 2.238 ബില്യൺ ഒമാനി റിയാലിന്റെ പുതിയ നിക്ഷേപം ഈ മേഖലയിലേക്ക് എത്തി.
ഉൽപാദന മേഖലയാണ് രണ്ടാം സ്ഥാനത്ത്. 5.4 ശതമാനം വാർഷിക വളർച്ചയോടെ ഈ മേഖലയിലെ നിക്ഷേപം 2.870 ബില്യൺ റിയാലായി. മൂന്ന് മാസത്തിനിടെ 146.7 ദശലക്ഷം റിയാലിന്റെ പുതിയ നിക്ഷേപം ഈ രംഗത്തുണ്ടായി. സാമ്പത്തിക ഇടനില മേഖല 9.6 ശതമാനം വളർച്ചയോടെ 1.565 ബില്യൺ റിയാലിന്റെ നിക്ഷേപം രേഖപ്പെടുത്തി. 137.7 ദശലക്ഷം റിയാലാണ് ഈ പാദത്തിൽ ഈ മേഖലയിലേക്ക് എത്തിയത്.
ഒമാനിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയ രാജ്യങ്ങളിൽ യു.കെ ഒന്നാം സ്ഥാനം നിലനിർത്തി. ആദ്യ പാദത്തിന്റെ അവസാനത്തോടെ യുകെയുടെ നിക്ഷേപം 9.9 ശതമാനം വർധിച്ച് 16.885 ബില്യൺ റിയാലായി ഉയർന്നു. അമേരിക്കയിൽ നിന്നുള്ള നിക്ഷേപം 10 ശതമാനം വർധനവോടെ 8.696 ബില്യൺ റിയാലിലെത്തി. കുവൈത്തിൽ നിന്നുള്ള നിക്ഷേപം 4.6 ശതമാനം ഉയർന്ന് 1.444 ബില്യൺ റിയാലും ചൈനയിൽ നിന്നുള്ള നിക്ഷേപം 9.3 ശതമാനം വളർച്ചയോടെ 901.5 മില്യൻ റിയാലുമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി സാമ്പത്തിക വൈവിധ്യവൽകരണവും നിക്ഷേപ സൗഹൃദ അന്തരീക്ഷവും ശക്തമാക്കാനുള്ള ഒമാന്റെ ശ്രമങ്ങൾ വിജയകരമായി തുടരുന്നതായി ഈ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.