ബോഷറിൽ ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കാത്ത വാണിജ്യ കോംപ്ലക്സ് അടപ്പിക്കുന്നു
മസ്കത്ത്: കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കാത്ത സ്ഥാനങ്ങൾക്കെതിരായ നടപടികൾ അധികൃതർ കർക്കശമാക്കി. ബോഷറിൽ മാർഗ നിർദേശങ്ങൾ പാലിക്കാത്ത വാണിജ്യ കോംപ്ലക്സ് പൂട്ടിച്ചതായി മസ്കത്ത് നഗരസഭ അറിയിച്ചു. സുപ്രീം കമ്മിറ്റി നിർദേശങ്ങളുടെ പശ്ചാത്തലത്തിൽ പൊതു മാർക്കറ്റുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമെല്ലാം പ്രവേശന നിയന്ത്രണങ്ങൾ വീണ്ടും കർക്കശമാക്കിയിട്ടുണ്ട്.
മത്ര മത്സ്യ മാർക്കറ്റിൽ മത്സ്യം വാങ്ങാനെത്തുന്നവരുടെ താപനില പരിശോധിച്ചാണ് അകത്തേക്ക് കടത്തുന്നത്. രജിസ്റ്റർ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകളിലും ചെറുകിട വാണിജ്യ സ്ഥാപനങ്ങളിലുമടക്കം ശരീര താപനില പരിശോധിച്ചാണ് അകത്ത് കടത്തുന്നത്. സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് പല സ്ഥാപനങ്ങളും ഉറപ്പുവരുത്തുന്നുണ്ട്. പള്ളികളിലും പരിസരങ്ങളിലും ആളുകൾ കൂട്ടം കൂടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ട്. നമസ്കാരം കഴിഞ്ഞാൽ ഉടൻ പിരിഞ്ഞുപോകേണ്ടതാണെന്ന് ഇമാമുമാർ നമസ്കാരത്തിന് മുമ്പ് ആവർത്തിച്ച് ഉണർത്തുന്നുണ്ട്.
വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് ആരോഗ്യ മാർഗ നിർദേശങ്ങൾ നിലവിലുണ്ടായിരുന്നെങ്കിലും രോഗികളുടെ എണ്ണത്തിലെ തുടർച്ചയായുള്ള കുറവിനെ തുടർന്ന് ജാഗ്രതയിൽ വലിയ രീതിയിൽ കുറവ് വന്നിരുന്നു. ജാഗ്രതയിൽ കുറവ് വന്നതായും മാർഗ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസങ്ങളിലായി സുപ്രീംകമ്മിറ്റി അറിയിച്ചിരുന്നു. ആരോഗ്യ മാർഗ നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളുടെ പേരുകൾ പ്രസിദ്ധപ്പെടുത്തുന്നതടക്കം ആലോചനയിലാണെന്ന് സുപ്രീം കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.
ചില മാളുകളും വാണിജ്യ കേന്ദ്രങ്ങളും കഫേകളും റസ്റ്റാറൻറുകളുമെല്ലാം മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതായി വ്യവസായ- വാണിജ്യ- നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസുഫും പറഞ്ഞു. എല്ലാവരും മുഖാവരണം ധരിച്ചിരിക്കണം. ഉപഭോക്താവും കാഷ് കൗണ്ടറും തമ്മിൽ രണ്ട് മീറ്റർ അകലമെന്ന സുരക്ഷിത അകലം പാലിച്ചിരിക്കണം. ഷോപ്പിങ് ട്രോളികളും ആളുകൾ സ്പർശിക്കുന്ന സ്ഥലങ്ങളും കൃത്യമായ ഇടവേളകളിൽ രോഗാണുമുക്തമാക്കണം.
തിരക്ക് ഒഴിവാക്കുന്നതിനായി ആളുകളുടെ പ്രവേശനം ആവശ്യമെങ്കിൽ നിയന്ത്രിക്കണമെന്നും മന്ത്രി നിർദേശിച്ചു. ഷോപ്പിങ് ആവശ്യത്തിന് മാത്രമായി ചുരുക്കണമെന്ന് മന്ത്രി ഉപഭോക്താക്കളോട് നിർദേശിച്ചു.
രാത്രി ഏഴു മുതൽ പത്ത് വരെയുള്ള സമയത്തെ ഷോപ്പിങ് സെൻറർ സന്ദർശനം ഒഴിവാക്കണം. ഒാൺലൈൻ ഷോപ്പിങ് സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.