മസ്കത്ത്: സലാലയിൽ തലശ്ശേരി കതിരൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജാഗ്രതയിലും ആശങ്കയിലും മലയാളി സമൂഹം. നാട്ടിൽനിന്ന് അവധി കഴിഞ്ഞ് മസ്കത്ത് വഴിയാണ് ഇദ്ദേഹം സലാലയിലെത്തിയത്. 12ന് രാവിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട ജി 855 ഗോ എയർ വിമാനത്തിലാണ് ഇദ്ദേഹം മസ്കത്തിലെത്തിയത്. 12നും 13ന് പകൽസമയത്തും മസ്കത്തിലുണ്ടായിരുന്നു.
13ന് രാത്രി എട്ടിനുള്ള ജി.ടി.സി ബസിൽ പുറപ്പെട്ട് 14ന് രാവിലെ സലാലയിലെത്തി. 14നും 15നും സലാലയിലുള്ള ബന്ധുക്കളുടെയും മറ്റും വീടുകൾ സന്ദർശിച്ചു. 16നാണ് ചുമയും പനിയുമുണ്ടായത്. തുടർന്ന് ചികിത്സ തേടിയപ്പോൾ പരിശോധനക്ക് സാമ്പിളുകൾ എടുക്കുകയും താമസസ്ഥലത്ത് സമ്പർക്ക വിലക്കിന് (ക്വാറൻറീൻ) നിർദേശിക്കുകയും ചെയ്തു. വ്യാഴാഴ്ചയാണ് പരിശോധനാ ഫലം ലഭ്യമായത്.
തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എത്തി ആശുപത്രിയിൽ െഎസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. വിമാനത്തിലെ യാത്രക്കാർ, സലാല ബസിലെ യാത്രക്കാർ, ഇദ്ദേഹത്തിനൊപ്പം സ്റ്റാഫ് ക്വാർേട്ടഴ്സിൽ താമസിച്ചിരുന്ന രണ്ടു മലയാളികൾ തുടങ്ങിയവർ കരുതൽ നിരീക്ഷണത്തിലും സമ്പർക്ക വിലക്കിലും കഴിയേണ്ട സാഹചര്യമാണുള്ളത്.
മസ്കത്തിലും സലാലയിലും ഇദ്ദേഹം സന്ദർശിച്ച സ്ഥലങ്ങളെ കുറിച്ചുള്ളതടക്കം പൂർണ വിവരങ്ങൾ ഇനിയും ലഭിക്കേണ്ടതായുണ്ട്. പിതാവിെൻറ ചികിത്സാർഥമാണ് തലശ്ശേരി സ്വദേശി നാട്ടിലേക്ക് പോയത്. അവധി ദിവസങ്ങളിൽ കൂടുതലും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലുമായിരുന്നു ഉണ്ടായിരുന്നതെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
ഇന്ത്യയിലേക്ക് യാത്ര ചെയ്തയാളടക്കം ഒമ്പതുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ഒമാൻ ആരോഗ്യവകുപ്പ് വ്യാഴാഴ്ച രാത്രി പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു. ബാക്കി എട്ടുപേരും സ്വദേശികളാണ്. അഞ്ചുപേർ ബ്രിട്ടൻ, അമേരിക്ക, ഇൗജിപ്ത് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തവരാണ്.
നേരത്തേ രോഗബാധിതരായവരിൽനിന്നാണ് മൂന്നുപേർക്ക് കോവിഡ് പകർന്നത്. ഇതുവരെ 13 പേർക്കാണ് രോഗവിമുക്തി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.