മസ്കത്ത്: കോർപറേറ്റ് വരുമാന നികുതിയിനത്തിൽ ലഭിച്ച തുക കഴിഞ്ഞവർഷം വർധിച്ചതായി ടാക്സേഷൻ സെക്രേട്ടറിയറ്റ് ജനറലിെൻറ (എസ്.ജി.ടി) കണക്കുകൾ. 2017ൽ 363.4 ദശലക്ഷം റിയാൽ ആയിരുന്ന നികുതി വരുമാനം കഴിഞ്ഞ വർഷം 466.3 ദശലക്ഷം റിയാലായാണ് വർധിച്ചത്. എണ്ണവിലയിലെ വർധനമൂലം പ്രത്യേകിച്ച് എണ്ണ-പ്രകൃതി വാതക മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ലാഭത്തിലുണ്ടായ വർധനയാണ് കഴിഞ്ഞ വർഷം നികുതി വരുമാനം ഉയരാൻ പ്രധാന കാരണം. മറ്റു മേഖലകളിലുള്ള കമ്പനികൾക്കും എണ്ണ വിലയിലെ ഉയർച്ച പൊതുവെ ഗുണംചെയ്തു. 2017ലെ പുതിയ വരുമാന നികുതി നിയമത്തിെൻറ അടിസ്ഥാനത്തിലാണ് കോർപറേറ്റ് വരുമാന നികുതിയിൽ വർധന വരുത്തിയത്. നേരത്തേ 30,000 റിയാൽ വരെ വാർഷിക വിറ്റുവരവ് ഉണ്ടായിരുന്ന കമ്പനികൾക്ക് നികുതി നൽകേണ്ടിയിരുന്നില്ല. പുതിയ നിയമത്തിൽ ആ ഇളവ് പൂർണമായും നീക്കി. ഒപ്പം വരുമാന വർധന ലക്ഷ്യമിട്ട് കോർപറേറ്റ് നികുതി 12 ശതമാനത്തിൽനിന്ന് 15 ശതമാനമായി ഉയർത്തുകയും ചെയ്തു. ഒാഹരികളുടെ ലാഭവിഹിതങ്ങളിലും വായ്പകളിലും 10 ശതമാനം വിത്ത്ഹോൾഡിങ് ടാക്സ് ചുമത്താനും നിർദേശമുണ്ടായിരുന്നെങ്കിലും ഇത് പിന്നീട് മൂന്നുവർഷ കാലയളവിലേക്ക് നടപ്പാക്കുന്നത് റദ്ദാക്കി. വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇൗ നികുതി ഇൗടാക്കാനുള്ള തീരുമാനം തൽക്കാലത്തേക്ക് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.
നികുതി നിയമത്തിലെ പരിഷ്കരണത്തിലൂടെ ധനകാര്യ സ്റ്റേറ്റ്മെൻറുകൾ സമർപ്പിക്കുന്ന കമ്പനികളുടെ എണ്ണം കൂടിയതും നികുതി വരുമാന ശേഖരണത്തിന് കരുത്തേകി. ടാക്സ് വെട്ടിക്കുന്ന സംഭവങ്ങൾ കുറയുകയും ചെയ്തു. അതിനിടെ, വ്യവസായ വാണിജ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത കമ്പനികളുടെയും സെക്രേട്ടറിയറ്റിൽ രജിസ്റ്റർ ചെയ്ത കമ്പനികളുടെയും എണ്ണത്തിൽ അന്തരമുണ്ടെന്നും ടാക്സേഷൻ സെക്രേട്ടറിയറ്റ് ജനറലിെൻറ വാർഷിക റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷം അവസാനത്തെ കണക്കു പ്രകാരം മന്ത്രാലയത്തിലെ വാണിജ്യ രജിസ്ട്രേഷനുകളുടെ എണ്ണം 10 ലക്ഷത്തിന് മുകളിലാണ്. ഇൗ വർഷം ജൂൺ അവസാനം അത് 11.023 ലക്ഷം ആയതായും കണക്കുകൾ കാണിക്കുന്നു. എന്നാൽ, ടാക്സേഷൻ സെക്രേട്ടറിയറ്റ് ജനറലിൽ കഴിഞ്ഞ വർഷം 1.20 ലക്ഷം നികുതിദായകരായ കമ്പനികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് വാർഷിക റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.