കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് സ്മാൾ ആൻഡ് മീഡിയം എന്റർപ്രെസസ് ഫോറത്തിൽ ‘സപ്ലയേഴ്സ് ഗൈഡ്ലൈൻ’ പുറത്തിറക്കുന്ന ചടങ്ങിൽനിന്ന്
മസ്കത്ത്: രാജ്യത്ത് നീതിപൂർവവും സുതാര്യവുമായ വ്യാപാരം ഉറപ്പുവരുത്താൻ ഒമാനിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) ‘സപ്ലയേഴ്സ് ഗൈഡ്ലൈൻ’ പുറത്തിറക്കി. ഇടപാടുകളിൽ ഏതൊക്കെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നത് സംബന്ധിച്ച് മാർഗരേഖയിൽനിന്നറിയാം. അതോടൊപ്പം ഇടപാടുകാർക്കുള്ള ഉപദേശങ്ങളും ഇതിൽ ഉൾപ്പെടുത്തിയട്ടുണ്ട്. വിതരണക്കാരും ഉപഭോക്താക്കളും തമ്മിൽ ഉത്തരവാദിത്തം പങ്കുവെക്കുന്നതിനുള്ള ഊന്നലും മാർഗരേഖയിലുണ്ട്. ഒമാൻ വിഷൻ 2040 നായുള്ള സുസ്ഥിരവും നീതിപൂർവവുമായ വ്യാപാരവികസന ലക്ഷ്യങ്ങളിലേക്കാണ് മാർഗരേഖ നയിക്കുന്നത്. ‘ഉത്തരവാദിത്തമുള്ള വിതരണക്കാർ’ എന്ന തലക്കെട്ടിൽ നടക്കുന്ന ദേശീയ മാധ്യമ കാമ്പയിനിന്റെ ഭാഗമായാണ് ഇത് പുറത്തിറക്കിയത്.
കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് സ്മാൾ ആൻഡ് മീഡിയം എന്റർപ്രെസസ് ഫോറത്തിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ചെയർമാൻ സാലിം അലി അൽ ഹഖ്മാനിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മാർഗരേഖ പ്രകാശനം ചെയ്തു. വിതരണക്കാരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുന്ന മാർഗരേഖയിൽ ഉൽപന്ന-സേവനങ്ങൾ നൽകൽ, പരസ്യം ചെയ്യൽ, ഉൽപന്നങ്ങളുടെ പരിപാലനം, ഉപഭോക്താക്കളുടെ പരാതി കൈകാര്യം ചെയ്യൽ തുടങ്ങിയ മേഖലകളിൽ വ്യക്തമായ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
മികച്ച രീതിയിൽ വ്യാപാരങ്ങൾ നടത്തുന്നതിന് ഏകീകൃതമായ മാനദണ്ഡം അവതരിപ്പിക്കുന്നതിലൂടെ, വാണിജ്യ ഇടപാടുകളിൽ ഉണ്ടായേക്കാവുന്ന തർക്കങ്ങൾ കുറക്കുകയും വിപണിയിൽ വിശ്വാസം വർധിപ്പിക്കുകയും ചെയ്യുകകയാണ് മാർഗരേഖയിലൂടെ ലക്ഷ്യമിടുന്നത്. സപ്ലയേഴ്സ് ഗൈഡ്ലൈൻ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ മാർഗരേഖ ലഭ്യമാണെന്നും വിതരണക്കാരും ബന്ധപ്പെട്ട സ്ഥാപനങ്ങളും നിയമാനുസൃതമായ വ്യാപാരപ്രവർത്തനങ്ങൾക്കായി ഇത് ഉപയോഗപ്പെടുത്തണമെന്നും സി.പി.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.