1995 വരെ മല്ലപ്പള്ളിക്ക് അടുത്തുള്ള പുന്നവേലിയിലെ വീട്ടിലായിരുന്നു ഞങ്ങളുടെ ക്രിസ്മസ് കാലം ചെലവഴിച്ചിരുന്നത്. 1974 മുതൽ മസ്കത്തിൽ ജോലിയിലായിരുന്ന പപ്പയും അന്ന് ക്രിസ്മസിന് നാട്ടിലെത്തുമായിരുന്നു. ജാതിമത ഭേദമന്യേ ഞങ്ങൾ കൂട്ടുകാരെല്ലാം ക്രിസ്മസ് കാലത്തിനായി നോക്കിയിരുന്നിരുന്നു. അന്ന് ഒരാളുടെ വീട്ടിലെ ആഘോഷങ്ങൾ, വിശേഷദിവസങ്ങൾ എല്ലാം, എല്ലാവരുടേതും കൂടിയായിരുന്നു. ക്രിസ്മസ് ട്രീ ഒരുക്കിയും നക്ഷത്രം ഉണ്ടാക്കിയും എല്ലാവരുടെയും വീടുകളിൽനിന്നും ഭക്ഷണം പങ്കിട്ടും വീടുകൾ തോറും കരോൾ ഗാനങ്ങൾ പാടിയും കസിൻസിനൊപ്പം പള്ളിയിൽ പോയും ഒക്കെ ഒരു ചിത്രത്തിലെന്ന പോലെ സുന്ദരമായ ക്രിസ്മസ് ഓർമകളാണ് തിരിഞ്ഞു നോക്കുമ്പോൾ ആ കാലഘട്ടത്തിലെ സവിശേഷത.
1996 ൽ മസ്കത്തിലെത്തിയപ്പോൾ മുതൽ ക്രിസ്മസ് ആഘോഷങ്ങൾ കൂടുതലും ദൈവാലയവുമായി ബന്ധപ്പെട്ടതായി മാറി. പള്ളിയിലെ ഗായകസംഘമായി കരോൾ സർവിസിനായി മാസങ്ങൾ മുൻപെ തുടങ്ങുന്ന ഗാനപരിശീലനവും മറ്റു സഭകളുമായി ചേർന്നു നടത്തുന്ന എക്യുമനിക്കൽ കരോളും ക്രിസ്മസ് ദിവസത്തെ ആരാധനകളും ഒക്കെയായി ക്രിസ്മമസിന്റെ പ്രത്യേകതകൾ. കുടുംബസുഹൃത്തുകൾക്കൊപ്പവും കേക്കുകൾ മുറിച്ച് ഭവനങ്ങളിൽ ക്രിസ്മസ് സൽക്കാരങ്ങളുണ്ടാകാറുണ്ട്. എനിക്ക് ലഭിച്ചതുപോലെ നല്ല ക്രിസ്മസ് ഓർമകൾ മക്കൾക്കും നൽകാനായി പ്രത്യേകം കുടുംബമായി ശ്രദ്ധിച്ചിരുന്നു.
പപ്പയും മമ്മിയും കൂടെയുണ്ടായിരുന്നത് കൊണ്ട് 1996 മുതലുള്ള മിക്കവാറും എല്ലാ ക്രിസ്മസുകളും മസ്കറ്റിൽ തന്നെയായിരുന്നു. ഈ ക്രിസ്തുമസ് കാലം നാട്ടിലായിരിക്കമെന്നാണ് ആഗ്രഹം. കുടുംബത്തിനും ബന്ധുക്കൾക്കും കൂട്ടുകാർക്കുമൊപ്പം ബാല്യത്തിന്റെ ഓർമകളുണർത്തുന്ന ഒരു ക്രിസ്മസിനായി ഞങ്ങൾ എല്ലാവരും ഒരുങ്ങുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.