മസ്കത്ത്: ഒമാനിലെ കടൽ രക്ഷാപ്രവർത്തനങ്ങളുടെ പൂർണ ചുമതല സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഔദ്യോഗികമായി ഏറ്റെടുത്തു. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കീഴിലുണ്ടായിരുന്ന മാരിടൈം റസ്ക്യൂ സ്റ്റേഷന്റെ നിയന്ത്രണമാണ് പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി സി.ഡി.എ.എക്ക് കൈമാറിയത്. രാജ്യത്തെ അടിയന്തര രക്ഷാപ്രവർത്തന സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
അപകടങ്ങളിൽപ്പെടുന്നവരെ തിരയുന്നതിലും രക്ഷപെടുത്തുന്നതിലും വിദഗ്ധ പരിശീലനം ലഭിച്ച സ്വദേശി ഉദ്യോഗസ്ഥരെയും അത്യാധുനിക മെഡിക്കൽ സംഘത്തെയും ഉൾപ്പെടുത്തി പൂർണ സജ്ജമായാണ് അതോറിറ്റി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് തടസ്സമില്ലാതെ 24 മണിക്കൂറും ഈ സേവനം ലഭ്യമാക്കുന്നതിനുള്ള എല്ലാ സാങ്കേതിക, ഭരണപരമായ നടപടികളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. കടലിലെ വിവിധ അപകടങ്ങൾ കൈകാര്യം ചെയ്യാനും കാണാതാകുന്നവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കാനും അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. കടലിൽ പരിക്കേൽക്കുന്നവർക്ക് അടിയന്തര വൈദ്യസഹായം നൽകാനും അവരെ സുരക്ഷിതമായി ആശുപത്രികളിൽ എത്തിക്കാനുമുള്ള ആംബുലൻസ് സംവിധാനവും ഇതിന്റെ ഭാഗമായി പ്രവർത്തിക്കും. ഒമാനിലെ വർധിച്ചുവരുന്ന സമുദ്ര, വിനോദസഞ്ചാര, സാമ്പത്തിക പ്രവർത്തനങ്ങൾക്ക് അനുസൃതമായി രക്ഷാപ്രവർത്തനങ്ങൾ ഒരൊറ്റ കുടക്കീഴിൽ ഏകോപിപ്പിക്കുന്നത് വഴി കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കുമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.