സുഹൈല നാസർ
മസ്കത്ത്: പരിസ്ഥിതി ബോധവത്കരണ അവബോധം പകരുന്നതിനായി ഒമാനി വനിത നടന്നത് 890 കിലോമീറ്റർ. ബിയ കമ്പനിയുടെ ടെണ്ടർ, കോൺട്രാക്റ്റ്, പ്രൊക്യുയർമെൻറ് വിഭാഗം മേധാവി സുഹൈല നാസർ അൽ കിന്തി മസ്കത്തിൽനിന്ന് സലാല വരെയാണ് സാഹസിക നടത്തത്തിന് തുനിഞ്ഞിറങ്ങിയത്. ഒമാൻ വനിത ദിനമായ ഒക്ടോബർ 17ന് ആരംഭിച്ച നടത്തം ഒരുമാസം പൂർത്തിയാക്കിയാണ് അവസാനിച്ചത്. നവംബർ 17ന് സലാലയിലെത്തിയ സുഹൈല അൽ കിന്തിയെ ദോഫാർ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ അലി ബിൻ സാലം ഉമർ ഫാദിലാണ് സ്വീകരിച്ചത്. പരിസ്ഥിതിയുടെ പാത എന്നാണ് സുഹൈല തെൻറ യാത്രക്ക് പേര് നൽകിയത്.
മസ്കത്തിൽനിന്ന് ഖുറിയാത്ത്, തെക്കൻ ശർഖിയ, അൽ വുസ്ത വഴിയാണ് സുഹൈല സലാലയിലെത്തിയത്. ദിവസവും ഏഴു മുതൽ എട്ടു മണിക്കൂർ വരെ നടന്നാണ് ലക്ഷ്യസ്ഥാനമെത്തിയതെന്ന് സുഹൈല പറയുന്നു. രാവിലെ അഞ്ച് മുതൽ ഒമ്പത് വരെയാണ് ആദ്യ ഘട്ടത്തിൽ നടക്കുക. വെയിൽ കനക്കുേമ്പാൾ വിശ്രമമാണ്. പിന്നീട് ഉച്ച തിരിഞ്ഞ് മൂന്ന് മുതൽ ഏഴ് വരെയുമാണ് നടക്കുക. പരിസ്ഥിതി സംരക്ഷണത്തിെൻറ പ്രധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനൊപ്പം മാലിന്യങ്ങളും ചപ്പു ചവറുകളും റോഡുകളിലും മറ്റും നിക്ഷേപിക്കുന്ന ഒഴിവാക്കാനുള്ള സന്ദേശം കൂടി പകർന്നുനൽകുന്നതിനായിരുന്നു തെൻറ നടത്തമെന്ന് സുഹൈല പറയുന്നു. അതോടൊപ്പം ഒമാനി സ്ത്രീകൾക്ക് തങ്ങളുടെ ലക്ഷ്യങ്ങൾ സഫലീകരിക്കാൻ കഴിയുമെന്ന് തെളിയിക്കൽകൂടി ലക്ഷ്യമായിരുന്നു. കടുത്ത വെയിലായിരുന്നു യാത്രയിലെ വെല്ലുവിളി. ഇതോടൊപ്പം ശക്തമായ കാറ്റിൽ പരുക്കനായ ഭൂപ്രകൃതിയിലൂടെ നടക്കുകയെന്നതും വെല്ലുവിളി ഉയർത്തുന്നതായിരുന്നു.
ആറു മാസത്തെ പരിശീലനത്തിനും ഒരുക്കങ്ങൾക്കുമൊടുവിലാണ് സുഹൈല സാഹസിക ദൗത്യത്തിന് മുന്നിട്ടിറങ്ങിയത്. ഭർത്താവിെൻറയും കമ്പനിയുടെയും നിറഞ്ഞ പിന്തുണ കൊണ്ടാണ് നടത്തം പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് അവർ പറയുന്നു. യാത്രയിലുടനീളം ഇവരെ പിന്തുടരാൻ പ്രത്യേക ടീമുമുണ്ടായിരുന്നു. ഏതെങ്കിലും കായിക ഇനം ജീവിതത്തിെൻറ ഭാഗമാക്കണമെന്നാണ് സുഹൈല യുവാക്കളോട് ആവശ്യപ്പെടുന്നത്. ആേരാഗ്യമുള്ള ശരീരത്തിെൻറ ആരാഗ്യമുള്ള മനസ്സ് ലക്ഷ്യങ്ങൾ നേടാൻ ഏറെ അനിവാര്യമാണെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.