മുഹ്സിൻ ഹൈദർ ദാർവീഷിലെ ജീവനക്കാർ ലത്തീഫിന് നൽകിയ യാത്രയയപ്പ്
സൂർ: പ്രവാസത്തിന്റെ ധന്യതയാർന്ന 33 വർഷങ്ങൾ പൂർത്തിയാക്കി തൃശൂർ വടക്കയിൽ ലത്തീഫെന്ന എം.എച്ച്.ഡി ലത്തീഫ്ക്ക നാട്ടിലേക്കു തിരിച്ചു. 33 വർഷങ്ങൾക്ക് മുമ്പൊരു ഡിസംബറിന്റെ തണുപ്പിൽ മസ്കത്ത് എയർപോർട്ടിലെത്തിച്ചേരുമ്പോഴുണ്ടായ പ്രതീക്ഷകളെക്കാളും സ്വപ്നങ്ങളേക്കാളും അനുഗ്രഹങ്ങളാണ് ദൈവം നൽകിയതെന്ന ചാരിതാർഥ്യത്തോടെയാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. തൊണ്ണൂറുകളിൽ പഠനം കഴിഞ്ഞിരിക്കുമ്പോഴാണ് മസ്കത്തിലുണ്ടായിരുന്ന മൂത്ത ജ്യേഷ്ഠസഹോദരന്റെ വിളിവരുന്നത്. അങ്ങനെ അൽ ജദീദ സൂപ്പർ മാർക്കറ്റിലെ സെയിൽസ്മാനായി പ്രവാസം ആരംഭിച്ചു.
ഏഴു വർഷത്തോളം ഇവിടെ തുടർന്നു. പിന്നീടാണ് സൂറിൽ പുതുതായി ആരംഭിക്കുന്ന മുഹ്സിൻ ഹൈദർ ദാർവീഷെന്ന (എം.എച്ച്.ഡി) പ്രമുഖ സ്ഥാപനത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. മടങ്ങുന്നതുവരെ എം.എച്ച്.ഡിയോടൊപ്പമായിരുന്നു ജോലി. എം.എച്ച്.ഡിയുടെ ടയർ ഡിവിഷനിൽ സെയിൽസ്മാനായി ഔദ്യോഗിക ജീവിതം തുടങ്ങിയ ലത്തീഫ് ശർഖിയയുടെ ചാർജുള്ള മാനേജ്മെന്റ് പ്രതിനിധിയായി വളർന്നത് കഠിനാധ്വാനത്തിലൂടെയും ആത്മസമർപ്പണത്തിലൂടെയുമാണ്. സത്യസന്ധതയോടെയുള്ള കഠിനാധ്വാനവും സമർപ്പണവുമുണ്ടെങ്കിൽ ഏതു സാഹചര്യത്തിലും വളരാൻ കഴിയുമെന്നും അതിനനുസൃതമായ മറ്റു സൗകര്യങ്ങൾ നമ്മളറിയാതെതന്നെ വന്നുചേരുമെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.
സൂറിനോടൊപ്പം വളർന്ന ലത്തീഫിന്, ഇനിയൊരു പ്രവാസമുണ്ടെങ്കിൽ അത് ഒമാനിലെ സൂറിലും ജോലി എം.എച്ച്.ഡിയിലുമാകണമെന്നാണ് ആഗ്രഹം. കൊടുങ്ങല്ലൂർ പാടൂർ സ്വദേശിയായ ലത്തീഫിന് സൂറിനെയും അഭയം നൽകിയ ഒമാനെയും കുറിച്ച് പറയാനും ആയിരം നാവാണ്. വർഷങ്ങൾക്ക് മുമ്പ് സൂർ റസ്ലഹദ്ദിലുണ്ടായ അപകടത്തെ തുടർന്ന് രണ്ടുവർഷത്തോളം ശയ്യാവലംബിയായ സമയത്തു കൃത്യമായ പരിചരണത്തിനുള്ള സൗകര്യവും എല്ലാ മാസവും കൃത്യമായി ശമ്പളവും നൽകിയത് സ്ഥാപനത്തിന്റെ വിശാല മനസ്സാണെന്ന് അദ്ദേഹം പറഞ്ഞു. കുടുംബം അടുത്തിടെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഭാര്യ: സുലൈഖ. ദുബൈയിൽ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന നിഹാൽ, വിദ്യാർഥിയായ നഹ്ല എന്നിവർ മക്കളാണ്. നിഷ്കളങ്കമായ സൗഹൃദവും ഊഷ്മളമായ ബന്ധങ്ങളുമാണ് നാട്ടിലേക്കു പോകുന്നതിലൂടെ നഷ്ടമായി തോന്നുന്നതെന്ന് ലത്തീഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.