മസ്കത്ത്: ഒമാനിലെ സുപ്രധാന ഗതാഗത പദ്ധതികളിൽ ഒന്നായ അൽ ബാത്തിന എക്സ്പ്രസ്വേ ഏപ്രിൽ അവസാനത്തോടെ പൂർണമായി ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രാലയം അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മസ്കത്ത് എക്സ്പ്രസ്വേ അവസാനിക്കുന്ന ഹൽബാൻ ഇൻറർസെക്ഷനിൽനിന്ന് യു.എ.ഇ അതിർത്തിയായ ഖത്മത്ത് മലാഹ വരെ നീളുന്നതാണ് ബാത്തിന എക്സ്പ്രസ്വേ. ആറുഘട്ടങ്ങളിൽ രണ്ടെണ്ണം ഇതിനകം ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ ഗതാഗത വാർത്താവിനിമയ മന്ത്രാലയം മന്ത്രി ഡോ. അഹമ്മദ് അൽ ഫുതൈസിയുടെ സാന്നിധ്യത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രാലയത്തിെൻറ ഇൗ വർഷത്തെ വിവിധ വികസന പരിപാടികളും പ്രഖ്യാപിച്ചു.
ദുകം വിമാനത്താവളത്തിലെ യാത്രക്കാരുടെ ടെർമിനൽ ഇൗവർഷം രണ്ടാം പകുതിയോടെ തുറക്കുമെന്ന് മന്ത്രി ഫുതൈസി പറഞ്ഞു. സൊഹാർ വിമാനത്താവളത്തിലേക്ക് കൂടുതൽ സ്വകാര്യ നിക്ഷേപകരെ ആകർഷിക്കാൻ ശ്രമങ്ങൾ നടത്തും. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനോട് ചേർന്ന് എയർപോർട്ട് ഫ്രീസോണും ഷിപ്പിങ് ഗ്രാമവും നിർമിക്കുമെന്നും മന്ത്രി പറഞ്ഞു. റുസൈൽ-ബിദ്ബിദ് റോഡ് ഇരട്ടിപ്പിക്കാൻ നടപടിയെടുക്കും. അൽ ശർഖിയ എക്സ്പ്രസ് റോഡിെൻറ നാലാംഘട്ടമായ വാദി അൽ ഉക്ക് റോഡ് ഇൗ വർഷം തുറക്കും. ദിബ്ബ-ലിമ-കസബ് റോഡ് നിർമാണത്തിന് കരാർ നൽകി. ദാഹിറ ഗവർണറേറ്റിനെയും സൊഹാർ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന ഇരട്ടപ്പാതയുടെയും ഇബ്രി റിങ് റോഡിെൻറയും കരാർ ഇൗ വർഷം നൽകുമെന്നും ഫുതൈസി പറഞ്ഞു.
നിലവിൽ 943 സ്ക്വയർ മീറ്റർ ദൈർഘ്യമുള്ള റോഡ്, ടണൽ നിർമാണ പദ്ധതികളാണ് നടന്നുവരുന്നത്. 1.3 ശതകോടി റിയാൽ ആണ് ഇതിന് ചെലവ്. ഷിനാസ്, കസബ് തുറമുഖത്ത് സ്വകാര്യ നിക്ഷേപകർക്ക് അവസരങ്ങൾ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. സുവൈഖ് തുറമുഖം വാണിജ്യ തുറമുഖമായി പരിവർത്തിപ്പിക്കും. സൊഹാർ, സലാല തുറമുഖങ്ങൾ വഴിയുള്ള ധാതു കയറ്റുമതി പ്രതിവർഷം 15 മെട്രിക് ടൺ വീതമായി ഉയർത്തും. തുറമുഖങ്ങളുടെ ചരക്ക് കൈമാറ്റം ചെയ്യുന്നതിനുള്ള ശേഷി പത്തു ശതമാനവും അതിന് മുകളിലുമായി ഉയർന്നിട്ടുണ്ട്. തുറമുഖങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും ഫ്രീ സോണുകളുടെ മത്സരക്ഷമത വർധിപ്പിക്കാനും പ്രത്യേക സംവിധാനം നിലവിൽ വരും. ചരക്കുഗതാഗത മേഖലയിലെ തൊഴിലാളികൾക്കായി വിവിധ പരിശീലന പദ്ധതികൾ നടപ്പിൽവരുത്തുെമന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.