വീണ്ടും യാത്രക്കാരെ വലച്ച്​ എയർഇന്ത്യ എക്സ്​പ്രസ്​

മസ്കത്ത്​: അനിശ്​ചിതമായി വിമാനം വൈകിപ്പിക്കുന്ന എയർഇന്ത്യ എക്സ്​പ്രസിന്‍റെ ക്രൂരവിനോദത്തിന്​ അറുതിയില്ല. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക്​ മസ്കത്തിൽ നിന്ന്​ കോഴിക്കോടേക്ക്​ പുറ​പ്പെടേണ്ട വിമാനം പറന്നത്​ രാത്രി 11.45ന്​. സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധി യാത്രക്കാർ ഇതുമൂലം മണിക്കൂറുകൾ വിമാനത്താവളത്തിൽ കുടുങ്ങി.

ഒരു മണിക്ക്​ പുറപ്പെടേണ്ട വിമാനം വൈകുമെന്നും 4.20ന്​ പുറപ്പെടുമെന്നും യാത്രക്കാർക്ക്​ അറിയിപ്പ്​ ലഭിച്ചിരുന്നു. ഇതനുസരിച്ച്​ വിമാനത്താവളത്തിലെത്തിയ യാത്രക്കാരോട്​ രാത്രി 10.20ന്​ മാത്രമേ പുറപ്പെടാനാവൂ എന്ന്​ പിന്നീട്​ തിരുത്തിപ്പറയുകയായിരുന്നു. ഇതനുസരിച്ച്​ കാത്തിരുന്നെങ്കിലും വീണ്ടും വൈകി 11.45നാണ്​ അവസാനം വിമാനം പുറപ്പെട്ടത്​.

ബോഡിങ്​പാസ് നല്‍കിയ ശേഷമാണ്‌ സമയ‌മാറ്റം അറിയിച്ചതെന്ന്​ യാത്രക്കാരനായ തൃശൂർ സ്വദേശി കബീര്‍ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. രണ്ടാഴ്ചത്തെ ലീവിൽ ചികിത്സാവശ്യാർഥം നാട്ടിലേക്ക്​ പുറപ്പെട്ട തനിക്ക്​ ഒരു ദിവസം വിമാനത്താവളത്തിൽ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിയന്തിര ആവശ്യങ്ങൾക്ക്​ പുറപ്പെട്ട മറ്റു നിരവധി പേരും വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിന്‍റെ വൈകൽ വലിയ ദുരിതമായെന്ന്​ മറ്റൊരു യാത്രക്കാരനായ മത്രയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ ഏഴര സ്വദേശി മഹ്റൂഫ്​ പറഞ്ഞു. അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിയുന്ന പിതാവിനെ കാണാനായി നാട്ടിലേക്ക്​ പുറപ്പെട്ടതാണ്​ ഇദ്ദേഹം.

കഴിഞ്ഞ ശനിയാഴ്ച കണ്ണൂരിലേക്ക്​ പോകേണ്ട എയർഇന്ത്യ എക്സ്​പ്രസ്​ വിമാനം 12മണിക്കൂർ വൈകിയിരുന്നു. തൊട്ടുമുമ്പത്തെ ആഴ്ചയിൽ തിരുവനന്തപുരം, കോഴിക്കോട്​ വിമാനങ്ങളും വൈകി. തുടർച്ചയായ വൈകലിൽ യാത്രക്കാർക്കിടയിൽ പ്രതിഷേധം ശക്​തമാണ്​.

Tags:    
News Summary - Air India Express flight delayed by hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.