മസ്കത്ത്: സലാല റോഡിൽ വീണ്ടും വാഹനാപകടം. മസ്കത്തിൽനിന്ന് 350 കിലോമീറ്ററോളം അകലെ ദാഖിലിയ ഗവർണറേറ്റിലെ ആദം വിലായത്തിലെ ഖർനുൽ അലമിൽ ചൊവ്വാഴ്ച രാത്രി മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. കുട്ടികളടക്കം 12 പേർക്ക് പരിക്കുണ്ട്. യു.എ.ഇ സ്വദേശിനിയും മകനും സൗദിക്കാരിയായ സ്ത്രീയുമാണ് മരിച്ചത്. രണ്ടു വാഹനങ്ങൾ അപകടത്തിെൻറ ആഘാതത്തിൽ തീപിടിച്ച് കത്തിനശിച്ചു.
ചൊവ്വാഴ്ച രാത്രി എട്ടിനാണ് അപകടമുണ്ടായത്. സൗദി, യു.എ.ഇ രജിസ്ട്രേഷൻ വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടമൊഴിവാക്കാൻ വെട്ടിച്ച വാഹനങ്ങളിലൊന്ന് ഒമാൻ സ്വദേശികൾ സഞ്ചരിച്ച കാറിലും ഇടിക്കുകയായിരുന്നു. സൗദി രജിസ്ട്രേഷൻ വാഹനത്തിൽ കുടുംബത്തിെല ഒമ്പത് പേരും യു.എ.ഇ വാഹനത്തിൽ നാലു കുട്ടികളടക്കം ആറുപേരും ഒമാനി വാഹനത്തിൽ രണ്ടുപേരുമാണ് ഉണ്ടായിരുന്നത്. യു.എ.ഇ സ്വദേശികൾ തൽക്ഷണം മരിച്ചു. സൗദി സ്ത്രീ ആശുപത്രിയിലാണ് മരിച്ചത്. പരിക്കേറ്റവരെ നിസ്വ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. സലാലയിലേക്ക് ഖരീഫ് സീസൺ ആസ്വദിക്കാൻ പോയവരും തിരിച്ചുവരുന്നവരുമാണ് അപകടത്തിൽപെട്ടതെന്നാണ് അറിയുന്നത്.
മൂന്നു മാസ കാലയളവിനിടെ സലാല റോഡിൽ ഉണ്ടാകുന്ന നാലാമത്തെ വലിയ അപകടമാണിത്. ഇതിൽ മൂന്നു അപകടങ്ങളും ഖർനുൽ അലമിൽ തന്നെയാണ് നടന്നത്. കഴിഞ്ഞ മാസം 14ന് സന്ധ്യക്ക് ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് യമൻ സ്വദേശികളും രണ്ടു യു.എ.ഇ പൗരന്മാരും മരിച്ചിരുന്നു. മേയ് 19ന് മസ്കത്തിൽനിന്ന് സലാലയിലേക്ക് പോയ ഗൾഫ്ലൈൻ ട്രാൻസ്പോർട്ട് ബസും സലാലയിൽനിന്ന് ദുബൈയിലേക്ക് പോയ ഗൾഫ് ട്രാൻസ്പോർട്ട് കമ്പനി ബസും കൂട്ടിയിടിച്ച് മൂന്നുപേരും മരിച്ചു. ഏപ്രിൽ 28ന് പുലർച്ചെ ഹൈമയിൽ മസ്കത്തിൽനിന്ന് സലാലയിലേക്ക് വന്ന സലാല ലൈൻ ട്രാൻസ്പോർട്ട് കമ്പനിയുടെ ബസും ട്രെയിലറും കൂട്ടിയിടിച്ച് ഇന്ത്യക്കാരനടക്കം രണ്ടു പേരാണ് മരിച്ചത്. ഖരീഫ് സീസൺ ആരംഭിച്ചശേഷം കഴിഞ്ഞ പത്തിന് സലാല -തുംറൈത്ത് റോഡിൽ കാറുകൾ കൂട്ടിയിടിച്ച് യു.എ.ഇ സ്വദേശിയും മരിച്ചിരുന്നു.
ഖരീഫ് സീസണിൽ വർധിക്കുന്ന വാഹനാപകടങ്ങൾ ഒഴിവാക്കാൻ ലക്ഷ്യമിട്ട് റോയൽ ഒമാൻ പൊലീസ് വ്യാപക ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിവരവെയാണ് കഴിഞ്ഞ ദിവസമുണ്ടായ ദാരുണമായ അപകടം.
ഒറ്റവരിപ്പാതയായ സലാല റൂട്ടിലെ അപകട സാധ്യതയേറിയ ആദം-തുംറൈത്ത് റൂട്ടിെൻറ ഭാഗമാണ് ഖറൻ അൽ ആലം. മരുഭൂമിക്ക് നടുവിലൂടെയുള്ള റോഡിൽ അമിതവേഗത്തിൽ വാഹനങ്ങൾ മറികടക്കുന്നതാണ് അപകടങ്ങൾക്ക് പ്രധാന കാരണം. നല്ല വേഗതയിലായിരിക്കും വാഹനങ്ങളുടെ വരവ് എന്നതിനാൽ അപകടങ്ങളുടെ ആഘാതവും വർധിക്കും. കഴിഞ്ഞ വർഷങ്ങളിലൊക്കെയായി മലയാളികളടക്കം നിരവധി പേരുടെ ജീവനാണ് ഖരീഫ് സീസണിൽ ഇൗ പാതയിൽ പൊലിഞ്ഞിട്ടുള്ളത്. ദീർഘദൂര യാത്ര ശീലമില്ലാത്തവർ വാഹനമോടിക്കുന്നതാണ് പ്രധാനമായും അപകടങ്ങൾക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വളവുകളില്ലാതെ നീണ്ടുകിടക്കുന്ന റോഡിൽ പരിചയസമ്പന്നരല്ലാത്തവർ അമിതവേഗമെടുക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.
സലാല-റൂട്ടിൽ സുരക്ഷിത യാത്രയൊരുക്കുക ലക്ഷ്യമിട്ട് ആരംഭിച്ച ആദം -തുംറൈത്ത് റോഡിെൻറ ഇരട്ടിപ്പിക്കൽ ജോലികൾ നടന്നുെകാണ്ടിരിക്കുകയാണ്. രണ്ടുവരി പാത പൂർത്തിയാകുന്നതോടെ അപകടങ്ങളുടെ എണ്ണം കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത്തവണ ഖരീഫ് സീസണിൽ റോഡുമാർഗം എത്തിയവരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൂടുതൽ സഞ്ചാരികളും വിമാനമാർഗമാണ് എത്തിയത്. സലാല അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തതും ബജറ്റ് എയർലൈനായ സലാം എയർ അടക്കം കൂടുതൽ സർവിസുകൾ ആരംഭിച്ചതും സഞ്ചാരികൾക്ക് ഉപകാരപ്രദമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.