മസ്കത്ത്: കെട്ടിട നിർമാണ അവശിഷ്ടങ്ങൾ അനധികൃതമായി തള്ളുന്നത് തടയാൻ ട്രക്കുകളിൽ ട്രാക്കിങ് സംവിധാനം ഉടൻ നിർബന്ധമാക്കും. നിർമാണ അവശിഷ്ടങ്ങൾ കൊണ്ടുപോകുന്ന എല്ലാ വാഹനങ്ങളിലും ട്രാക്കിങ് സംവിധാനം നിർബന്ധമായും സ്ഥാപിക്കണമെന്ന് വാഹനയുടമകൾക്ക് ഉടൻ നിർദേശം നൽകുമെന്ന് എൻവയോൺമെന്‍റ് അതോറിറ്റിയിലെ ഉന്നത വൃത്തങ്ങൾ അറിയിച്ചു.
ഒരു ലക്ഷം ട്രക്കുകളിൽ വെഹിക്കിൾ മോണിറ്ററിങ് സിസ്റ്റം (ഐ.വി.എം.എസ്) ഉപകരണങ്ങൾ ഘടിപ്പിക്കുമെന്ന് എൻവയോൺമെന്‍റ് അതോറിറ്റിയിലെ കെമിക്കൽ മെറ്റീരിയൽസ് ഡിപ്പാർട്മെന്‍റ് ഡയറക്ടർ ഡോ. മുഹമ്മദ് മാജിദ് അൽ കസ്ബി പറഞ്ഞു. നിർമാണ അവശിഷ്ടങ്ങൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അനധികൃതമായി തള്ളുന്നത് പരിസ്ഥിതിക്ക് ദോഷം വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് നടപ്പാക്കിയോയെന്ന് പരിശോധിക്കാൻ എൻവയോൺമെന്‍റ് അതോറിറ്റിയിലെയും ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിലെയും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെയും പ്രതിനിധികളടങ്ങുന്ന സംഘത്തെ നിയോഗിക്കും.
എല്ലാ ഉടമകളും തങ്ങളുടെ വാഹനങ്ങളിൽ ഐ.വി.എം.എസ് ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇവരുടെ ജോലി. അനുവദനീയമല്ലാത്ത സ്ഥലങ്ങളിലും റസിഡൻഷ്യൽ ഏരിയകളിലും വൻ തോതിൽ നിർമാണ അവശിഷ്ടങ്ങൾ തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. നിർമാണ അവശിഷ്ടങ്ങൾ തള്ളുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ഡോ. മുഹമ്മദ് മാജിദ് അൽ കസ്ബി പറഞ്ഞു. ഇത്തരം അവശിഷ്ടങ്ങൾ തരംതിരിച്ച് റീസൈക്കിൾ ചെയ്ത് ഉപയോഗിക്കാൻ കഴിയുന്നവ കണ്ടെത്താനും ഇതുമൂലം കഴിയും.
കെട്ടിട അവശിഷ്ടങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ ലൈസൻസ് പുതുക്കാത്തവയെ കണ്ടെത്താൻ റോയൽ ഒമാൻ പൊലീസിലെ പ്രതിനിധികളെ ഉൾപ്പെടുത്തി ടീം രൂപവത്കരിച്ചിട്ടുണ്ട്. രാജ്യത്തിന് പുറത്തേക്ക് വേസ്റ്റുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ പരിശോധിക്കാൻ അതിർത്തികളിൽ വേബ്രിഡ്ജുകൾ സ്ഥാപിക്കുന്നത് പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. പേപ്പർ കാർട്ടനുകൾ, എണ്ണ-കെമിക്കൽ അവശിഷ്ടങ്ങൾ എന്നിവ എത്ര അളവിൽ കയറ്റിയയക്കുന്നുണ്ടെന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് പൊലീസുമായി ചേർന്ന് ഈ നീക്കം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.