സലാല ഇന്ത്യൻ സോഷ്യൽ ക്ലബ്​ തെരഞ്ഞെടുപ്പ് നാളെ

സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് സലാലയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള എക്‍സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളുടെ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. ഉച്ചക്ക് 1.30 ന് ആരംഭിക്കുന്ന ജനറൽ ബോഡിക്ക് ശേഷമാകും തെരഞ്ഞെടുപ്പ് നടക്കുക.വോട്ടിങ് അവകാശമുള്ള 510 അംഗങ്ങളാണ് ആകെയുള്ളത്.  ഇതിൽ 260 പേർ മലയാളികളാണ്. 12 അംഗങ്ങൾ വേണ്ട എക്സിക്യൂട്ടീവിലേക്ക് 22 പേരാണ് മത്സര രംഗത്തുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന 12 പേരിൽനിന്ന് കൂടുതൽ വോട്ട് ലഭിക്കുന്നയാളാണ് പ്രസിഡൻറാവുക. 2007 മുതൽ പ്രസിഡൻറായി തുടരുന്ന മൻപ്രീത് സിങ് കടുത്ത മത്സരമാണ് ഈ വർഷം നേരിടുന്നത്. മുൻ ക്ലബ്  പ്രസിഡൻറും കോൺസുലാർ ഏജൻറുമായ കെ. സനാതനനാണ് മൻപ്രീതിന് എതിരായി മത്സരിക്കുന്നത്. 
മിനിസ്ട്രി ഓഫ് സോഷ്യൽ അഫയേഴ്സിലെ ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പിന് നേതൃത്വം വഹിക്കുക. കുറച്ച് വർഷങ്ങളായി സലാല ചീഫ് ടൗൺ പ്ലാനർ കെ.ജെ. ജോർജാണ് റീട്ടേണിങ് ഓഫിസർ.  ഈ വർഷവും അദ്ദേഹം തന്നെയായിരിക്കുമെന്നാണറിയുന്നത്. മസ്കത്ത് ഇന്ത്യൻ സോഷ്യൽ ക്ലബി​െൻറ നിരീക്ഷകനായി സി.എം. സർദാർ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ഇതാദ്യമായി മൂന്നു സ്ത്രീകൾ മത്സരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. 12 പേർക്ക് വോട്ട് ചെയ്യുന്നതിൽ ഒരാളെങ്കിലും സ്ത്രീയായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. 
 ഒരു വിഭാഗം ക്ലബ് ആസ്ഥാനത്ത് നടന്ന വികസന പ്രവർത്തനങ്ങളും, പ്രശ്നങ്ങളിലെ സജീവ ഇടപെടലും നാനാത്വത്തിൽ ഏകത്വവും ഉയർത്തിപ്പിടിച്ച് ഭരണ തുടർച്ചക്ക് 
വേണ്ടി വോട്ട് അഭ്യർഥിക്കുമ്പോൾ, മാറ്റത്തിന് സമയമായെന്നും കൂടുതൽ സുതാര്യതവേണമെന്നുമാണ് മറുവിഭാഗം ആവശ്യപ്പെടുന്നത്. 
തങ്ങളോട് അനുഭാവമുള്ള ഏഴുപേരെ എക്സിക്യൂട്ടിവിലേക്ക് ജയിപ്പിക്കാനാണ് ഓരോരുത്തരുടെയും ശ്രമം. നേരത്തേ, മൻപ്രീത് സിങ്ങിന് പിന്തുണ നൽകിയ ചില ഭാഷ വിങ്ങുകളെങ്കിലും ഈ പ്രാവശ്യം മാറ്റം ഉണ്ടാവണമെന്ന പക്ഷക്കാരാണ്. അതേസമയം , മൻപ്രീത് സിങ് കമ്മിറ്റിയിലേക്ക്  തെരഞ്ഞെടുക്കപ്പെടാൻ സാധ്യതയുണ്ടെങ്കിലും പ്രസിഡൻറായി സനാതനൻ വിജയിക്കുമെന്ന് കരുതുന്നവരുമുണ്ട്.  വർഷങ്ങളായി മൻപ്രീതിനെ പിന്തുണച്ച് പോരുന്ന ചിലരെങ്കിലും അവസാനത്തിൽ കൂറുമാറിയതായും അറിയുന്നു. ഏതായാലും ക്ലബ് രൂപവത്കരണത്തിന് ശേഷം ഇതുവരെയില്ലാത്ത വീറും വാശിയിലുമാണ് ഇപ്രാവശ്യത്തെ മത്സരം നടക്കുന്നത്. വാട്സ്  ആപ്പും ഫേസ്ബുക്കുമുൾെപ്പടെ സോഷ്യൽ മീഡിയയിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുകയാണ്.  പാനലായി മത്സരിക്കുന്നത് നിയമവിരുദ്ധമായതിനാൽ ഇരുവരും ഔദ്യോഗികമായി പാനലിന് വേണ്ടി വോട്ട് അഭ്യർഥിക്കുന്നില്ല. മാർച്ച് 31ന് രാത്രി 12 മണിയോടെയാകും അന്തിമഫലം പുറത്ത് വരുക.
പതിനായിരക്കണക്കിന് ഇന്ത്യക്കാർ ജോലിചെയ്യുന്ന സലാലയിൽ 500 പേരുടെ പ്രാതിനിധ്യം മാത്രമാണ് ഇന്ത്യൻ സോഷ്യൽ ക്ലബിനുള്ളത്. ഒമാനിലെ മറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബുകളുമായി താരതമ്യം ചെയ്യുമ്പോൾ സലാലയിലാണ് കൂടുതൽ അംഗങ്ങളെന്നതും ശ്രദ്ധേയമാണ്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.