ഒമാന്‍, അഴിമതി ഏറ്റവും കുറവുള്ള അറബ് രാഷ്ട്രങ്ങളില്‍ ഒന്ന് 

മസ്കത്ത്: കഴിഞ്ഞവര്‍ഷം അഴിമതി ഏറ്റവും കുറവുള്ള അറബ് രാഷ്ട്രങ്ങളില്‍ ഒന്നാണ് ഒമാനെന്ന് ട്രാന്‍സ്പാരന്‍സി ഇന്‍റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍െറ അഴിമതി അവബോധ സൂചിക (കറപ്ഷന്‍ പെര്‍സെപ്ഷന്‍ ഇന്‍ഡക്സ്) . 176 രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ള സൂചികയില്‍ ഒമാന് ആഗോളതലത്തില്‍ 64ാം സ്ഥാനമാണ് ഉള്ളത്. അറബ് രാഷ്ട്രങ്ങളില്‍ അഞ്ചാമതും ജി.സി.സി തലത്തില്‍ നാലാമതുമാണ് ഒമാന്‍െറ സ്ഥാനം. 
24ാം സ്ഥാനത്തുള്ള യു.എ.ഇയാണ് ജി.സി.സിയില്‍ ഒന്നാം സ്ഥാനത്ത്. ഖത്തര്‍ 31ാമതും ജോര്‍ഡന്‍ 57ാമതും സൗദി അറേബ്യ 62ാം സ്ഥാനത്തുമാണ്. ഒമാന് പിന്നിലുള്ള ബഹ്റൈന് സൂചികയില്‍ 70ാം സ്ഥാനവും കുവൈത്തിന് 75ാം സ്ഥാനവുമാണുള്ളത്. 
168 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയുള്ള 2015ലെ പട്ടികയില്‍ ഒമാന് 60ാം സ്ഥാനമായിരുന്നു ഉണ്ടായിരുന്നത്. 2015ലെ പോലെ ഇക്കുറിയും ഒമാന് ആകെ സ്കോര്‍ 45 ആണ്. യു.എ.ഇക്ക് 2015ല്‍ ലഭിച്ച സ്കോറായ 70 ഇക്കുറി 66 ആയി താഴ്ന്നു. ഖത്തറിന്‍േറത് 71ല്‍ നിന്ന് 61 ആയും സൗദി അറേബ്യയുടേത് 52ല്‍ നിന്ന് 46 ആയും ബഹ്റൈന്‍േറത് 51ല്‍ നിന്ന് 43 ആയും കുവൈത്തിന്‍േറത് 49ല്‍ നിന്ന് 41 ആയും കുറഞ്ഞു. 90 പോയന്‍റുള്ള ഡെന്‍മാര്‍ക്കിനാണ് ഒന്നാം സ്ഥാനം. ന്യൂസിലന്‍ഡ്,ഫിന്‍ലന്‍ഡ്, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാഷ്ട്രങ്ങളാണ് രണ്ടുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍. ഇന്ത്യക്ക് സൂചികയില്‍ 79ാം സ്ഥാനമാണുള്ളത്. കഴിഞ്ഞ തവണ 38 ആയിരുന്ന സ്കോര്‍ 40 ആയി ഇന്ത്യ ഉയര്‍ത്തിയിട്ടുണ്ട്.  വിദഗ്ധാഭിപ്രായങ്ങള്‍ക്ക് പുറമെ, പ്രത്യേക ഒപീനിയന്‍ പോളുകള്‍ അടക്കം വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സൂചിക തയാറാക്കിയിട്ടുള്ളത്. സര്‍ക്കാര്‍, പൊതുമേഖലകളിലെ അഴിമതിയെ കുറിച്ച് പ്രതിപാദിക്കുന്ന പ്രധാന ആഗോള സൂചികയാണ് കറപ്ഷന്‍ പെര്‍സെപ്ഷന്‍ സൂചിക. ഒമാനിലെ സ്റ്റേറ്റ് ഫനാന്‍ഷ്യല്‍ അഡ്മിനിസ്ട്രേറ്റിവ് ആന്‍ഡ് ഓഡിറ്റ് ഇന്‍സ്റ്റിറ്റ്യൂഷന്‍  ഓരോ വര്‍ഷവും ഇത്തരം സൂചികകള്‍ പഠന വിധേയമാക്കുകയും പ്രകടനം മെച്ചപ്പെടുത്താന്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്തുവരുന്നുണ്ട്. 
ഇതിന്‍െറ ഭാഗമായി സുപ്രീം കൗണ്‍സില്‍ ഫോര്‍ പ്ളാനിങ് സെക്രട്ടറി ജനറല്‍ അധ്യക്ഷനായി പ്രത്യേക കമ്മിറ്റി രൂപവത്കരിക്കാന്‍ മന്ത്രിസഭാ കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ അഡ്മിനിസ്ട്രേറ്റിവ് ആന്‍ഡ് ഓഡിറ്റ് ഇന്‍സ്റ്റിറ്റ്യൂഷനുമായി ചേര്‍ന്ന് ഈ കമ്മിറ്റിയാകും ആഗോള സൂചികകളിലെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുക. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.