ചെലവു ചുരുക്കല്‍ : ഒമാനില്‍ വാഹന വില്‍പനയില്‍ ഇടിവ് 

മസ്കത്ത്: സര്‍ക്കാര്‍ തലത്തിലും സ്വകാര്യ മേഖലയിലുമായുള്ള ചെലവ് ചുരുക്കല്‍ നടപടികള്‍ വാഹനവില്‍പനയെ ബാധിക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെ ഓരോ മാസത്തെയും കണക്കെടുക്കുമ്പോള്‍ വാഹനവില്‍പനയില്‍ ക്രമമായ ഇടിവുണ്ടാക്കിയതായി ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നു.
2016ല്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.9 ശതമാനത്തിന്‍െറ കുറവാണ് ഉണ്ടായത്. 2015ല്‍  74,113 സ്വകാര്യ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ കഴിഞ്ഞവര്‍ഷം അത് 68,991 ആയാണ് കുറഞ്ഞത്. 
ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ രജിസ്ട്രേഷനിലുണ്ടായ കുറവ് യഥാക്രമം 5400, 4533, 4300 എന്നിങ്ങനെയാണ്. വാണിജ്യ വാഹനങ്ങളുടെ രജിസ്ട്രേഷനില്‍ 23.9 ശതമാനത്തിന്‍െറ ഇടിവാണ് ഉണ്ടായത്. 2015ല്‍ 68991 ആയിരുന്നത് 19,906 ആയാണ് കുറഞ്ഞത്. റെന്‍റല്‍ വിഭാഗത്തില്‍ 18.7 ശതമാനത്തിന്‍െറയും ടാക്സി വിഭാഗത്തില്‍ 19.3 ശതമാനത്തിന്‍െറയും മോട്ടോര്‍ ബൈക്കുകളുടെ വിഭാഗത്തില്‍ 29.4 ശതമാനത്തിന്‍െറയും നയതന്ത്ര കാര്യാലയങ്ങളിലേക്കുള്ള വാഹനങ്ങളുടെ വിഭാഗത്തില്‍ 19.2 ശതമാനത്തിന്‍െറയും കുറവാണ് ഉണ്ടായത്. 1,366,148 വാഹനങ്ങളാണ് ഒമാന്‍ നിരത്തുകളില്‍ ഉള്ളതെന്നും ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍ പറയുന്നു. 
ഒമാനില്‍ പാസഞ്ചര്‍ കാര്‍ വിഭാഗത്തില്‍ ചെറിയ വളര്‍ച്ചക്ക് മാത്രമാണ് സാധ്യതയുള്ളതെന്നാണ് ബിസിനസ് മോണിറ്റര്‍ ഇന്‍റര്‍നാഷനലിന്‍െറ പഠന റിപ്പോര്‍ട്ട് പറയുന്നത്. 2017 മുതല്‍ 2020 വരെ കാലഘട്ടത്തില്‍ മൊത്തം എട്ട് ശതമാനത്തിന്‍െറ വളര്‍ച്ചയാണ്  ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം മൊത്തം വാഹനങ്ങളുടെ വില്‍പന 2.5 ശതമാനമായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2018 മുതല്‍ 2020 വരെ 1.1 ശതമാനം മുതല്‍ 2.6 ശതമാനം വരെയായിരിക്കും ആകെ വാഹന വില്‍പനയിലെ വര്‍ധനയെന്നും റിപ്പോര്‍ട്ട് പറയുന്നു. 
ചെലവഴിക്കലിലെ കര്‍ശന നിയന്ത്രണത്തെ തുടര്‍ന്ന് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍നിന്ന് പുതിയ വാഹനങ്ങളുടെ അന്വേഷണം കുറഞ്ഞതായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഒഴിവാക്കാന്‍ കഴിയാത്ത അത്യാവശ്യമുള്ളവര്‍ മാത്രമാണ് പുതിയ വാഹനങ്ങള്‍ വാങ്ങുന്നത്. ഇന്ധനക്ഷമതയുള്ള വാഹനത്തിനൊപ്പം അറ്റകുറ്റപ്പണി, വില്‍പനാനന്തര സേവനം എന്നിവയും മുമ്പെങ്ങുമില്ലാത്തവിധം ഉപഭോക്താക്കള്‍ പരിഗണിക്കുന്നുണ്ട്. ലക്ഷ്വറി, പ്രീമിയം ബ്രാന്‍ഡ് വാഹനങ്ങളുടെ വിഭാഗത്തിലാണ് വില്‍പന സമ്മര്‍ദം ഏറെയും. അറ്റകുറ്റപ്പണിയുടെ ചെലവും സ്പെയര്‍ പാര്‍ട്സുകളുടെ ലഭ്യതയും ഉപഭോക്താക്കളെ പിന്നാക്കം വലിക്കുന്നുണ്ട്. 
പുതിയ വാഹനം വാങ്ങുന്ന പ്രവാസികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. പ്രവാസികള്‍ കൂടുതല്‍ പേരും സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളാണ് തെരഞ്ഞെടുക്കുന്നതെന്നും ഈ മേഖലയിലുള്ളവര്‍ പറയുന്നു. ജി.സി.സിയിലെ മൂന്നാമത്തെ വലിയ വാഹന വിപണിയാണ് ഒമാന്‍. 2014ല്‍ എണ്ണവില ഇടിഞ്ഞുതുടങ്ങിയത് മുതല്‍ ഒമാനില്‍ വാഹനങ്ങളുടെ വില്‍പനയില്‍ കുറവ് ദൃശ്യമാണ്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.