സലാം എയര്‍ ഒമാന്‍ ആകാശത്ത് ഇന്ന് പറന്നുയരും

മസ്കത്ത്: സുല്‍ത്താനേറ്റിന്‍െറ വ്യോമയാന ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് ബജറ്റ് വിമാനക്കമ്പനിയായ സലാം എയറിന്‍െറ ആദ്യ സര്‍വിസ് ഇന്ന് നടക്കും. രാവിലെ 10.05ന് സലാലയില്‍നിന്ന് മസ്കത്തിലേക്കാണ് ആദ്യ സര്‍വിസ്. വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലാണ് സലാം എയറിന്‍െറ കന്നി സര്‍വിസെന്ന് സലാം എയര്‍ ചെയര്‍മാന്‍ എന്‍ജിനീയര്‍ ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ യഹ്മദി, സി.ഇ.ഒ ഫ്രാന്‍സോ ബ്യൂട്ട്ലിയര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
എ320 എയര്‍ബസ് ഇനത്തില്‍ പെടുന്ന വിമാനമാണ് സര്‍വിസ് നടത്തുക. സലാലയിലെ പുരാതന സംസ്കാരത്തിന്‍െറ കേന്ദ്രമായ ‘സംഹറ’ത്തിന്‍െറ പേരാണ് ആദ്യ വിമാനത്തിന് നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രതിദിനം മൂന്നുമുതല്‍ നാലു സര്‍വിസുകള്‍ വരെയാകും നടത്തുക. 174 ഇക്കോണമി ക്ളാസ് സീറ്റുകളാണ് വിമാനത്തിലുള്ളത്. തികച്ചും സൗഹാര്‍ദപരമായ നിരക്കുകളാണ് സലായിലേക്കുള്ളത്. ഏറ്റവും കുറഞ്ഞ നിരക്കായ ലൈറ്റ് ഫെയര്‍ വിഭാഗത്തില്‍ ഏഴു കിലോ ഹാന്‍ഡ് ലഗേജ് മാത്രമാണ് അനുവദനീയം.
 20കിലോ ബാഗേജ് അലവന്‍സ് ലഭ്യമാക്കുന്ന ഫ്രന്‍ഡ്ലി ഫെയര്‍, യാത്രാ തീയതി അധികനിരക്കില്ലാതെ മാറ്റാനാകുന്ന ഫ്ളെക്സി ഫെയര്‍ എന്നിങ്ങനെയാണ് ടിക്കറ്റുകള്‍ ഉണ്ടാവുക. 
നിലവില്‍ മൂന്നു വിമാനങ്ങളാണ് സലാം എയറിനുള്ളതെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ നാലുമുതല്‍ അഞ്ചുവരെ വിമാനങ്ങള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യം. രണ്ടു വര്‍ഷത്തിനുള്ളില്‍ മികച്ച ബജറ്റ് എയര്‍ലൈന്‍ കമ്പനിയായി വളര്‍ത്തിയെടുക്കും. മസ്കത്തില്‍നിന്ന് സലാലയിലേക്കുള്ള വിമാനയാത്രക്കാരില്‍ 20 മുതല്‍ 30 ശതമാനം വരെ വിപണി പങ്കാളിത്തമാണ് കമ്പനി ലക്ഷ്യമിടുന്നത്. സാമ്പത്തികം ഉള്‍പ്പെടെ വിഷയങ്ങളില്‍ സാധ്യതാപഠനത്തിന് ശേഷമാകും സലാം എയര്‍ സര്‍വിസ് നടത്തേണ്ട സ്ഥലങ്ങള്‍ തീരുമാനിക്കുകയെന്നും ചെയര്‍മാന്‍ പറഞ്ഞു. 
സലാലക്ക് ശേഷം ദുബൈയിലേക്ക് ഫെബ്രുവരി പകുതിയോടെ സര്‍വിസ് ആരംഭിക്കുമെന്ന് സി.ഇ.ഒ പറഞ്ഞു. തുടര്‍ന്ന് ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കും ശേഷം പാകിസ്താനിലെ കറാച്ചി, മുള്‍ത്താന്‍, സിയാല്‍കോട്ട് എന്നിവിടങ്ങളിലേക്കും സര്‍വിസുകള്‍ ആരംഭിക്കും. ഇന്ത്യയിലേക്ക് സര്‍വിസ് ആരംഭിക്കുന്ന വിഷയത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ളെന്നും ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്‍െറ അനുമതി അടക്കം വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും സി.ഇ.ഒ പറഞ്ഞു. ഒമാന്‍ എയറുമായി മത്സരിക്കാനല്ല, ഒരുമിച്ചു പ്രവര്‍ത്തിക്കാനാണ് സലാം എയര്‍ താല്‍പര്യപ്പെടുന്നതെന്നും സി.ഇ.ഒ കൂട്ടിച്ചേര്‍ത്തു. 
വാര്‍ത്താസമ്മേളനത്തിന് ശേഷം സയ്യിദ് തൈമൂര്‍ ബിന്‍ അസദ് അല്‍ സൈദിന്‍െറ രക്ഷാകര്‍തൃത്വത്തില്‍ നടന്ന പരിപാടിയില്‍ ‘സംഹറം’ വിമാനം വിശിഷ്ടാതിഥികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ഡോ. അഹ്മദ് മുഹമ്മദ് സാലെം അല്‍ ഫുതൈസി, അണ്ടര്‍ സെക്രട്ടറിമാര്‍, ഉപദേശകര്‍ തുടങ്ങി വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ സംബന്ധിച്ചു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.