മസ്കത്ത്: സ്വകാര്യ മേഖലയിലെ വിദേശി തൊഴിലാളികളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കണമെന്ന് മജ്ലിസുശ്ശൂറയില്‍ ആവശ്യം. ശൂറയെ അഭിസംബോധന ചെയ്ത മാനവ വിഭവശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രിക്ക് മുന്നിലാണ് ഈ നിര്‍ദേശമുയര്‍ന്നത്.
തൊഴില്‍ മാര്‍ക്കറ്റിന്‍െറ ക്രമപ്പെടുത്തല്‍ മാനവ വിഭവശേഷി വകുപ്പിന്‍െറ മത്രം വിശേഷാധികാരമല്ളെന്ന് ഈ വിഷയത്തില്‍ മന്ത്രി മറുപടി നല്‍കി. തൊഴില്‍ മേഖലയിലെ തെറ്റായ പ്രവണതകള്‍ തടയാന്‍ എല്ലാ വകുപ്പുകളുടെയും ഏകോപിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒളിച്ചോടുന്ന തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, സ്വദേശികള്‍ക്ക് സ്വകാര്യമേഖലയിലെ തൊഴിലുകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തല്‍ തുടങ്ങി നിരവധി വിഷയങ്ങളും മാനവ വിഭവശേഷി മന്ത്രിയുമായുള്ള ശൂറയുടെ സെഷനില്‍ പരിഗണനക്ക് വന്നു.വിദേശ തൊഴിലാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്, പ്രത്യേകിച്ച് വേതനത്തിന് ആനുപാതികമല്ലാത്ത തുക അയക്കുന്നവരില്‍നിന്ന് നികുതി ഈടാക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നു. നിലവില്‍ ഓരോ വര്‍ഷവും ശരാശരി 11 ശതകോടി ഡോളറാണ് ഒമാനില്‍നിന്ന് പുറത്തേക്ക് അയക്കുന്നത്. വിദേശ തൊഴിലാളികളുടെ മൊത്തം വേതനം കണക്കിലെടുക്കുമ്പോള്‍ ഇത് ഉയര്‍ന്നതാണെന്ന് യോഗം വിലയിരുത്തി.
നിലവില്‍ സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ 81.8 ശതമാനവും വിദേശികളാണ്. വിദേശികളുടെ ഒഴുക്ക് തുടര്‍ന്നാല്‍ പത്തുവര്‍ഷത്തിന് ശേഷം ജനസംഖ്യയുടെ 60 മുതല്‍ 65 ശതമാനം വരെ വിദേശികള്‍ ആയിത്തീരും.
മൊത്തം ജനസംഖ്യയുടെ 33 ശതമാനത്തിന് മുകളില്‍ വിദേശികളുടെ എണ്ണം ഉയരാന്‍ അനുവദിക്കരുതെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ജനസംഖ്യയുടെ 30 ശതമാനത്തിലധികം വിദേശി ജനസംഖ്യ ഉയരരുതെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍, നിലവില്‍ വിദേശികളുടെ എണ്ണം ഇതിലും ഉയരത്തിലാണ്. രാജ്യത്തിന്‍െറ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്, പ്രത്യേകിച്ച് നിര്‍മാണമേഖലയില്‍ വിദേശതൊഴിലാളികളെ കൂടുതലായി വേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. നിര്‍മാണമേഖലയിലെ തൊഴിലിനോട് സ്വദേശികള്‍ താല്‍പര്യമെടുക്കുന്നില്ളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉയര്‍ന്ന തസ്തികയില്‍ തൊഴിലെടുക്കുന്ന ഒമാനികളുടെ എണ്ണം 2010ല്‍ 14.3 ശതമാനമായിരുന്നത് കഴിഞ്ഞവര്‍ഷം നവംബറില്‍ 22.9 ശതമാനമായി ഉയര്‍ന്നതായി ശൂറാ അംഗങ്ങളെ അറിയിച്ചു.
തൊഴിലന്വേഷകര്‍ക്കായി ഫെബ്രുവരിയില്‍ കരിയര്‍ ഫെയര്‍ സംഘടിപ്പിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. നാലായിരം എന്‍ജിനീയറിങ് ബിരുദധാരികളടക്കം 55,000 സ്വദേശികള്‍ തൊഴിലന്വേഷകരായി ഉണ്ടെന്ന് ഒരംഗം അറിയിച്ചു. അതേസമയം, 3.67 ലക്ഷം വിദേശി എന്‍ജിനീയര്‍മാര്‍ സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നുമുണ്ട്.
സാമൂഹിക ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കുള്ള ഫീസായ 17 ദശലക്ഷം റിയാല്‍ അടക്കാതെ വലിയ സ്ഥാപനങ്ങള്‍ ഒഴിഞ്ഞുമാറുന്നതായും അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചു. പുതുതായി ജോലി ലഭിക്കുന്നവര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ലോണ്‍ ലഭിക്കാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും ആവശ്യമുയര്‍ന്നു. പരസ്പര വിശ്വാസത്തിലധിഷ്ഠിതമായ ബന്ധം വളര്‍ത്തിയെടുക്കാന്‍ തൊഴിലാളിയെയും തൊഴിലുടമയെയും പ്രേരിപ്പിക്കേണ്ടതുണ്ട്. നിലവിലെ പഞ്ചവത്സര പദ്ധതി കാലയളവില്‍ രണ്ടുലക്ഷം തൊഴിലവസരങ്ങളെങ്കിലും സൃഷ്ടിക്കേണ്ടതിന്‍െറ ആവശ്യകത ഊന്നിപറഞ്ഞ അംഗങ്ങള്‍ സ്വദേശികളുടെ കുറഞ്ഞ വേതനം പുനരവലോകനം ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞു.
സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ 55 ശതമാനം സ്വദേശികള്‍ക്ക് 500 റിയാലില്‍ താഴെയാണ് ശമ്പളം ലഭിക്കുന്നത്.
സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനായി 12,000 തൊഴിലാളികള്‍ സ്വകാര്യമേഖലയില്‍നിന്ന് ജോലി രാജിവെച്ചതായാണ് കണക്കുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.