റുസ്താഖ്: പച്ചപ്പിനെ പ്രണയിക്കുന്നവർക്ക് കാഴ്ചയുടെ വിശാലതയൊരുക്കുന്ന സ്ഥലമാണ് റുസ്താഖ് വിലായത്തിലെ വാദി അൽ സഹ്തീൻ. വിവിധ വിളകൾ കായ്ച്ചുനിൽക്കുന്ന വിശാലമായ കൃഷിത്തോട്ടങ്ങളും മലമുകളിൽ നിന്ന് ഒഴുകിയെത്തുന്ന അരുവികളും ഇവിടെയെത്തുന്നവരെ ഏറെ ആകർഷിക്കും. ചോളം, ഗോതമ്പ്, വെള്ളക്കടല, പയർ, വെളുത്തുള്ളി, ഉള്ളി, നാരങ്ങ, മുള്ളങ്കി തുടങ്ങിയവയാണ് ഇവിടത്തെ തോട്ടങ്ങളിൽ ധാരാളമായി വിളഞ്ഞുനിൽക്കുന്നത്. റുസ്താഖിലെ മാർക്കറ്റിലാണ് കർഷകർ ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതെന്ന് വാദി അൽ സഹ്തീനിലെ താമസക്കാരനായ ഖലഫ് ബിൻ സാലെഹ് അൽ അബ്രി പറയുന്നു. നേരത്തെ ജബൽ അഖ്ദറിലെയും ബാത്തിന തീരത്തെയും കർഷകർ ഇൗ മാർക്കറ്റിലാണ് എത്തിയിരുന്നതെന്നും ഖലഫ് പറയുന്നു.
തേനീച്ചകളുടെ പ്രജനനത്തിലും തേൻ ഉൽപാദനത്തിലും ഇവിടത്തെ കർഷകർ താൽപര്യമെടുക്കുന്നുണ്ട്. തേനീച്ചകൾ കൂടുകൂട്ടാൻ ഏറെ താൽപര്യപ്പെടുന്ന മരങ്ങൾ ഇവിടത്തെ തോട്ടങ്ങളിൽ ധാരാളമായി വളരുന്നുണ്ട്. ഇറച്ചി, പാൽ തുടങ്ങിയവയുടെ ആവശ്യത്തിനായി കർഷകർ ആടുമാടുകളെയും ധാരാളമായി വളർത്തിവരുന്നുണ്ട്. നൂൽനൂൽപ്പും നെയ്ത്തുമൊക്കെയാണ് ഇവിടത്തുകാരുടെ മറ്റ് പ്രധാന ജോലികൾ. ഒമാനി പാരമ്പര്യവുമായി ബന്ധപ്പെട്ട കത്തികളും കഠാരകളും നിർമിക്കുന്നവരും ഇവിടെയുണ്ട്. അൽ നഖ്ലയിലുള്ള ഡേറ്റ് പാം സെൻററാണ് മറ്റൊരു പ്രധാന വ്യവസായം. പബ്ലിക് അതോറിറ്റി ഫോർ ക്രാഫ്റ്റ് ഇൻഡസ്ട്രീസുമായി ചേർന്നാണ് ഇത് പ്രവർത്തിക്കുന്നത്. ചരിത്രപ്രാധാന്യമുള്ള നിരവധി ഗോപുരങ്ങളും കോട്ടകളും ഇൗ ഗ്രാമത്തിലെ കാഴ്ചകളാണ്. അൽ സാഫിൽ കോട്ട, അൽ ശാരിയ കോട്ട, ഒമാക്ക് കോട്ട, ഹുബായിഷ് കോട്ട എന്നിവ ഇതിൽ ചിലതാണ്. ബി.സി മൂന്നാം നൂറ്റാണ്ട് മുതൽ ഒന്നാം നൂറ്റാണ്ട് വരെ പഴക്കമുള്ള പുരാവസ്തു ലിഖിതങ്ങൾ ഇൗ താഴ്വരയിൽ നടത്തിയ ഉദ്ഖനനത്തിൽനിന്ന് കണ്ടെത്തിയിരുന്നു. പുരാതനകാലത്ത് ഇവിടെ ജീവിച്ചിരുന്നവരുടെ രീതികളെ കുറിച്ചും മറ്റുമുള്ള പഠനത്തിന് ഉദ്ഖനനത്തിൽ കണ്ടെടുത്ത പുരാവസ്തു ലിഖിതങ്ങൾ സഹായകരമായിരുന്നു.
മനോഹരമായ ഭൂപ്രകൃതിയാലും ഗ്രാമങ്ങളാലും അനുഗ്രഹിക്കപ്പെട്ട വാദി അൽ സഹ്തിൻ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിൽ ഒന്നായി വരുകയാണെന്ന് തെക്കൻ ബാത്തിന ഗവർണറേറ്റിലെ ടൂറിസം ഡിപ്പാർട്മെൻറ് ഡയറക്ടർ അലി ബിൻ അബ്ബാസ് അൽ അജ്മി പറഞ്ഞു. വാദി അൽ സഹ്തീനിലേക്കുള്ള പുതിയ റോഡ് നിർമാണം പൂർത്തിയായി വരുകയാണ്. ഇതിനുശേഷം ഇവിടത്തെ ടൂറിസം മേഖലക്ക് പുതു ഉൗർജം കൈവരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.