ഒമാനില്‍ ഹ്രസ്വകാല തൊഴില്‍ കരാറുകള്‍ വര്‍ധിക്കുന്നു

മസ്കത്ത്: എണ്ണവില ഇടിഞ്ഞതിനെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ അനുഭവപ്പെടുന്ന സാമ്പത്തിക പ്രതിസന്ധി ഒമാനിലെ തൊഴില്‍ മേഖലയെയും ബാധിക്കുന്നു. 
പുതിയ സാമ്പത്തിക സാഹചര്യത്തില്‍ ഹ്രസ്വകാല തൊഴില്‍ കരാറുകള്‍ ഉണ്ടാക്കുന്നത് വ്യാപിക്കുന്നതായി ജീവനക്കാര്‍ പറയുന്നു. വിദഗ്ധ തൊഴിലാളികളാണ് ഈ പ്രശ്നം കൂടുതല്‍ നേരിടുന്നത്.  തൊഴിലുടമകളും ജീവനക്കാരും ആറുമാസക്കാലത്തെ തൊഴില്‍ കരാറിലാണ് ഒപ്പുവെക്കുന്നത്. നിലവില്‍ ഒമാനിലെ നിരവധി കമ്പനികള്‍ പുതിയ നിയമനങ്ങള്‍ നടത്തുന്നില്ല. നിയമനം നടത്തുന്ന കമ്പനികള്‍ തന്നെ വിദേശികള്‍ പിരിഞ്ഞുപോവുന്ന ഒഴിവിലേക്ക് സ്വദേശികളെയാണ് നിയമിക്കുന്നത്. ജീവനക്കാരോട് ഹ്രസ്വകാല കരാറില്‍ ഒപ്പിടാന്‍ ഉടമകള്‍ നിര്‍ബന്ധിക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചതായി ട്രേഡ് യൂനിയന്‍ നേതാവ് മുഹമ്മദ് അല്‍ ഫര്‍ജി പറഞ്ഞു. 
ഇത്തരം ഹ്രസ്വകാല കരാറുകള്‍  ജീവനക്കാരില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുമെന്ന് യൂനിയന്‍ നേതാക്കള്‍ പറയുന്നു. ഇത് ജീവനക്കാരുടെ നിര്‍മാണാത്മകതക്കും കോട്ടമുണ്ടാക്കും. ഇത് നല്ലതല്ല. അരക്ഷിതാവസ്ഥ വളരുന്നത് ജീവനക്കാര്‍ നല്ല നിലയില്‍ ജോലിചെയ്യുന്നതിനും തടസ്സമാവുമെന്നും യൂനിയന്‍ നേതാക്കള്‍ പറയുന്നു. തൊഴില്‍ കരാറുകള്‍ ഹ്രസ്വകാലത്തേക്കാണ് പുതുക്കുന്നതെന്നും ഇത് ജീവനക്കാരില്‍ ആശങ്കകള്‍ ഉയര്‍ത്തുന്നതായും ഒരു പ്രമുഖ നിര്‍മാണ കമ്പനിയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, ഒമാന്‍ തൊഴില്‍ നിയമത്തില്‍ കരാറിന്‍െറ കാലാവധി വ്യക്തമായി നിര്‍ണയിച്ചിട്ടില്ളെന്ന് നിയമവിദഗ്ധര്‍ പറയുന്നു. 
അതേസമയം, ഒമാനില്‍ തൊഴില്‍കരാര്‍ നിയമം നിലവിലുണ്ട്. ഈ കരാറില്‍ ഏതെങ്കിലും വ്യവസ്ഥകളില്‍ ഒപ്പിട്ടുണ്ടെങ്കില്‍ അതിന് നിയമസാധുതയുമുണ്ട്. തൊഴില്‍ ഉടമയും ജീവനക്കാരും  ആറുമാസ കരാര്‍ അടക്കമുള്ള ഏതെങ്കിലും വ്യവസ്ഥകളില്‍ ഒപ്പുവെച്ചിട്ടുണ്ടെങ്കില്‍ അത് നിയമപരമായി ചോദ്യംചെയ്യാന്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു. ഒമാന്‍ തൊഴില്‍ നിയമത്തിലെ 36ാം ഖണ്ഡിക ജീവനക്കാര്‍ക്ക് ഹ്രസ്വകാലത്തേക്ക് തൊഴില്‍ കരാറുണ്ടാക്കാന്‍ അനുവാദം നല്‍കുന്നുണ്ട്. കാലാവധിക്കുശേഷം കരാര്‍ പുതുക്കാനും കഴിയും. പഴയ നിയമത്തോടും വ്യവസ്ഥയോടുംകൂടി എത്ര കാലത്തേക്ക് വേണമെങ്കിലും കരാര്‍ പുതുക്കാനും കഴിയും. 
കരാര്‍ അനിശ്ചിത കാലത്തേക്കാണെങ്കിലും തൊഴിലുടമക്കോ തൊഴിലാളിക്കോ ഒരു മാസത്തെ സമയപരിധി നല്‍കി കരാര്‍ പിന്‍വലിക്കാനും കഴിയും. നിലവിലുള്ള സാമ്പത്തിക സാഹചര്യത്തില്‍ ഹ്രസ്വകാല തൊഴില്‍ കരാറാണ് ഉത്തമമെന്ന് ചിലര്‍ പറയുന്നു. എണ്ണവില കുറഞ്ഞതോടെ പല കമ്പനികളും ഹ്രസ്വകാല കരാറുകളാണ് ഉണ്ടാക്കുന്നത്. കമ്പനികള്‍ക്ക് ആറു മാസത്തെ കരാറുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. വിദേശികള്‍ക്കൊപ്പം സ്വദേശികള്‍ക്കും ഇത്തരം കരാറുകള്‍ നിലവിലുണ്ട്. സ്വദേശികള്‍ക്ക് ഒരു വര്‍ഷത്തെ തൊഴില്‍ കരാറാണ് ചില കമ്പനികള്‍ നല്‍കുന്നത്. മുന്‍ കാലങ്ങളില്‍ ഇത്തരം ഹ്രസ്വകാല തൊഴില്‍കരാറുകള്‍ അപൂര്‍വമായിരുന്നു. ചില അവസ്ഥയില്‍ തങ്ങള്‍ക്ക് വിദേശി തൊഴിലാളികളുടെ ആവശ്യം തന്നെ വരുന്നില്ല. ഇത്തരം സാഹചര്യത്തില്‍ ആറുമാസ കരാറുകള്‍ ഏറെ പ്രയോജനം ചെയ്യുമെന്നും കമ്പനി ഉടമകള്‍ പറയുന്നു. ഒമാനിലെ തൊഴില്‍മേഖലയില്‍ പ്രശ്നങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ നിരവധി പേര്‍ തൊഴില്‍ ഒഴിവാക്കി അയല്‍രാജ്യങ്ങളിലേക്കും ചേക്കേറുന്നുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.