ബുറൈമിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും –അംബാസഡര്‍

ബുറൈമി: ബുറൈമിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ അഭിപ്രായപ്പെട്ടു. നിലവില്‍ എട്ടാംതരം വരെയുള്ള ബുറൈമി ഇന്ത്യന്‍ സ്കൂളില്‍ ഉയര്‍ന്ന ക്ളാസുകള്‍ അനുവദിച്ചുകിട്ടുന്നതിനുള്ള സ്കൂള്‍ മാനേജ്മെന്‍റിന്‍െറ ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അംബാസഡറായി ചുമതലയേറ്റ ശേഷം ആദ്യമായി ബുറൈമി സന്ദര്‍ശിക്കുന്ന പാണ്ഡെ പറഞ്ഞു. യു.എ.ഇ മള്‍ട്ടിപ്ള്‍ എന്‍ട്രി വിസാ സമ്പ്രദായം നിര്‍ത്തലാക്കിയതോടെ എട്ടാം ക്ളാസിന് ശേഷം അല്‍ ഐനില്‍ താമസിച്ച് പഠിക്കേണ്ടിവരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ അവസ്ഥ അംബാസഡര്‍ അനുഭാവപൂര്‍വമാണ് കേട്ടത്. ഉയര്‍ന്ന ക്ളാസുകള്‍ ആരംഭിക്കുന്നതിന് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ അനുമതിയടക്കമുള്ളവക്കായുള്ള നടപടികള്‍ ആരംഭിക്കാന്‍ അംബാസഡര്‍ നിര്‍ദേശം നല്‍കി. 
ഇന്ത്യന്‍ അസോസിയേഷന്‍ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കും പിന്തുണ വാഗ്ദാനം ചെയ്തു. എംബസിയുടെ പരിധിയില്‍ വരുന്ന വിഷയങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയാല്‍ അടിയന്തര പരിഹാരത്തിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബുറൈമിയില്‍നിന്ന് 375 കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ എംബസിയില്‍ ആവശ്യങ്ങള്‍ക്കായി എത്തുന്നതിന്‍െറ ബുദ്ധിമുട്ട് പരിപാടിയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. രണ്ടു മാസത്തില്‍ ഒരിക്കല്‍ ബുറൈമിയില്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭ്യമാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇത് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് അംബാസഡര്‍ ഉറപ്പുനല്‍കി. ബുറൈമിയിലെ പ്രവാസികളുടെ നേതൃത്വത്തിലാണ് അംബാസഡര്‍ക്കും സംഘത്തിനും സ്വീകരണ ചടങ്ങ് ഒരുക്കിയത്. രാഗേഷ് കരേ അധ്യക്ഷത വഹിച്ചു. നൗഷാദ് മാസ്റ്റര്‍, അബ്ദുല്‍ കരീം, നീലു റോഹ്റ എന്നിവര്‍ സംബന്ധിച്ചു. സമീല്‍ പ്രാര്‍ഥന നിര്‍വഹിച്ചു. ഡോ. പി.കെ. അബ്ബാസ് സ്വാഗതവും ഡോ. അസ്ലം നന്ദിയും പറഞ്ഞു. അബ്ദുല്‍ കരീമിന്‍െറ നേതൃത്വത്തില്‍ പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.