പെട്രോള്‍ പമ്പിലെ തീപിടിത്തം:  ബാലന് ബോധം തിരിച്ചുകിട്ടി

മസ്കത്ത്: സൂര്‍ ബിലാദില്‍ പെട്രോള്‍ പമ്പില്‍ തീപിടിച്ച വാഹനത്തില്‍നിന്ന് സ്വദേശി സാഹസികമായി പുറത്തെടുത്ത ജോര്‍ഡാനിയന്‍ ബാലന് ബോധം തിരിച്ചുകിട്ടി. മൂന്നു വയസ്സുകാരനായ സുലൈമാന്‍ മുഹമ്മദ് കണ്ണുതുറക്കുകയും സംസാരിക്കുകയും ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. 30 ശതമാനത്തോളം പൊള്ളലേറ്റ സുലൈമാന്‍ ആദ്യം സൂര്‍ ആശുപത്രിയിലും പിന്നീട് ഖൗല ആശുപത്രിയിലും ചികിത്സയിലായിരുന്നു. കൃത്രിമ ശ്വസനോപകരണങ്ങളുടെ സഹായമില്ലാതെ ബാലന് ശ്വസിക്കാന്‍ കഴിയുന്നുണ്ട്. കുറച്ച് ഭക്ഷണവും കഴിച്ചു. ആദ്യം ചോദിച്ചത് സഹോദരി ഗസാലിനെ കുറിച്ചാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. 75 ശതമാനത്തോളം പൊള്ളലേറ്റ ഗസാലിന് ഇതുവരെ ബോധം തിരിച്ചുകിട്ടിയിട്ടില്ല. 
പുക ശ്വസിച്ചതിനാല്‍ ശ്വാസകോശങ്ങള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. നിരവധി തവണ ഗസാലിനെ തൊലിമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയതായി പിതാവ് മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. രക്തസമ്മര്‍ദം സാധാരണനിലയിലാണെങ്കിലും മരുന്നുകളോട് ഇതുവരെ പ്രതികരിച്ച് തുടങ്ങിയിട്ടില്ല. ഗസാലിന്‍െറ അവസ്ഥയെ കുറിച്ച് ഡോക്ടര്‍മാര്‍ക്ക് ഒന്നും പറയാന്‍ കഴിയുന്നില്ല. ചികിത്സയുടെ എല്ലാ വിവരങ്ങളും തങ്ങളുമായി പങ്കുവെക്കുന്നുണ്ട്. 
ഇതുവരെ നടത്തിയ ചികിത്സയുടെ ഫലത്തില്‍ അവര്‍ സംതൃപ്തരാണെന്നും പിതാവ് പറഞ്ഞു. പെട്രോള്‍ സ്റ്റേഷനില്‍ വാഹനവുമായി എത്തിയ പിതാവ് എന്‍ജിന്‍ ഓഫ് ചെയ്യാതെ ഇന്ധനം നിറക്കാന്‍ ആവശ്യപ്പെട്ട ശേഷം തൊട്ടടുത്ത കടയിലേക്ക് സാധനം വാങ്ങാന്‍ പോയപ്പോള്‍ ആണ് തീപിടിത്തം ഉണ്ടായത്. 
മലയാളികളായ പെട്രോള്‍ സ്റ്റേഷന്‍ ജീവനക്കാര്‍ തീ അണക്കുന്നതിനിടെ സ്വദേശിയായ മുഹമ്മദ് അല്‍ ഹാശ്മിയാണ് അതി സാഹസികമായി വാഹനത്തിന് ഉള്ളില്‍ കയറി കുട്ടികളെ രക്ഷപ്പെടുത്തിയത്. ഇദ്ദേഹത്തെ രാജ്യത്തിന്‍െറ വിവിധയിടങ്ങളില്‍ നടന്ന ചടങ്ങുകളില്‍ ആദരിച്ചിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.