ഒമാനില്‍ സ്ത്രീകളുടെ  ജോലിവിസക്ക് നിരോധമില്ല

മസ്കത്ത്: ഒമാനില്‍ വിദേശി സ്ത്രീകള്‍ക്ക് ജോലി വിസ നല്‍കുന്നതിന് നിയന്ത്രണം മാത്രമാണുള്ളതെന്നും നിരോധമില്ളെന്നും മാനവ വിഭവശേഷി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്ത്രീകളുടെ തൊഴില്‍ വിസാ അപേക്ഷകള്‍ പ്രത്യേകം പ്രത്യേകമായാണ് പരിഗണിക്കുകയെന്ന് മന്ത്രാലയം ഉപദേഷ്ടാവ് പറഞ്ഞു. 
ചില മേഖലകളില്‍ തൊഴില്‍ വിസ ലഭിക്കുന്നതിന് ഒരുവര്‍ഷത്തോളം കാത്തിരിക്കേണ്ടി വരും. നിര്‍മാണ മേഖല, ചെറിയ ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് വിസ അനുവദിക്കില്ല. സ്ത്രീകള്‍ക്ക് ഒമാനില്‍ ജോലി ചെയ്യാന്‍ നിയമാനുസൃത വിസ അനുവദിക്കുമെന്ന് ഉപദേഷ്ടാവ്  സൈദ് അല്‍ സഅദി തറപ്പിച്ചു പറഞ്ഞു. എന്നാല്‍, ഇത്  നിയന്ത്രണ വിധേയമായിരിക്കും. ഇത് സ്ത്രീകളെ സംരക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് സ്ത്രീകള്‍ക്ക് ജോലി വിസക്ക് ക്ളിയറന്‍സ് നല്‍കാത്തത്. എല്ലാ വിസ അപേക്ഷകളും പ്രത്യേകം പ്രത്യേകമാണ് പരിഗണിക്കുക. അപേക്ഷ ലഭിച്ചാല്‍ കമ്പനിയുടെ വലുപ്പവും അവരുടെ ആവശ്യവും പ്രത്യേകം പഠന വിധേയമാക്കും. നിര്‍മാണ കമ്പനിയിലോ നഗരത്തിലെ സ്റ്റോറിലോ സ്ത്രീകള്‍ക്ക് വിസ നല്‍കേണ്ടതില്ല. ഭൂരിഭാഗവും പുരുഷന്മാരാണ് ഇത്തരം സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ ഒരു സ്ത്രീക്ക് വിസ നല്‍കേണ്ട ആവശ്യമെന്താണെന്നാണ് മന്ത്രാലയം ചോദിക്കുന്നത്. എന്നാല്‍, വലിയ സ്റ്റോറുകളിലോ കമ്പനികളിലോ സ്ത്രീകള്‍ക്ക് വിസ അനുവദിക്കപ്പെടും. മുന്‍ കാലങ്ങളില്‍ ചെറുകിട സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ അപമാനിക്കപ്പെട്ടതായി പരാതികള്‍ ലഭിച്ചിരുന്നു. അതിനാല്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഇത്തരം സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ ജോലിചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുണ്ട്. സാധാരണ ഗതിയില്‍ സ്ത്രീകള്‍ക്ക് ജോലിയെടുക്കാന്‍ ഒമാനില്‍ അനുവാദമുണ്ട്. എന്നാല്‍, സ്ത്രീകള്‍ക്ക് യോജിച്ചതല്ലാത്ത ചില ജോലികളില്‍നിന്ന് സ്ത്രീകളെ സംരക്ഷിക്കുക മാത്രമാണ് നിയമത്തിന്‍െറ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 
എന്നാല്‍, ഒമാനില്‍ വിദേശി സ്ത്രീകള്‍ക്ക് വിസ ലഭിക്കാന്‍ ഏറെ പ്രയാസമാണെന്ന് റിക്രൂട്ടിങ് ഏജന്‍സികള്‍ പറഞ്ഞു. നിലവിലുള്ള വനിതാ ജോലിക്കാര്‍ അവധിക്കും മറ്റും പോകുമ്പോള്‍ പകരക്കാര്‍ക്ക് വിസ ലഭിക്കുന്നത് പ്രയാസകരമാണ്. ഉയര്‍ന്ന യോഗ്യതയും പരിചയ സമ്പത്തുമുള്ള നിരവധി സ്ത്രീകള്‍ ജോലിക്ക് സമീപിക്കുന്നുണ്ടെന്ന് കമ്പനി അധികൃതര്‍ പറയുന്നു. ചെറിയ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും വിസ ലഭിക്കുമെന്ന് ഉറപ്പ് പറയാന്‍ കഴിയില്ളെന്ന് സ്പോണ്‍സര്‍ പറയുന്നതായി മറ്റൊരു വനിതാ ജീവനക്കാരി പറയുന്നു. ഒരു ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ ജോലിചെയ്യുന്നുണ്ടെങ്കിലും വിസ ലഭിക്കാന്‍ പ്രയാസമാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചതായി മറ്റൊരു സ്ത്രീയും പറയുന്നു. ചില വന്‍ കമ്പനികളിലും സ്ത്രീകള്‍ക്ക് വിസ ലഭിക്കുന്നതിന് പ്രയാസമുണ്ട്. ബംഗ്ളാദേശ് സ്വദേശിയായ വനിതാ ആര്‍കിടെക്ടിന് ഒരുവര്‍ഷത്തെ പ്രയത്ന ഫലമായാണ് വിസ ലഭിച്ചത്. സ്വദേശിവത്കരണ  തോത് പൂര്‍ത്തിയാകാത്തതും സ്ത്രീകള്‍ക്ക്  വിസ ലഭിക്കുന്നതിന് തടസ്സമാവുന്നുണ്ട്. എന്നാല്‍, ഫാമിലി വിസയില്‍ കഴിയുന്നവരെ തൊഴില്‍ വിസയിലേക്ക് മാറ്റുന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇല്ളെന്നും കമ്പനി അധികൃതര്‍ പറയുന്നു. ഒമാനില്‍ സ്ത്രീകള്‍ക്ക് വിസ ലഭിക്കുന്നതിന് നിയന്ത്രണം നിലനില്‍ക്കുന്നത് യുവതലമുറയെ ഒമാനില്‍നിന്ന് അകറ്റുന്നുണ്ട്. പുതിയ തലമുറയിലെ പുരുഷന്മാരും സ്ത്രീകളും ഉന്നത വിദ്യാഭ്യാസമുള്ളവരായതിനാല്‍ രണ്ടുപേരും ജോലി യെടുത്തു ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. ജോലി ചെയ്യാതെ വീട്ടില്‍ ഒതുങ്ങുന്നത് കഴിവുകള്‍ മുരടിക്കാന്‍ കാരണമാക്കുമെന്നും ഇവര്‍ വിശ്വസിക്കുന്നു. അതിനാല്‍, സ്ത്രീകള്‍ക്കുകൂടി വിസ ലഭിക്കുന്ന രാജ്യങ്ങളില്‍ ജോലി നേടാനാണ് ഇത്തരക്കാര്‍ മുന്‍ഗണന നല്‍കുന്നത്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.