മസ്കത്ത്: ഞെട്ടലായി വീണ്ടും സ്കൂള്‍ ബസ് അപകടം. അഞ്ചു മണിക്കൂറിലധികം സ്കൂള്‍ ബസില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ശ്വാസം ലഭിക്കാതെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന നാലു വയസ്സുകാരനായ സ്വദേശി ബാലന്‍ ഞായറാഴ്ച മരിച്ചു.
മബേല മേഖലയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കിന്‍റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ഥിയായ ഉസാമ അല്‍ ജാഫ്രി അപകടത്തില്‍പെട്ടത്. സംഭവം സ്ഥിരീകരിച്ച റോയല്‍ ഒമാന്‍ പൊലീസ് അന്വേഷണം നടന്നുവരുകയാണെന്ന് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം സ്കൂള്‍ ബസ് ഡ്രൈവറാണ് കുട്ടിയെ പിന്‍സീറ്റില്‍ അവശനിലയില്‍ കണ്ടത്തെിയത്.
രാവിലെ സ്കൂളിലേക്കുള്ള യാത്രാമധ്യേ ഉറങ്ങിപ്പോയ കുട്ടി സ്കൂളിലത്തെിയപ്പോള്‍ ഇറങ്ങാതിരുന്നത് ആരുടെയും ശ്രദ്ധയില്‍പെട്ടില്ല. കുട്ടി ബസില്‍നിന്ന് ഇറങ്ങിയോയെന്ന് ഉറപ്പുവരുത്തേണ്ട സൂപ്പര്‍വൈസര്‍ സംഭവദിവസം അവധിയിലായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായും പൊലീസ് പറഞ്ഞു.
അവശനിലയിലായിരുന്ന കുട്ടിയെ ഉടന്‍ സമീപത്തെ ക്ളിനിക്കില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റി. ചൂടിനെ തുടര്‍ന്നുണ്ടായ തളര്‍ച്ചയും അടച്ചിട്ട ബസില്‍ ശ്വാസം ലഭിക്കാത്തതുമാണ് കുട്ടിയെ മരണത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞമാസമാണ് അല്‍ ജാഫ്രി കിന്‍റര്‍ഗാര്‍ട്ടനില്‍ ചേര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ ബസ് ഡ്രൈവറെ ആര്‍.ഒ.പി അറസ്റ്റ് ചെയ്തിട്ടുണ്ട്. മരണവിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് സ്വദേശികള്‍ സാമൂഹിക മാധ്യമങ്ങളില്‍ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ‘ എ ചൈല്‍ഡ് സ്ളീപ്പിങ് ഓണ്‍ എ സ്കൂള്‍ ബസ്’ എന്ന ഹാഷ് ടാഗിലുള്ള കാമ്പയിനില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ക്കും ഉത്തരവാദികളായ മറ്റുള്ളവര്‍ക്കും കഠിനശിക്ഷ ഉറപ്പാക്കണമെന്ന് പറയുന്നു. സ്കൂള്‍ ബസില്‍ കുടുങ്ങി മരണപ്പെടുന്ന സംഭവങ്ങള്‍ ഇതാദ്യമായല്ല രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ബിദ്ബിദ് പ്രവിശ്യയില്‍ നാലുവയസ്സുള്ള പെണ്‍കുട്ടി സ്കൂള്‍ ബസില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ചിരുന്നു.
ഇതേ തുടര്‍ന്ന് ആര്‍.ഒ.പി കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ കാമ്പയിന്‍ ആരംഭിച്ചിരുന്നു.
2014ല്‍ ദാര്‍സൈത്തില്‍ സമാനരീതിയില്‍ രണ്ട് കിന്‍റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ഥികളും മരണപ്പെട്ടിരുന്നു. സമാന രീതിയില്‍ ചെറിയ ക്ളാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി ബസില്‍ കുടുങ്ങിയിരുന്നു. സ്കൂളില്‍ ഫീസടക്കാന്‍ വന്ന രക്ഷാകര്‍ത്താവിന്‍െറ ശ്രദ്ധയില്‍പെട്ടതിനാലാണ് കുട്ടി രക്ഷപ്പെട്ടത്. ഉറങ്ങിപ്പോകുന്ന വിദ്യാര്‍ഥികളെ ശ്രദ്ധിക്കാതെ ജീവനക്കാര്‍ ബസ് പൂട്ടി പോകുന്നതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ നിയമപ്രകാരം ബസില്‍ ഡ്രൈവര്‍ക്കുപുറമെ സൂപ്പര്‍വൈസറും വേണമെന്നാണെങ്കിലും ഓപറേറ്റര്‍മാര്‍ അത് ഗൗരവമായി എടുക്കാറില്ല. സ്വകാര്യ ഓപറേറ്റര്‍മാരുടെ ബസുകളില്‍ അശ്രദ്ധമൂലമുള്ള അപകടങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്‍റുകളുടെ നേതൃത്വത്തില്‍ സുരക്ഷിത ഗതാഗത സംവിധാനം ആരംഭിച്ചിരുന്നു.
ദാര്‍സൈത്ത്, മബേല, സീബ് സ്കൂളുകളില്‍ നടന്നുവരുന്ന സംവിധാനം മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.