ഏക സിവില്‍ കോഡിന്‍െറ പേരില്‍ വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നു –സീതാറാം യെച്ചൂരി

മസ്കത്ത്: ഏക സിവില്‍ കോഡിന്‍െറ പേരില്‍ വര്‍ഗീയ ധ്രുവീകരണ അജണ്ട നടപ്പാക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആദിവാസി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ മന്ത്രി ബാലന്‍ കേരള നിയമസഭയില്‍ നടത്തിയതായി പറയപ്പെടുന്ന വിവാദ പരാമര്‍ശം ശ്രദ്ധയില്‍പെട്ടിട്ടില്ല. വിഷയം അന്വേഷിച്ച് ശരിയെന്ന് ബോധ്യപ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മസ്കത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ക്ളബ് കേരളവിഭാഗം നടത്തിയ ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണത്തില്‍ പങ്കെടുക്കാനാണ് സീതാറാം യെച്ചൂരി മസ്കത്തിലത്തെിയത്. എല്ലാ മതവിഭാഗങ്ങളെയും കണക്കിലെടുത്ത് വേണം ഏകീകൃത സിവില്‍ കോഡ് നടപ്പില്‍വരുത്തുന്നതിനുള്ള ശ്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ഒരു മതത്തെ മാത്രം ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. വര്‍ഗീയ നിറം നല്‍കുന്നതിന്‍െറ ഭാഗമായാണ് മുത്തലാഖും മുസ്ലിം പ്രശ്നങ്ങളും മാത്രം ചര്‍ച്ചകളില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്.  നിയമം ഏകീകരിച്ചതുകൊണ്ടുമാത്രം തുല്യത കൈവരിക്കാന്‍ കഴിയില്ല. നിയമത്തിന്‍െറ വഴിക്കൊപ്പം സമൂഹത്തിന്‍െറ കാഴ്ചപ്പാടും മാറുന്നതിലൂടെ മാത്രമേ ഈ സമത്വം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ വിധവ പുനര്‍വിവാഹം നടക്കുന്നില്ല. ഇന്ത്യയുടെ പലഭാഗങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശമില്ലാത്ത അമ്പലങ്ങളുണ്ട്. ഇതെല്ലാം ഏക സിവില്‍ കോഡ് സംബന്ധിച്ച ചര്‍ച്ചകളില്‍ ഉള്‍ക്കൊള്ളിക്കേണ്ടതുണ്ട്. എല്ലാ മതവിശ്വാസങ്ങള്‍ക്കും ഒപ്പം ഗോത്രവര്‍ഗങ്ങളുടെ രീതികളെയും നിരീശ്വരവാദികളെയും കണക്കിലെടുത്തേ ഏകീകൃത സിവില്‍ കോഡിന് രൂപം നല്‍കാന്‍ പാടുള്ളൂവെന്നും യെച്ചൂരി പറഞ്ഞു. രാജ്യത്ത് ദലിതുകളും മുസ്ലിംകളും മുമ്പെങ്ങുമില്ലാത്തവിധം അക്രമത്തിന് വിധേയരായിക്കൊണ്ടിരിക്കുകയാണ്. ജനമുന്നേറ്റത്തിലൂടെ മാത്രമേ ഫാഷിസ്റ്റ് ശക്തികളുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താന്‍ കഴിയൂ. ഇതിന് സി.പി.എം മുന്‍നിരയില്‍തന്നെ ഉണ്ടാകും. ജനങ്ങള്‍ക്കിടയില്‍ ഇടപെടലുകള്‍ നടത്തി വര്‍ഗീയശക്തികള്‍ക്കെതിരെ യോജിച്ചുള്ള പോരാട്ടം ഉറപ്പാക്കും. ജനകീയ പ്രതിഷേധങ്ങളിലൂടെ മാത്രമേ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയ കൂട്ടായ്മകള്‍ രൂപം കൊള്ളുകയുള്ളൂ.  ഇന്ത്യക്ക് ആവശ്യം ഇന്ത്യന്‍ ദേശീയതയാണ്. എന്നാല്‍, ബി.ജെ.പിക്കുവേണ്ടത് ഹിന്ദുത്വ ദേശീയതയാണ്. ഇത് രണ്ടുമായുള്ള പോരാട്ടമാണ് ഇപ്പോള്‍ നടന്നുവരുന്നത്. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍െറ ഇടപെടലുകള്‍ അകറ്റിനിര്‍ത്തണം. ഒപ്പം, കശ്മീരികള്‍ ഇന്ത്യന്‍ സര്‍ക്കാറില്‍നിന്നും ദേശീയതയില്‍നിന്നും അകന്നുപോകുന്നതിന്‍െറ കാരണം കണ്ടത്തെി പരിഹരിക്കുകയും വേണം. ഇത് ഇന്ത്യന്‍ സര്‍ക്കാറിന്‍െറ ബാധ്യതയാണെന്നും സി.പി.എം ജനറല്‍ സെക്രട്ടറി പറഞ്ഞു. ബി.ജെ.പിക്ക് രാഷ്ട്രീയ അടിത്തറ ഒരുക്കുന്നതിനുള്ള ശ്രമമാണ് കണ്ണൂരില്‍ ആര്‍.എസ്.എസ് നടത്തുന്നത്. അക്രമത്തിലൂടെ സമൂഹത്തില്‍ ഭീതിവിതച്ച ശേഷം സമൂഹത്തില്‍ ധ്രുവീകരണമുണ്ടാക്കുന്ന ശ്രമം ഇന്ത്യയില്‍ മറ്റിടങ്ങളിലെ പോലെ കണ്ണൂരിലും നടപ്പാക്കാനാണ് ശ്രമം. ഹിന്ദുത്വ അജണ്ട നടപ്പില്‍ വരുത്താന്‍ വളക്കൂറുള്ള മണ്ണായാണ് കേരളത്തെ ആര്‍.എസ്.എസ് കരുതുന്നത്. ഇടതുപക്ഷത്തിന്‍െറ സാന്നിധ്യമാണ് ഇതിന് അവര്‍ക്ക് തടസ്സമായി നില്‍ക്കുന്നത്. അക്രമം അഴിച്ചുവിട്ടശേഷം, സി.പി.എം അക്രമം നടത്തുന്നതായ പ്രചാരണമാണ് ദേശീയതലത്തില്‍ ആര്‍.എസ്.എസ് നടത്തുന്നത്. അക്രമം ഒഴിവാക്കി അനുരഞ്ജന ചര്‍ച്ചകള്‍ നടത്താമെന്ന വാഗ്ദാനത്തോട് അവര്‍ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ളെന്നും സീതാറാം യെച്ചൂരി പറഞ്ഞു. 
ബന്ധുത്വ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തെറ്റുപറ്റിയതായി മനസ്സിലാക്കിയതിനെ തുടര്‍ന്ന് പാര്‍ട്ടി തിരുത്തല്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. തെറ്റുപറ്റുന്നത് മനുഷ്യസഹജമാണ്. പറ്റിയ തെറ്റ് തിരുത്താതിരിക്കുന്നതാണ് പിഴവ്. രാഷ്ട്രീയ സത്യസന്ധതയും സുതാര്യതയും പുലര്‍ത്തണമെന്നതാണ് എല്‍.ഡി.എഫ് നയം. ഇതില്‍നിന്ന് ആരു വ്യതിചലിച്ചാലും വേണ്ട തിരുത്തല്‍ നടപടികളെടുക്കുമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.  ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരള വിഭാഗം കണ്‍വീനര്‍ റെജിലാല്‍, പി.എം. ജാബിര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.