??????????????

വര്‍ക്കലക്കാര്‍ കൈകൊര്‍ത്തു; ഒമാനില്‍നിന്ന് ഉണ്ണിനാരായണന്‍ ഇന്ന് നാട്ടിലേക്ക്

മസ്കത്ത്: സുമനസ്സുകളുടെ തുണയില്‍ ആറുവര്‍ഷത്തിന് ശേഷം തിരുവനന്തപുരം വര്‍ക്കല സ്വദേശി ഉണ്ണിനാരായണന്‍ നാട്ടിലേക്ക്. വാടക കുടിശ്ശിക നല്‍കാനുണ്ടെന്നുകാട്ടി താമസിച്ചിരുന്ന കെട്ടിടത്തിന്‍െറ ഉടമ നല്‍കിയ കേസിനെ തുടര്‍ന്ന് ഒമാനില്‍ കുടുങ്ങിയ ഇദ്ദേഹത്തിന് വര്‍ക്കല നിവാസികളുടെ കൂട്ടായ്മയാണ് സഹായ ഹസ്തം നീട്ടിയത്. വ്യാഴാഴ്ച രാത്രിയുള്ള ജെറ്റ് എയര്‍വേസ് വിമാനത്തില്‍ ഉണ്ണിനാരായണന്‍ നാട്ടിലേക്ക് തിരിക്കുമെന്ന് ‘വര്‍ക്കല കൂട്ടം’ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെട്ടിടമുടമക്ക് നല്‍കാനുള്ള തുക സ്വരൂപിച്ച് നല്‍കുന്നതിന് പുറമെ വിസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നുള്ള പിഴയടക്കം നടപടികള്‍ ഒഴിവാക്കിക്കിട്ടുന്നതിനുള്ള വിവിധ നടപടികള്‍ക്കും വര്‍ക്കല കൂട്ടം അംഗങ്ങള്‍ മുന്നിട്ടിറങ്ങി. 30 വര്‍ഷത്തിലധികമായി മസ്കത്തിലുള്ള ഉണ്ണിനാരായണന്‍ എന്ന രാജേന്ദ്രന്‍ നിര്‍മാണജോലികള്‍ കരാറെടുത്ത് ചെയ്തുവരുകയായിരുന്നു. മത്രയിലായിരുന്നു താമസം. ഉടമയായ സ്വദേശിയുമായുള്ള സൗഹൃദത്തിന്‍െറ പുറത്ത് കെട്ടിടത്തിന്‍െറ അറ്റകുറ്റപ്പണികള്‍ ഇദ്ദേഹമാണ് ചെയ്തിരുന്നത്. ഇതിന്‍െറയെല്ലാം ചെലവ് വാടകയില്‍ കുറക്കാമെന്നായിരുന്നു വാക്കാലുള്ള ധാരണ. വാടക കരാര്‍ ഒന്നുമില്ലാതെയായിരുന്നു താമസം. ഇതിനിടയില്‍ സൂറില്‍ ജോലിക്കായി പോയ ഇദ്ദേഹം ആറു മാസത്തിന് ശേഷം തിരികെയത്തെിയപ്പോള്‍ താമസിച്ചിരുന്ന മുറി പൂട്ടി സാധനങ്ങള്‍ പുറത്തുവെച്ചിരുന്നതാണ് കണ്ടത്. 2010ല്‍ നാട്ടിലേക്ക് പോകാന്‍ എത്തിയപ്പോഴാണ് തന്‍െറ പേരില്‍ കേസ് ഉള്ള വിവരം അറിയുന്നത്. വാടക കുടിശ്ശികയിനത്തില്‍ 2800 റിയാല്‍ നല്‍കാനുണ്ടെന്ന് കാട്ടിയുള്ള കേസില്‍ രണ്ടു തവണയായി അഞ്ചുമാസത്തോളം ജയിലിലായിരുന്നു. നല്‍കാനുള്ള പണം ഗഡുക്കളായി നല്‍കാമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ജാമ്യത്തില്‍ വിട്ടത്. പല തവണയായി കരാര്‍ ജോലിചെയ്ത് കിട്ടിയ 1300 റിയാല്‍ അടച്ച ഇദ്ദേഹം വൈകാതെ രോഗിയായി. രക്തസമ്മര്‍ദവും പ്രമേഹവുമടക്കം ഒരുപിടി രോഗങ്ങള്‍ അലട്ടുന്ന അവസ്ഥയിലാണ് ഇദ്ദേഹം. അറുപത്തഞ്ചുകാരനായ ഇദ്ദേഹത്തിന്‍െറ വിസാ കാലാവധി 2011ല്‍ കഴിഞ്ഞെങ്കിലും കേസിന്‍െറയും മറ്റും മാനസിക ബുദ്ധിമുട്ടുകളും സാമ്പത്തിക പ്രശ്നങ്ങളും മറ്റും മൂലം പുതുക്കിയിട്ടുണ്ടായിരുന്നില്ല. ഭാര്യയും മൂന്നു മക്കളുമാണ് രാജേന്ദ്രന് ഉണ്ടായിരുന്നത്. ഭാര്യ 2008ലും മൂത്ത മകന്‍ 2009ലും മരണപ്പെട്ടു. ഒരുമാസം മുമ്പാണ് അവസാനമായി ജയിലില്‍ അടക്കപ്പെട്ടത്. ഉണ്ണിനാരായണനെ നാട്ടില്‍ അയക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇത്തരം ഒരു കൂട്ടായ്മയുടെ പ്രസക്തി രൂപപ്പെടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. തുടര്‍ന്ന് ഏതാനും മാസം മുമ്പാണ് ‘വര്‍ക്കല കൂട്ടം’ രൂപവത്കരിക്കുന്നത്. അടുത്ത വര്‍ഷത്തിന്‍െറ ആദ്യ മാസങ്ങളില്‍ കേരള ടൂറിസം മന്ത്രാലയവുമായി സഹകരിച്ച് വര്‍ക്കല ഫെസ്റ്റ് സംഘടിപ്പിക്കുന്നതും ആലോചനയിലുണ്ട്. വര്‍ക്കല കൂട്ടായ്മയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ 94406353, 99359141 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. വര്‍ക്കല കൂട്ടം ഭാരവാഹികളായ ഷംനാദ്, അഡ്വ. ഷബീര്‍, ഫാസില്‍ കുട്ടി, അരുണ്‍ഗിരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.