ഒമാനില്‍ നാളെ മുതല്‍ ചുടുകാറ്റിന്  സാധ്യത

മസ്കത്ത്: രാജ്യത്ത് നാളെമുതല്‍ ചുടുകാറ്റിന് സാധ്യതയെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍. അഞ്ചുദിവസം ചുടുകാറ്റ് നീളാനാണ് സാധ്യത. ഞായറാഴ്ച കാലാവസ്ഥ സാധാരണഗതിയിലാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
സൗദി അറേബ്യയിലാണ് ഉഷ്ണവാതം രൂപപ്പെടുന്നത്. ഇത് ശക്തിപ്പെടാനാണ് സാധ്യത. രാജ്യത്ത് വേനല്‍ചൂട് ദിനംതോറും കനക്കുകയാണ്. സുവൈഖ്, ഫഹൂദ്, ഖുറിയാത്ത്, ബിദ്ബിദ്, ഖസബ് എന്നിവിടങ്ങളിലാണ് ശനിയാഴ്ച കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 
ഇവിടെ 44 ഡിഗ്രി ചൂട് രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍െറ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
മസ്കത്തിലും ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. കനത്ത ചൂടിനെ തുടര്‍ന്ന് നിര്‍മാണ തൊഴിലാളികളും മറ്റും ബുദ്ധിമുട്ടിലാണ്. കനത്ത ചൂട് തൊഴിലാളികളുടെ ഉല്‍പാദനക്ഷമതയെ ബാധിച്ചതായി നിര്‍മാണ കമ്പനി പ്രതിനിധികള്‍ പറയുന്നു. 
ചൂട് കനത്തത് കണക്കിലെടുത്ത് മധ്യാഹ്ന വിശ്രമം നേരത്തേ പ്രഖ്യാപിക്കണമെന്ന് ട്രേഡ് യൂനിയനുകള്‍ അഭ്യര്‍ഥിച്ചിരുന്നെങ്കിലും നിയമപ്രകാരം ജൂണ്‍ ഒന്നിന് മാത്രമേ മധ്യാഹ്ന വിശ്രമം ആരംഭിക്കൂവെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. 
ചുടുകാറ്റ് ഉണ്ടാകുന്ന പക്ഷം വെയില്‍ ഏല്‍ക്കുന്നതില്‍നിന്ന് പരമാവധി ഒഴിഞ്ഞുനില്‍ക്കണമെന്ന് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഉയര്‍ന്ന ചൂടിനൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പവും കൂടുതലായിരിക്കും. 
ഇത് മനുഷ്യശരീരത്തിന് ദോഷകരമാണ്. കുട്ടികളെയും പ്രായമുള്ളവരെയും കൂടുതല്‍ ശ്രദ്ധിക്കണം. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം. അമിതമായ വിയര്‍പ്പ്, തളര്‍ച്ച, തലകറക്കം, തലവേദന, പേശീവലിവ്, ഓക്കാനം, തൊലിയില്‍ നിറംമാറ്റം, ഉയര്‍ന്ന ശരീരതാപനില തുടങ്ങിയവ അനുഭവപ്പെടുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.