ഒമാനിൽ ഇന്ധനവില ഇന്നുമുതല്‍ വര്‍ധിക്കും

മസ്കത്ത്: ഇന്ധനവില ഇന്നുമുതല്‍ വര്‍ധിക്കുമെന്ന് എണ്ണ, പ്രകൃതിവാതക മന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് വില പുനര്‍നിര്‍ണയിക്കുക. സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് മൂന്ന് ബൈസയും റെഗുലര്‍ പെട്രോളിന് നാല് ബൈസയുമാണ് ഏപ്രിലിലെ വിലയില്‍നിന്ന് വര്‍ധിക്കുക.  ഡീസല്‍ വിലയില്‍ മൂന്ന് ബൈസയുടെയും വര്‍ധനയുണ്ട്. 
ഇന്നുമുതല്‍ സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് 161 ബൈസയാണ് ഈടാക്കുക. ഏപ്രിലില്‍ 158 ബൈസയായിരുന്നു വില. റെഗുലര്‍ പെട്രോള്‍ വില 149 ബൈസയായിട്ടാണ് ഉയര്‍ത്തിയത്. ഇതുവരെ 145 ബൈസയായിരുന്നു വില. ഡീസല്‍വില 163 ബൈസയില്‍നിന്ന് 166 ബൈസയായും വര്‍ധിപ്പിച്ചു. എണ്ണ വിലയിടിവിനെ തുടര്‍ന്നുള്ള ബജറ്റ് കമ്മിയും സാമ്പത്തിക ഞെരുക്കവും മറികടക്കുന്നതിന്‍െറ ഭാഗമായിട്ടാണ് യു.എ.ഇയുടെ ചുവടുപിടിച്ച് ഒമാനും  പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിയന്ത്രണം എടുത്തുകളഞ്ഞത്. കഴിഞ്ഞ ജനുവരി 15 മുതലാണ് രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചത്. 17 വര്‍ഷത്തിനിടെ ആദ്യമായിട്ടായിരുന്നു ഒമാന്‍ ഇന്ധനവില കൂട്ടിയത്. ജനുവരിയില്‍ വര്‍ധിപ്പിച്ചെങ്കിലും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പെട്രോള്‍ വിലയില്‍ ചെറിയ കുറവ് വരുത്തിയിരുന്നു. ഫെബ്രുവരിയില്‍ സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് 153 ബൈസയും മാര്‍ച്ചില്‍ 145 ബൈസയുമായിരുന്നു നിരക്ക്. റെഗുലര്‍ പെട്രോളിനാകട്ടെ, ഫെബ്രുവരിയില്‍ 137 ബൈസയും മാര്‍ച്ചില്‍ 130 ബൈസയുമാണ് ചുമത്തിയത്. ഡീസലിന് ഫെബ്രുവരിയിലും മാര്‍ച്ചിലും 146 ബൈസ വീതമാണ് ഈടാക്കിയത്. 
സബ്സിഡി ഭാരം കുറക്കാന്‍ ലക്ഷ്യമിട്ടാണ് ഇന്ധനങ്ങളുടെ വില നിയന്ത്രണം സര്‍ക്കാര്‍ വിപണിക്ക് വിട്ടുനല്‍കിയത്. കഴിഞ്ഞ വര്‍ഷം 580 ദശലക്ഷം റിയാല്‍ സര്‍ക്കാര്‍ ഇന്ധന സബ്സിഡിക്കായി ചെലവഴിച്ചുവെന്നാണ് കണക്കുകള്‍. വിലനിയന്ത്രണം നീക്കിയതുവഴി സബ്സിഡിയിനത്തില്‍ ലാഭിക്കുന്ന ബജറ്റ്കമ്മിയില്‍ കുറവ് വരുത്തുന്നതിന് സര്‍ക്കാറിന് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. ഇന്ധന വില, പ്രത്യേകിച്ച് ഡീസല്‍ വില വര്‍ധിക്കുന്നതോടെ പല ഉല്‍പന്നങ്ങളുടെയും വില വര്‍ധിക്കാനിടയുണ്ട്. തുടര്‍ച്ചയായ രണ്ടാം മാസമാണ് ഡീസല്‍വില കൂടുന്നത്.
 ഭക്ഷ്യ ഉല്‍പന്നങ്ങളടക്കമുള്ളവയുടെ ഗതാഗതം ട്രയ്ലറുകള്‍ വഴിയാണ്. ഇവയില്‍ ഡീസലാണ് ഉപയോഗിക്കുന്നത്. അതിനാല്‍, പച്ചക്കറികളുടെയും ഭക്ഷ്യോല്‍പന്നങ്ങളുടെയും വില വര്‍ധിക്കാനിടയുണ്ട്. 
ഇന്ധന വില ഉയരുന്നതോടെ ബസ് സര്‍വിസ് നിലവിലില്ലാത്ത റൂട്ടുകളില്‍  ടാക്സി ഡ്രൈവര്‍മാരും നിരക്ക് വര്‍ധിപ്പിക്കാനിടയുണ്ട്. മബേല, വാദി കബീര്‍, വാദി അദൈ റൂട്ടുകളില്‍ മുവാസലാത്ത് ബസുകള്‍ ജനപ്രിയമായത് ടാക്സി ഡ്രൈവര്‍മാരെ ബാധിച്ചിട്ടുണ്ട്. 
ഡീസല്‍ വില രണ്ടാം മാസവും കൂടിയ സാഹചര്യത്തില്‍ ബസ് നിരക്കുകള്‍ വര്‍ധിക്കുമോയെന്നതില്‍ വ്യക്തത കൈവന്നിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.