ലിബിയന്‍ ഭരണഘടനാ നിര്‍മാണസമിതിയോഗം സലാലയില്‍ തുടങ്ങി

സലാല: ലിബിയന്‍ ഭരണഘടനാ നിര്‍മാണസമിതിയുടെ യോഗം സലാലയില്‍ ആരംഭിച്ചു. ഒമാന്‍ വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല, യു.എന്‍ നിരീക്ഷകന്‍ മാര്‍ട്ടിന്‍ കോബ്ളര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ റൊട്ടാന ഹോട്ടലിലാണ് യോഗം. 
പരസ്പരം പോരടിക്കുന്നതുനിര്‍ത്തി രാജ്യത്ത് സമാധാനവും ഭദ്രതയും കൊണ്ടുവരുന്നതിന് രാജ്യത്തെ രണ്ടു പ്രമുഖ പാര്‍ട്ടികളായ ലിബിയന്‍ ജനറല്‍ നാഷനല്‍ കോണ്‍ഗ്രസും തൊബ്റൂക് പാര്‍ലമെന്‍റും അടുത്തിടെ തീരുമാനിച്ചിരുന്നു. രാജ്യത്തെ രണ്ടു ഭാഗങ്ങളായി വിഭജിച്ചുനിര്‍ത്തുന്നതും വിഭാഗീയത രൂക്ഷമാകുന്നതുമായ സാഹചര്യം ഒഴിവാക്കാന്‍ ദേശീയ കരാറില്‍ ഒപ്പിടുകയും ചെയ്തു. ഐക്യസര്‍ക്കാര്‍ രൂപവത്കരണത്തിന്‍െറ ഭാഗമായാണ് ഭരണഘടനാ നിര്‍മാണസമിതിക്ക് രൂപംനല്‍കിയത്. 
കഴിഞ്ഞയാഴ്ച തുനീഷ്യയില്‍ ഭരണഘടനാ നിര്‍മാണസമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ലിബിയയിലെ ഒമാന്‍ അംബാസഡര്‍ ഖാസെം അല്‍ സലേഹി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് ചര്‍ച്ചകള്‍ക്ക് ആതിഥ്യമരുളാനുള്ള ഒമാന്‍െറ സന്നദ്ധത അറിയിച്ചത്. 
എല്ലാ രാജ്യങ്ങളുമായും നല്ലബന്ധം കാത്തുസൂക്ഷിക്കുന്ന ഒമാന്‍, മേഖലയിലെ സംഘര്‍ഷാവസ്ഥ ഒഴിവാക്കുന്നതിന് സജീവ ഇടപെടല്‍ നടത്തുന്ന രാഷ്ട്രമാണ്. 
ഇറാനും വന്‍ശക്തി രാഷ്ട്രങ്ങളുമായുള്ള ആണവക്കരാറിന് കാര്‍മികത്വം വഹിച്ച സുല്‍ത്താനേറ്റ് സിറിയ, യമന്‍ പ്രശ്നപരിഹാരങ്ങള്‍ക്കും തങ്ങളാലാവുന്ന ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.