കാറ്റും മഴയും ചതിച്ചു; പച്ചക്കറി വില മുകളിലേക്ക്

മസ്കത്ത്: കഴിഞ്ഞദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഒമാനിലെ പച്ചക്കറി തോട്ടങ്ങളില്‍ വ്യാപക വിളനാശം. ഇതോടെ, പച്ചക്കറി വില ഉയര്‍ന്നുതുടങ്ങി. പേമാരിയും കാറ്റും തോട്ടങ്ങളില്‍ വ്യാപക നാശമാണ് ഉണ്ടാക്കിയതെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.  വിളവെടുപ്പിന് പാകമായ  60 ശതമാനം പച്ചക്കറി ഉല്‍പനങ്ങളും മഴയിലും കാറ്റിലും നശിച്ചു.  ഇത് തോട്ടമുടമകള്‍ക്കും വ്യാപാരികള്‍ക്കും വന്‍ നഷ്ടമുണ്ടാക്കി. ഒമാനില്‍ പച്ചക്കറി തോട്ടങ്ങള്‍ കാര്യമായി സ്ഥിതിചെയ്യുന്ന സൊഹാര്‍, സഹം, ഖാബൂറ, ഖദറ, സുവൈഖ് തുടങ്ങിയ മേഖലയില്‍ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഒമാനില്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക് നല്ല വിളവെടുപ്പ് ലഭിച്ച വര്‍ഷമായിരുന്നു ഇത്. ഇതിനാല്‍ ഒമാനില്‍ പച്ചക്കറി വില കുറയുകയും ചെയ്തിരുന്നു. നല്ല വിളവെടുപ്പുണ്ടായിരുന്നത് കച്ചവടക്കാര്‍ക്കും തോട്ടമുടമകള്‍ക്കും ഏറെ സന്തോഷം നല്‍കിയിരുന്നു.

എന്നാല്‍, പെട്ടെന്നുണ്ടായ മഴ വിളവെടുപ്പിനെ സാരമായി ബാധിച്ചതായും ഇത് പച്ചക്കറി  വിലവര്‍ധനവിന് കാരണമാക്കിയതായും പ്രമുഖ പച്ചക്കറി പഴവര്‍ഗ മൊത്ത വ്യാപാര സ്ഥാപനമായ സൂഹൂല്‍ അല്‍ ഫൈഹ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ വാഹിദ് പറഞ്ഞു. ഒമാന്‍ പച്ചക്കറി ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റില്‍ ഇറങ്ങുന്ന സീസണാണിത്. കാലാവസ്ഥ അനുകൂലമായതിനാലാണ് നല്ല വിളവെടുപ്പ് കിട്ടിയത്. ഇതോടെ, പച്ചക്കറി ഉല്‍പന്നങ്ങള്‍ ധാരാളമായി മാര്‍ക്കറ്റിലത്തൊനും വില കുറയാനും തുടങ്ങി. തക്കാളി വില കാര്‍ട്ടണിന് 600 ബൈസ വരെ കുറഞ്ഞിരുന്നു. എന്നാല്‍, മഴ കഴിഞ്ഞതോടെ തക്കാളിവില കാര്‍ട്ടന് ഒരു റിയാലായി ഉയര്‍ന്നു. ഒമാനില്‍ ഉല്‍പാദിപ്പിക്കുന്ന മറ്റു പച്ചക്കറികളുടെയും വില വര്‍ധിക്കുന്നുണ്ട്.  മഴക്ക് മുമ്പ് കാര്‍ട്ടണ് നാല് റിയാല്‍ വിലയുണ്ടായിരുന്ന വെണ്ടക്ക വില ഏഴ് റിയാലായി ഉയര്‍ന്നു. കാര്‍ട്ടന് രണ്ട് റിയല്‍ ഉണ്ടായിരുന്ന കൂസ വില 3.8 റിയാലായി ഉയര്‍ന്നു. ഒരു റിയാല്‍ വിലയുണ്ടായിരുന്ന വലിയ മുളകിന്‍െറ വില 1.800 റിയാലായി. കാലാവസ്ഥ ചതിച്ചതിനാല്‍ ഒമാന്‍ ഉല്‍പന്നങ്ങള്‍ ഇനി വിപണിയില്‍ എത്തുന്നത് കുറയും.  ഇത് പല പച്ചക്കറി ഉല്‍പന്നങ്ങളുടെയും ദൗര്‍ലഭ്യത്തിന് കാരണമാവുമെന്ന് അബ്ദുല്‍ വാഹിദ് പറഞ്ഞു. ഇതോടെ ഇന്ത്യ, ജോര്‍ഡന്‍, ചൈന തുടങ്ങിയ വിദേശ രാജ്യങ്ങളില്‍നിന്ന് പച്ചക്കറി ഇറക്കുമതി ചെയ്യേണ്ടിവരും.  ഇത് വില വര്‍ധനക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ ഒമാനില്‍ പച്ചക്കറി സീസണ്‍ ആരംഭിക്കുന്നതോടെ ഒമാന്‍ ഉല്‍പന്നങ്ങള്‍ വിപണി കൈയടക്കാറുണ്ട്. തക്കാളി, കാബേജ്, കോളി ഫ്ളവര്‍, കാപ്സികം, കസ്, കക്കിരി, പച്ചമുളക്, കൂസ, പാവയ്ക തുടങ്ങിയ നിരവധി വിളകളാണ് ഒമാനില്‍ ഉല്‍പാദിപ്പിക്കുന്നത്. കൃഷിനാശം സംഭവിച്ച മേഖലകളില്‍ പുതിയ  വിത്തിറക്കി വിളവെടുപ്പ് എടുക്കണമെങ്കില്‍ 60 ദിവസമെങ്കിലും എടുക്കും. അതിനാല്‍ ഇനി പച്ചക്കറി വില താഴേക്ക് പോവാന്‍ സാധ്യതയില്ല.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.