ദൈവദൂതനായത്തെിയ സുഹൃത്ത്

തൊണ്ണൂറുകളില്‍ കേരളത്തിലെ ഏതൊരാളുടെയും ആഗ്രഹമായിരുന്നു ഗള്‍ഫിലേക്കൊരു വിസ. സൗദി അറേബ്യയിലേക്ക് വിസ ശരിയായിയെന്ന് ഏജന്‍റ് അറിയിച്ചതിനെ തുടര്‍ന്ന് 1993 ഫെബ്രുവരി 18ന് ഞാന്‍ മുംബൈയിലേക്ക് വണ്ടികയറി. അവിടെയത്തെി രണ്ടുദിവസം കഴിഞ്ഞാണ് വിസക്കെന്തോ പ്രശ്നമുണ്ടെന്ന് ഏജന്‍റില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. കുടുംബ സുഹൃത്തിന്‍െറ പരിചയക്കാരനായതിനാല്‍ ഏജന്‍റ് അഡ്വാന്‍സ് തുകയൊന്നും വാങ്ങിയിട്ടില്ലായിരുന്നു. കുറച്ചുദിവസം കൂടി മുംബൈയില്‍ തങ്ങിയാല്‍ മറ്റെങ്ങോട്ടെങ്കിലും വിസ തരപ്പെടുത്താമെന്ന അദ്ദേഹത്തിന്‍െറ നിര്‍ദേശത്തെ കൂടെയുണ്ടായിരുന്ന മറ്റുള്ളവരോടൊപ്പം അംഗീകരിക്കാന്‍ ഞാനാദ്യമൊന്നു മടിച്ചു.
നാടിനെ കുറിച്ചുള്ള നനവേറുന്ന ഓര്‍മകള്‍ എന്നില്‍ നിറഞ്ഞു. എത്ര കഷ്ടപ്പാട് സഹിച്ചാണെങ്കിലും മുംബൈയില്‍ തുടരാന്‍ ഞാനും നിശ്ചയിച്ചു. അങ്ങിനെയിരിക്കെയാണ് മുംബൈ മലയാളിയായ തലശ്ശേരിക്കാരന്‍ ദിനേശ് എന്ന ദിനേശ് ഭായിയെ എനിക്കോര്‍മ വന്നത്. അദ്ദേഹവും കുടുംബവും കോഴിക്കോട്ടത്തെുമ്പോഴൊക്കെ ഞാന്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് കല്ലായ് റോഡിലെ സവേര റസ്റ്റാറന്‍റില്‍ ഭക്ഷണം കഴിക്കാനത്തെുമായിരുന്നു. പരിചയപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍െറ വിസിറ്റിങ് കാര്‍ഡ് എനിക്ക് നല്‍കി. എന്നെങ്കിലും മുംബൈയിലത്തെിയാല്‍ വിളിക്കണമെന്നും പറഞ്ഞിരുന്നു. ഭാഗ്യമെന്നു പറയട്ടെ, അദ്ദേഹത്തിന്‍െറ നമ്പറില്‍ വിളിച്ചപ്പോള്‍ കിട്ടി. കാര്യങ്ങളൊക്കെ വിശദമാക്കി. വൈകുന്നേരം തന്നെ അദ്ദേഹം എന്നെ കൊണ്ടുപോകാന്‍ എത്തുകയും ചെയ്തു. എന്‍െറ നിര്‍ബന്ധത്തിനു വഴങ്ങി മനസ്സില്ലാ മനസ്സോടെ ഏജന്‍റ് എന്നെ ദിനേശ് ഭായിയുടെ കൂടെ പോകാന്‍ അനുവദിച്ചു.ഭായ് എന്നെ അദ്ദേഹത്തിന്‍െറ കമ്പനി ജോലിക്കാരുടെ താമസ സ്ഥലത്താക്കി. അവിടെയുള്ള താമസക്കാരില്‍ മിക്കവരും തലശ്ശേരിക്കാര്‍. പകല്‍ സമയം അവരൊക്കെ ജോലിക്കു പോയാല്‍ റൂമില്‍ ഞാന്‍ തനിച്ചാകും. അങ്ങിനെ മൂന്നാം നാള്‍ റമദാന്‍ സമാഗതമായി. അടുത്തെങ്ങും മുസ്ലിം പള്ളിയുമുണ്ടായിരുന്നില്ല.
കൂടെയുണ്ടായിരുന്ന ഹൈന്ദവ സഹോദരങ്ങള്‍ എന്‍െറ നോമ്പ് എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ കുഴങ്ങി. ഒടുവില്‍ രാത്രി ഭക്ഷണം അവരോടൊപ്പം കഴിച്ച് നോമ്പിന്‍െറ നിയ്യത്തും വെച്ച് ഞാനുറങ്ങി. കൂടെയുണ്ടായിരുന്നവര്‍ പതിവ് പോലെ രാവിലെ തന്നെ ജോലിക്ക് പോയി. ബാങ്ക് വിളി കേള്‍ക്കാന്‍ യാതൊരു സാധ്യതയുമില്ലാത്ത സ്ഥലം. എന്ത് ചെയ്യും? മനസ്സ് വല്ലാതെ വിങ്ങി... കണ്ണുകള്‍ നിറഞ്ഞു.
നാളെ തന്നെ നാട്ടിലേക്ക് തിരിച്ചാലോ എന്നോര്‍ത്തിരിക്കുമ്പോഴാണ് ഏതാണ്ട് മഗ്രിബിന്‍െറ അര മണിക്കൂര്‍ മുമ്പ് ദിനേശ് ഭായ് കാറില്‍ വന്ന് എന്നെ കൂട്ടിക്കൊണ്ടു പോയത്. വഴി മധ്യേ ഒരു കൊച്ചു നമസ്കാര പള്ളി അദ്ദേഹം കാണിച്ചു തന്നു. ഞങ്ങളുടെ കാര്‍ എത്തിച്ചേര്‍ന്നത് മലയാളി ഹോട്ടലിന്‍െറ മുമ്പിലായിരുന്നു. തനി തലശ്ശേരി വിഭവങ്ങള്‍ തീന്‍മേശയില്‍ നിരന്നു. ഭക്ഷണ പ്രിയനായ ഭായിയും എന്നോടൊപ്പം നോമ്പ് തുറയില്‍ പങ്ക് ചേര്‍ന്നു.
റമദാന്‍ 15 വരെ ഇത് തുടര്‍ന്നു.ഇതിനിടയില്‍ ദിനേശ് ഭായ് അദ്ദേഹത്തിന് അടുത്തറിയാവുന്ന ഒരു ട്രാവല്‍സ് സുഹൃത്ത് മുഖേന ഖത്തറിലേക്ക് വിസയും എനിക്ക് വേണ്ടി തരപ്പെടുത്തിയിരുന്നു. എങ്കിലും പെരുന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ അദ്ദേഹം എന്നെ നാട്ടിലേക്കയച്ചു. നാട്ടില്‍ പെരുന്നാള്‍ കൂടി ദിവസങ്ങള്‍ക്കകം മുംബൈയില്‍ തിരിച്ചത്തെി ഒരാഴ്ചക്കകം ഖത്തറിലേക്ക് യാത്രയായി. മാസത്തിലൊരിക്കലെങ്കിലും ഞങ്ങള്‍ തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം മുടങ്ങാറില്ല. എത്ര തിരക്കുണ്ടെങ്കിലും റമദാനിലെ ഒരു ദിവസം എന്നെയും വിളിക്കും. നോമ്പിന്‍െറ പുണ്യദിനങ്ങളില്‍ മാത്രമല്ല, എന്‍െറ ജീവിതത്തിലെ ഒരു ദിനവും നന്മയുടെ നിറകുടമായ ആ മനുഷ്യനെ ഓര്‍ക്കാതെ കടന്നുപോകാറില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.