യോഗ ദിനാചരണത്തില്‍  നിരവധിപേര്‍ പങ്കാളികളായി

മസ്കത്ത്: അന്താരാഷ്ട്ര യോഗദിനാചരണത്തില്‍ ഒമാനില്‍ ആയിരങ്ങള്‍ പങ്കാളികളായി. ഇന്ത്യന്‍ എംബസി ആഭിമുഖ്യത്തില്‍ ഒമാന്‍ ഇന്‍റര്‍നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ നടന്ന പരിപാടിയില്‍ മൂവായിരത്തോളം പേര്‍ അണിനിരന്നു. 
യോഗ സെഷന്‍ ആരംഭിക്കുന്നതിനുമുമ്പ് ഇന്ത്യന്‍ പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി,  ഒമാന്‍ റേസിങ് താരം അഹ്മദ് അല്‍ ഹാര്‍ത്തി, ടെന്നിസ് താരം ഫാത്തിമ അല്‍ നബ്ഹാനി എന്നിവരുടെ സന്ദേശങ്ങള്‍ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. ഒമാന്‍ സ്പോര്‍ട്സ് അഫയേഴ്സ് മന്ത്രി ശൈഖ് സാദ് ബിന്‍ മുഹമ്മദ് അല്‍ മര്‍ദൂഫ് അല്‍ സാദി മുഖ്യാതിഥിയും വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ യൂസുഫ് അല്‍ സറാഫി വിശിഷ്ടാതിഥിയുമായിരുന്നു. ഒമാനില്‍ യോഗയുടെ പ്രചാരണത്തിന് സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. 
ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെയുടെ നേതൃത്വത്തിലായിരുന്നു മസ്കത്തിലെ ദിനാചരണ ചടങ്ങുകള്‍. സലാല ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്, സൂര്‍ ജിന്‍ഡാല്‍ ക്ളബ് എന്നിവിടങ്ങളിലും ദിനാചരണ പരിപാടികള്‍ നടന്നു. 
സൂര്‍: സൂര്‍ യോഗാ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രദര്‍ശനത്തില്‍ ഏഴു വിവിധ രാജ്യക്കാര്‍ ഉള്‍പ്പെടെ നാന്നൂറോളം പേര്‍ പങ്കെടുത്തു. 
വൈകീട്ട് ഒമ്പത് മുതല്‍ 10.30 വരെ നടന്ന യോഗ പ്രദര്‍ശനത്തിന് ബിനു മാധവന്‍, സജിത്ത് കരിമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. 
പങ്കെടുത്ത എല്ലാവര്‍ക്കും യോഗാ മാറ്റ്, ടി ഷര്‍ട്ട് എന്നിവ വിതരണം ചെയ്തു. 
പൊതുയോഗത്തില്‍ പ്രേംജി അധ്യക്ഷത വഹിച്ചു. സൂര്‍ ക്ളബ് പ്രസിഡന്‍റ് വാഹിബ് അല്‍ ഗെയ്ലാനി, കോണ്‍സുലാര്‍ ഏജന്‍റ് ഡോ. ഷിയോകുമാര്‍ ശര്‍മ, ജി.കെ പിള്ള (ബി.ഇ.സി) തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ത്യന്‍ അംബാസഡറുടെയും മജ്ലിസുശൂറ അംഗം ശൈഖ് സൈദ് മുഹമ്മദ് അല്‍ സനാനിയുടെയും സന്ദേശങ്ങള്‍ ചടങ്ങില്‍ വായിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.