നിക്ഷേപവും തൊഴിലവസരവും: അഞ്ചു മേഖലകള്‍ കേന്ദ്രീകരിച്ച് കര്‍മപദ്ധതി നടപ്പാക്കും

മസ്കത്ത്: നിക്ഷേപവും തൊഴിലവസരങ്ങളും പ്രോത്സാഹിപ്പിക്കാന്‍ അഞ്ചു മേഖലകള്‍ കേന്ദ്രീകരിച്ച് കര്‍മപദ്ധതി നടപ്പാക്കുമെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ പ്ളാനിങ് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ തലാല്‍ അല്‍ റഹ്ബിപറഞ്ഞു. 2020വരെ നീളുന്ന ഒമ്പതാം പഞ്ചവല്‍സര പദ്ധതിക്ക് കീഴിലുള്ള ദേശീയ സാമ്പത്തിക വൈവിധ്യവത്കരണ പരിപാടിയുടെ ഭാഗമായാണ് കര്‍മപദ്ധതി നടപ്പാക്കുക. ഉല്‍പാദനം, ചരക്കുഗതാഗതം, ടൂറിസം, ഫിഷറീസ്, ഖനന മേഖലകളിലേക്ക് നിക്ഷേപം ആകര്‍ഷിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് അല്‍ റഹ്ബി ടൈംസ് ഓഫ് ഒമാന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സ്വദേശികള്‍ക്ക് വര്‍ധിച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം ആഭ്യന്തര ഉല്‍പാദനത്തില്‍ സ്വകാര്യമേഖലയുടെ പങ്ക് വര്‍ധിപ്പിക്കുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി നടക്കുന്ന അവലോകന യോഗങ്ങള്‍ക്കും സെമിനാറുകള്‍ക്കും ശേഷമാകും ഈ മേഖലകളില്‍ എത്ര തൊഴിലവസരങ്ങള്‍ ലഭ്യമാകുമെന്ന് പറയാന്‍ കഴിയൂ. പദ്ധതിയുടെ ഭൂരിപക്ഷം ഭാഗവും ഈ വര്‍ഷം തന്നെ നടപ്പാക്കും.
 മറ്റു മേഖലകളെ സംബന്ധിച്ച് കൂടുതല്‍ സാധ്യതകളും അവസരങ്ങളും കണക്കിലെടുത്താണ് അഞ്ചു മേഖലകള്‍ കേന്ദ്രീകരിച്ചുള്ള വികസന പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് അല്‍ റഹ്ബി പറഞ്ഞു. വിവിധ മേഖലകളിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകളില്‍ വിഭവങ്ങളുടെ ലഭ്യത, ചെലവ്, സമയപരിധി തുടങ്ങി വിവിധ വിഷയങ്ങളില്‍ ധാരണയാകും. ഇതിനുശേഷം സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതി നടപ്പാക്കും. ഇതുവഴി എണ്ണ വരുമാനത്തിന്‍െറ അമിത ആശ്രയത്വം കുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അല്‍ റഹ്ബി പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച വ്യവസായ വാണിജ്യ മന്ത്രി ഡോ. അലി ബിന്‍ മസൂദ് അല്‍ സുനൈദിയുടെ അധ്യക്ഷതയില്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ പ്ളാനിങിന്‍െറ ഈ വര്‍ഷത്തെ രണ്ടാമത്തെ യോഗം ചേര്‍ന്നിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.