യൂറോ കപ്പിനോട് പ്രിയമില്ലാതെ  ഒമാന്‍ ഫുട്ബാള്‍ പ്രേമികള്‍

മസ്കത്ത്: മത്സരഘടനയിലെ മാറ്റവും റമദാന്‍ വ്രതവും മൂലം യൂറോ കപ്പ് ഫുട്ബാളിനോട് ഒമാനി യുവാക്കള്‍ക്ക് വലിയ പ്രിയമില്ല. വലിയ സ്ക്രീനുകള്‍ വെച്ച് കളികാണിക്കുന്ന കോഫി ഷോപ്പുകളില്‍ രാത്രി വൈകിയുള്ള മത്സരങ്ങള്‍ക്കുപോലും വേണ്ടത്ര കാണികളില്ളെന്നതാണ് വസ്തുത. ഈ സമയം വലിയ കച്ചവടം പ്രതീക്ഷിക്കുന്ന കോഫി ഷോപ് ഉടമകളും നിരാശയിലാണ്. 

ഒമാനി യുവാക്കള്‍ക്ക് ഒരുപക്ഷേ ലോകകപ്പിനേക്കാള്‍ പ്രിയം ‘യൂറോ’ കപ്പിനോടാകും. അതിനുള്ള പ്രധാന കാരണം ഇംഗ്ളീഷ്, സ്പാനിഷ്, ഇറ്റാലിയന്‍, ജര്‍മന്‍ ലീഗുകളില്‍ ഒക്കെ കളിക്കുന്ന തങ്ങളുടെ പ്രിയ കളിക്കാരുടെ ദേശീയ ടീമുകള്‍ മത്സരത്തിന് വരുന്നു എന്നതാണ്. എല്ലാ ലോകകപ്പിലും ഒരു മരണഗ്രൂപ്പും  അതോടൊപ്പം കറുത്ത കുതിര എന്നു വിശേഷിപ്പിക്കാന്‍ ഒരു ടീമും ഉണ്ടാകും. ലോകകപ്പില്‍ പങ്കെടുക്കുന്ന 32 ടീമുകളില്‍ 13 എണ്ണം യൂറോപ്പില്‍നിന്നാണ്, ആ 13 ടീമും യൂറോ കപ്പില്‍ കളിക്കാന്‍ മിക്കവാറും ഉണ്ടാകും. 

പിന്നെയുള്ള മൂന്നു  ടീമുകള്‍ കപ്പിനും ചുണ്ടിനും ഇടയില്‍ ലോകകപ്പ് പ്രവേശം നഷ്ടപ്പെട്ടവരായിരിക്കും. നാലു ഗ്രൂപ്പുകളിലായി 16 ടീമുകളാണ് കഴിഞ്ഞ യൂറോ കപ്പുവരെ  ഉണ്ടായിരുന്നത്. എല്ലാ ഗ്രൂപ്പും മരണഗ്രൂപ് ആയിരുന്നു. അതിനാല്‍തന്നെ പ്രാഥമിക റൗണ്ട് മുതലുള്ള ആവേശഭരിതമായ ഓരോ മത്സരവും കാണാന്‍ ബിഗ് സ്ക്രീന്‍ കോഫി ഷോപ്പുകളില്‍ വന്‍ തിരക്കായിരുന്നു. എന്നാല്‍, ഇത്തവണ മുതല്‍ ടീമുകളുടെ എണ്ണം 24 ആവുകയും ഗ്രൂപ്പുകള്‍ ആറ് ആവുകയും പ്രീ ക്വാര്‍ട്ടര്‍ വരുകയും ചെയ്തതോടെ  പ്രാഥമിക റൗണ്ടിലെ മത്സരങ്ങള്‍ക്ക് ആവേശം തീരെയില്ലാതെയായി. ടീമുകളുടെ എണ്ണം 24 ആയപ്പോള്‍ കരുത്ത് കുറഞ്ഞ ടീമുകളും സ്ഥാനം പിടിച്ചതാണ് കാരണം.  ഇനി പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ തുടങ്ങിയാലേ ആവേശഭരിതമാകൂ. മിക്ക ദിവസവും മൂന്നു മത്സരങ്ങളാണുള്ളത്. അതില്‍ ആദ്യമത്സരം വൈകുന്നേരം അഞ്ചിനും രണ്ടാമത്തേത് എട്ടിനും മൂന്നാമത്തേത് 11 മണിക്കുമാണ്. നോമ്പിന്‍െറയും ഇഫ്താറിന്‍െറയും തിരക്കൊഴിഞ്ഞുള്ള  മൂന്നാമത്തെ മത്സരം കാണാന്‍ ആണ് കോഫി ഷോപ്പുകളില്‍ അല്‍പമെങ്കിലും ആളുകളുള്ളത്. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ആകുമ്പോഴേക്കും നോമ്പ് കഴിയുമെങ്കിലും പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ നോമ്പ് ആയിരിക്കും. കഴിഞ്ഞ ലോകകപ്പിന്‍െറ അവസാന സമയത്ത്  നോമ്പ് ആയിരുന്നെങ്കിലും അത് കച്ചവടത്തെ കാര്യമായി ബാധിച്ചില്ളെന്നാണു കച്ചവടക്കാര്‍ പറയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.