നോമ്പെടുക്കാന്‍ മന്ത്രിക്ക് നിവേദനം

1976-77 വര്‍ഷം. കുന്ദംകുളം സ്പോര്‍ട്സ് ഹോസ്റ്റലില്‍ ചേര്‍ന്നിട്ട് അധികകാലമായില്ല. ദിവസേന കഠിനമായ കായികക്ഷമതാ പരിശീലനങ്ങള്‍. ആഴ്ചയിലൊരു ദിവസം നൂറിലധികം വരുന്ന വിദ്യാര്‍ഥികളും പരിശീലകരും ചേര്‍ന്ന് കിലോമീറ്ററുകളോളം ഓടണമെന്നതും നിര്‍ബന്ധം. അതിനിടയിലാണ് റമദാന്‍ ആഗതമായത്. പരിശീലനം മുറക്ക് നടക്കണമെന്നതിനാല്‍, എത്ര ശ്രമിച്ചിട്ടും നോമ്പെടുക്കാന്‍ കഴിഞ്ഞില്ല. അവധി ലഭിക്കുന്ന ഞായറാഴ്ചകളില്‍ മാത്രമാണ് വ്രതമനുഷ്ഠിക്കാന്‍ കഴിഞ്ഞത്. 
കൂട്ടത്തില്‍ 16 പേരാണ് നോമ്പെടുക്കുന്നവരായി ഉണ്ടായിരുന്നത്. പില്‍ക്കാലത്ത് കേരള ഫുട്ബാളിന്‍െറ അഭിമാനമായി വളര്‍ന്ന അരീക്കോട്ടുകാരന്‍ യു. ഷറഫലി അടക്കമുള്ളവര്‍. എങ്ങനെയും നോമ്പെടുക്കണമെന്ന കാര്യം ഞങ്ങള്‍ കൂട്ടമായി ആലോചിച്ചു. എങ്ങനെയെങ്കിലും പരിശീലനത്തിന്‍െറ കാഠിന്യം കുറച്ചുകിട്ടിയാല്‍ മതിയായിരുന്നു. എന്നാല്‍, പട്ടാളച്ചിട്ടയില്‍ പരിശീലനം നല്‍കുന്ന അധ്യാപകരുടെയടുത്ത് നേരിട്ട് ആവശ്യപ്പെടാന്‍ തുടക്കക്കാരായ ഞങ്ങള്‍ക്ക് പേടിയായിരുന്നു. അങ്ങനെ ഇക്കാര്യം പരിശീലകര്‍ക്ക് മുന്നില്‍വെക്കാന്‍ ഹോസ്റ്റല്‍ വാര്‍ഡനായിരുന്ന പീറ്റര്‍ സാറിനെ സമീപിച്ചു. 
എന്നാല്‍, പരിശീലകരുടെ സമീപനം അനുകൂലമല്ളെന്നായിരുന്നു അദ്ദേഹത്തിന്‍െറ മറുപടി. ഞങ്ങള്‍ നിരാശരായിരിക്കാതെ കടുത്ത നടപടിക്ക് തന്നെ മുതിര്‍ന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചാക്കീരി അഹ്മദ് കുട്ടിക്ക് നിവേദനം നല്‍കാനായിരുന്നു തീരുമാനം. കാസര്‍കോട്ടുനിന്നുള്ള ഹസൈനാര്‍, പെരിന്തല്‍മണ്ണക്കാരന്‍ സൈതലവി, കണ്ണൂരിലെ ബഷീര്‍, ശറഫലി, മുക്കത്തെ സലീം, സൈതാലിക്കുട്ടി, കൊടുവള്ളിയിലെ ഉസ്മാന്‍, നരിക്കുനിക്കാരന്‍ അബൂബക്കര്‍, തൃക്കരിപ്പൂരിലെ അഹ്മദ്, ജലീല്‍ തുടങ്ങിയവരെല്ലാം ഒപ്പിട്ട നിവേദനം തപാല്‍ വഴിയാണ് മന്ത്രിക്ക് അയച്ചത്. 
വലിയ പ്രതീക്ഷയില്ലാതെ ചെയ്ത പ്രവൃത്തിയെന്ന നിലയില്‍ സ്വാഭാവികമായി അത് മറന്നു. ഒരാഴ്ച കഴിഞ്ഞ് പരിശീലന സ്ഥലത്ത് കോച്ചുമാരുടെ സമീപനത്തില്‍ അസ്വാഭാവികത അനുഭവപ്പെട്ടു. 
കൊമ്പന്‍ മീശക്കാരനായ മാത്യു സര്‍, ദേവസിക്കുട്ടി സര്‍, നായര്‍ സര്‍ തുങ്ങിയവര്‍ക്കെല്ലാം പതിവില്‍ കവിഞ്ഞ ഗൗരവവും കാര്‍ക്കശ്യവും. നിരന്തരമുള്ള ആജ്ഞകളും തീക്ഷ്ണമായ നോട്ടവും. കുട്ടികളുടെയെല്ലാം തലയെണ്ണിക്കഴിഞ്ഞ ശേഷം മാത്യു സാറിന്‍െറ പതിവില്ലാത്ത കല്‍പന. ‘മുസ്ലിം സ്റ്റുഡന്‍റ്സ് ഫോര്‍വേഡ് ആന്‍ഡ് ഒൗട്ട്’. കാരണമറിയാതെ കുഴങ്ങിയ ഞങ്ങള്‍ പീറ്റര്‍ സാറിനോട് കാര്യം തിരക്കി. ‘നിങ്ങള്‍ വിദ്യാഭ്യാസ മന്ത്രിക്ക് വല്ല നിവേദനവും അയച്ചിരുന്നോ’ എന്നായി അദ്ദേഹം. ചോദ്യം കേട്ടപ്പോള്‍ ഹോസ്റ്റലില്‍ നിന്ന് പുറത്തായി എന്ന് ഞങ്ങള്‍ നെഞ്ചിടിപ്പോടെ ഉറപ്പിച്ചു. എന്നാല്‍, ജി.വി രാജ അടക്കം എല്ലാ സ്പോര്‍ട്സ് സ്കൂളുകളിലും വിദ്യാഭ്യാസ വകുപ്പിന്‍െറ മെമ്മോ ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ റമദാനില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് കഠിന പരിശീലത്തില്‍ ഇളവുനല്‍കാന്‍ തീരുമാനിച്ചു എന്നറിഞ്ഞപ്പോഴാണ് ആശ്വാസമായത്. നിവേദനം നല്‍കിയതിന്‍െറ നീരസം പരിശീലകര്‍ക്കും ഏതാനും ദിവസം കൊണ്ട് തീര്‍ന്നു. തുടക്കത്തിലെ അപരിചിതത്വം അവസാനിച്ച് ബന്ധം ഊഷ്മളമായതോടെ അധ്യാപകരുടെ പൂര്‍ണ പിന്തുണയോടെയായിരുന്നു ഞങ്ങളുടെ നോമ്പും നോമ്പുതുറയും. ഞങ്ങള്‍ക്കൊപ്പം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രണ്ട് അമുസ്ലിം സഹപാഠികളും നോമ്പെടുത്തിരുന്നു. 
ബെര്‍ലി ജോസ് ആയിരുന്നു ഒരാള്‍. ഹോസ്റ്റല്‍ ജീവനക്കാരും നോമ്പില്ലാത്ത സഹപാഠികളുമെല്ലാം ചേര്‍ന്ന് നോമ്പ് തുറക്കുന്നതിനുള്ള വിഭവങ്ങള്‍ ഒരുക്കാനും ഒത്താശ ചെയ്യാനും അതീവ താല്‍പര്യത്തോടെ രംഗത്തിറങ്ങിയ അക്കാലം പിന്നീട് എല്ലാ റമദാനിലും മനസ്സിലോടിയത്തെുന്ന മധുരമുള്ള ഓര്‍മയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.