പുണ്യങ്ങളുടെ പൂക്കാലമായി;  ഇനി വ്രതവിശുദ്ധിയുടെ നാളുകള്‍

മസ്കത്ത്: ഇനി ദൈവകാരുണ്യവും അനുഗ്രഹവും പെയ്തിറങ്ങുന്ന വ്രതവിശുദ്ധിയുടെ നാളുകള്‍.  ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കിയാണ് ഒമാനില്‍ റമദാന്‍ ആരംഭിക്കുന്നത്. കേരളത്തിലും മറ്റു ഗള്‍ഫ്നാടുകളിലും ഇന്നലെ റമദാന്‍ വ്രതം ആരംഭിച്ചിരുന്നു. വിശ്വാസികള്‍ക്കിത് ആത്മനിര്‍വൃതിയുടെ മാസമാണ്. ആത്മവിശുദ്ധിയുടെയും പാപ വിമലീകരണത്തിന്‍െറയും പകലിരവുകളാകും ഇനി. അന്നപാനീയങ്ങളും സുഖേച്ഛകളും ദൈവേച്ഛക്ക് വഴിമാറുന്ന പകലുകള്‍. 
ഖുര്‍ആന്‍ പാരായണത്തിലും പ്രാര്‍ഥനകളിലും നമസ്കാരങ്ങളിലും ദൈവസ്മരണകളിലും മുഴുകി ജീവന്‍വെപ്പിക്കുന്ന രാവുകള്‍. ദൈവത്തില്‍ സ്വയം സമര്‍പ്പിച്ച് പാപക്കറകള്‍ കഴുകി ആത്മാവിനെ സ്ഫടിക സമാനമാക്കാന്‍ കെല്‍പുള്ള  ദിനരാത്രങ്ങള്‍. ഖുര്‍ആന്‍ പാരായണവും ദൈവസ്തോത്രവുമായി ദൈവത്തില്‍ അലിയുന്ന പുണ്യമുഹൂര്‍ത്തങ്ങള്‍. ആരാധനാ കര്‍മങ്ങള്‍ക്ക് അനേകമിരട്ടി പ്രതിഫലമാണ് ഇനിയുള്ള ഒരുമാസം ലഭിക്കുക. സ്വര്‍ഗകവാടങ്ങള്‍ മലര്‍ക്കെ തുറക്കുകയും നരകത്തിന്‍െറയും തിന്മയുടെയും വാതായനങ്ങള്‍ അടക്കപ്പെടുകയും ചെയ്യുന്ന പുണ്യ ദിനങ്ങള്‍... ആരാധനകള്‍ക്കും കര്‍മാനുഷ്ഠാനങ്ങള്‍ക്കുമൊപ്പം വിശ്വാസികള്‍ സാമൂഹിക പ്രതിബദ്ധത നിറവേറ്റുന്നതിലും ശ്രദ്ധയൂന്നുന്ന നാളുകളാകും ഇനി. നിര്‍ബന്ധിത സകാത്ത് നല്‍കിയും ദാനധര്‍മങ്ങള്‍ അധികരിപ്പിച്ചും വിശ്വാസികള്‍ പുണ്യങ്ങള്‍ ഇരട്ടിപ്പിക്കും. രാവുറങ്ങാത്ത നാളുകളാകും ഗള്‍ഫില്‍ ഇനി. രാവറ്റംവരെ മസ്ജിദുകളും വ്യാപാരസ്ഥാപനങ്ങളും തുറന്നിടുന്നു. ഹോട്ടലുകള്‍ പുലരുവോളം പ്രവര്‍ത്തിക്കും. പകല്‍ ഇവ അടഞ്ഞുകിടക്കും. റമദാന്‍െറ പവിത്രത കാത്തുസൂക്ഷിക്കണമെന്ന് ഒമാന്‍ സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാന്യമായ വസ്ത്രധാരണ രീതിയും വേണമെന്നും പകല്‍സമയങ്ങളില്‍ പരസ്യമായി ഭക്ഷണം കഴിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിശ്വാസികളുടെ സൗകര്യത്തിനായി സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിസമയവും പരിമിതപ്പെടുത്തിയിട്ടുണ്ട്. 
ശരാശരി 15 മണിക്കൂറാണ് റമദാന്‍ വ്രതത്തിന്‍െറ ദൈര്‍ഘ്യം. രാജ്യത്ത് പലയിടത്തും ചൂട് 40 ഡിഗ്രി കഴിഞ്ഞ സാഹചര്യത്തില്‍ നോമ്പെടുക്കുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യരംഗത്തുള്ളവര്‍ മുന്നറിയിപ്പ് നല്‍കി. മധ്യാഹ്ന വിശ്രമം പ്രഖ്യാപിച്ചത് നിര്‍മാണമേഖലയിലും പുറത്തും ജോലിചെയ്യുന്നവര്‍ക്ക് ആശ്വാസമാകും. സംഘടനകളും വ്യക്തികളുമെല്ലാം ഇഫ്താറിന്‍െറ ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. 
പള്ളികളില്‍ ഇഫ്താറിന് വിപുല ഒരുക്കങ്ങളാണ് നടത്തുന്നത്. സൊഹാര്‍, മസ്കത്ത് തുടങ്ങി വിവിധയിടങ്ങളില്‍ വൈവിധ്യമുള്ള ഭക്ഷ്യവിഭവങ്ങളുമായി ഇഫ്താര്‍ ടെന്‍റുകളും ഒരുങ്ങിക്കഴിഞ്ഞു. ആയിരങ്ങളാണ് ഇത്തരം ഇഫ്താറുകളില്‍ പങ്കെടുക്കുന്നത്. മലയാളികളാണ് ഇഫ്താറുകള്‍ സംഘടിപ്പിക്കുന്നതില്‍ മുന്നില്‍നില്‍ക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഏതാണ്ടെല്ലാ മലയാളി സംഘടനകളും ഇഫ്താറുകള്‍ ഒരുക്കും. കമ്പനികളും സ്ഥാപനങ്ങളും ഇഫ്താറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. വിവിധ ഹോട്ടലുകള്‍ വൈവിധ്യമാര്‍ന്ന ഇഫ്താര്‍ മെനു പ്രഖ്യാപിച്ചുകഴിഞ്ഞു. ഞായറാഴ്ചയും തിങ്കളാഴ്ച വൈകുന്നേരവും മാര്‍ക്കറ്റുകളിലും സൂഖുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലുമെല്ലാം നല്ല തിരക്ക് അനുഭവപ്പെട്ടു. ചൂട് കണക്കിലെടുത്ത് പഴവര്‍ഗങ്ങള്‍ സ്വദേശികളും വിദേശികളും കൂടുതലായി വാങ്ങിക്കൂട്ടി. 
പച്ചക്കറികള്‍ക്കും പഴ വര്‍ഗങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി മസ്ജിദുകളില്‍ തറാവീഹ് നമസ്കാരത്തിനുവേണ്ടി വിശ്വാസികള്‍ ഒത്തുകൂടി. 
ഇനിയുള്ള ദിനരാത്രങ്ങള്‍ ജീവിതത്തില്‍ വെളിച്ചം പകരുന്നതും സ്വര്‍ഗത്തിലേക്ക് പാതയൊരുക്കുന്നതുമാവുമെന്ന പ്രത്യാശയിലാണ് വിശ്വാസികള്‍. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.