സൂഖുകളില്‍ യാചക മാഫിയ വിലസുന്നു

മത്ര:  സൂഖുകളിലും മാളുകളിലും യാചക മാഫിയ വിലസുന്നു. റമദാനെ വരവേല്‍ക്കുന്നതിനു മുന്നോടിയായി ഏതാനും ദിവസങ്ങളായി സജീവമായ സൂഖുകളെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. പാകിസ്താനില്‍നിന്നുള്ള പുരുഷന്മാരും യമന്‍, സിറിയ, ഫലസ്തീന്‍ എന്നിവിടങ്ങളില്‍ നിന്നാണ് വരുന്നതെന്ന് പറഞ്ഞ് സ്ത്രീകളുമാണ് യാചനക്ക് മുന്‍പന്തിയിലുള്ളത്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മത സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്‍െറ കര്‍ശന വിലക്കുള്ളതിനാല്‍ അതിനെ മറികടക്കാന്‍ ചില സാധനങ്ങളും ഇവര്‍ കൈയില്‍ കരുതും. മക്കയുടെയും മദീനയുടെയും ചിത്രങ്ങള്‍, ഖുര്‍ആന്‍ സൂക്തങ്ങള്‍, മദ്റസയില്‍ കുട്ടികള്‍ പഠിക്കുന്ന ഫോട്ടോ എന്നിവ ഉദാഹരണം. സ്ത്രീകളെ മാത്രമാണ് ഇക്കൂട്ടര്‍ സമീപിക്കാറുള്ളത്.  ചില സ്വദേശി വേഷധാരികളും ഒറ്റപ്പെട്ട തോതില്‍ കറങ്ങിനടക്കുന്നുണ്ട്.
സ്വദേശി വേഷധാരികളായ യുവാക്കള്‍ മാതാപിതാക്കള്‍ക്ക് കാന്‍സറാണെന്നും സഹായിക്കണമെന്നും പറഞ്ഞ് പ്രിന്‍റ് ചെയ്ത അഭ്യര്‍ഥനയുമായിട്ടാണ് വരുന്നത്. മാര്‍ക്കറ്റില്‍ തിരക്കനുഭവപ്പെടുന്ന നേരങ്ങളില്‍ പ്രത്യക്ഷപ്പെട്ട് സങ്കടങ്ങള്‍ പറഞ്ഞ് സമീപിക്കുന്ന ഇവര്‍ക്ക് ഭൂരിപക്ഷം സ്ത്രീകളും പണം നല്‍കാറുമുണ്ട്.
ചില സംഘങ്ങള്‍ തങ്ങളുടെ ആവശ്യങ്ങളടങ്ങിയ വര്‍ണ ബ്രോഷറുകള്‍ കവറുകളിലാക്കി കടകളില്‍ നേരത്തേ വിതരണം ചെയ്യും. റമദാന്‍ മാര്‍ക്കറ്റ് സജീവമാകുമ്പോള്‍ കവര്‍ തിരിച്ചുവാങ്ങാനെന്ന പേരില്‍ ഇവര്‍ പണവും വാങ്ങിപോകുന്നു. തിരക്കുള്ളതിനാല്‍ ശല്യം ഒഴിവാക്കാന്‍ കടക്കാര്‍ പണം കൊടുക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. സാധനങ്ങള്‍ വാങ്ങാനത്തെുന്നവര്‍ക്കും ഇക്കൂട്ടര്‍ ശല്യമാവുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.