ഓഹരി വിപണിയില്‍ തിളങ്ങിയത് ധനകാര്യ സ്ഥാപനങ്ങള്‍

മസ്കത്ത്: വര്‍ഷത്തിന്‍െറ ആദ്യപാതിയില്‍ ഓഹരിവിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് ധനകാര്യ മേഖല. 789 പോയന്‍റ് ഉയര്‍ന്ന്  7266 പോയന്‍റിലാണ്  ജൂണ്‍ അവസാനത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്. എണ്ണവിലയിടിവിന്‍െറ പശ്ചാത്തലത്തിലും മികച്ച പ്രവര്‍ത്തനഫലത്തോടെ നിക്ഷേപകരുടെ ആത്മവിശ്വാസമാര്‍ജിക്കാന്‍ ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞു. ബാങ്കുകള്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ബാങ്ക് മസ്കത്തിന്‍െറ അറ്റാദായം കഴിഞ്ഞ വര്‍ഷത്തെ 89.8 ദശലക്ഷം റിയാലില്‍ നിന്ന് 90.4 ദശലക്ഷം റിയാല്‍ ആയി ഉയര്‍ന്നതായി പ്രാഥമിക കണക്കുകള്‍ കാണിക്കുന്നു. നാഷനല്‍ ബാങ്ക് ഓഫ് ഒമാന്‍െറ അറ്റാദായം 28.1 ദശലക്ഷത്തില്‍നിന്ന് 29.4 ദശലക്ഷം റിയാലായും ബാങ്ക് ദോഫാറിന്‍േറത് 22.6 ദശലക്ഷം റിയാലില്‍നിന്ന് 26.1 ദശലക്ഷം റിയാലുമായാണ് വര്‍ധിച്ചത്. എച്ച്.എസ്.ബി.സി ഒമാന്‍െറ അറ്റാദായത്തിലാകട്ടെ 51.9 ശതമാനത്തിന്‍െറ വര്‍ധനയാണ് ഉണ്ടായത്. 5.2 ദശലക്ഷത്തില്‍നിന്ന് 7.9 ദശലക്ഷം റിയാലായാണ് വര്‍ധന. ബാങ്ക് നിസ്വയും അല്‍ ഇസ്ലാമിക് ബാങ്കും തങ്ങളുടെ നഷ്ടം കുറച്ചിട്ടുമുണ്ട്. ബാങ്ക് നിസ്വയുടെ നഷ്ടം 3.2 ദശലക്ഷത്തില്‍നിന്ന് 7.27 ലക്ഷം റിയാലായും അല്‍ഇസ് ഇസ്ലാമിക് ബാങ്ക് മൂന്നു ദശലക്ഷത്തില്‍നിന്ന് 2.1 ദശലക്ഷമായിട്ടുമാണ് പ്രവര്‍ത്തന നഷ്ടം കുറച്ചത്. എം.എസ്.എം 30 സൂചികയില്‍ ധനകാര്യമേഖല 12.1 ശതമാനത്തിന്‍െറ വര്‍ധനയാണ് രേഖപ്പെടുത്തിയത്. വ്യവസായ മേഖല 6.8 ശതമാനത്തിന്‍െറയും സേവന മേഖല 5.8 ശതമാനത്തിന്‍െറയും ശരീഅ സൂചിക 3.6 ശതമാനത്തിന്‍െറയും വളര്‍ച്ച രേഖപ്പെടുത്തി.
ബാങ്ക് മസ്കത്ത്, ബാങ്ക് ദോഫാര്‍, അല്‍അഹ്ലി ബാങ്ക്, ബാങ്ക് സൊഹാര്‍, ബാങ്ക് നിസ്വ, എച്ച്.എസ്.ബി.സി ഒമാന്‍ എന്നിവക്ക് പുറമെ നിക്ഷേപക കമ്പനികളായ അല്‍ അന്‍വാര്‍ ഹോള്‍ഡിങ്, ഗള്‍ഫ് ഇന്‍വെസ്റ്റ്മെന്‍റ് സര്‍വിസസ്, ഒമാന്‍ എമിറേറ്റ്സ് ഇന്‍വെസ്റ്റ്മെന്‍റ് ഹോള്‍ഡിങ്, ഒ.എം ഇന്‍വെസ്റ്റ്, ശര്‍ഖിയ ഇന്‍വെസ്റ്റ്മെന്‍റ് ഹോള്‍ഡിങ് എന്നിവയും ഒമാന്‍ യുനൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനിയും അടങ്ങിയതാണ് ധനകാര്യ സൂചിക. 3.1 ശതകോടി റിയാലാണ് ധനകാര്യ സ്ഥാപനങ്ങളുടെ മൊത്തം വിപണി മൂല്യം. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ജോയന്‍റ് സ്റ്റോക് കമ്പനികളുടെ ഓഹരി മൂല്യത്തിന്‍െറ 34 ശതമാനമാണിത്. ലിസ്റ്റ് ചെയ്ത മുഴുവന്‍ സ്ഥാപനങ്ങളുടെയും വിപണി മൂല്യത്തിന്‍െറ 18 ശതമാനവുമാണ് ഈ തുക.

മൊത്ത വ്യാപാര തുകയായ 560.4 ദശലക്ഷം റിയാലില്‍ 293.4 ദശലക്ഷം റിയാലും ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വില്‍പനയുടേതാണ്. ധനകാര്യ സ്ഥാപനങ്ങളുടെ 27.9 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകരുടെ കൈവശമാണ്. ഇതില്‍ 15.6 ശതമാനം പേരും ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ളവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.