വീട്ടുജോലിക്കാര്‍ക്ക് പീഡനം ഹ്യൂമന്‍ റൈറ്റ്സ്  വാച്ച് റിപ്പോര്‍ട്ട്  യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതെന്ന്

മസ്കത്ത്: ഒമാനില്‍ വീട്ടുജോലിക്കാര്‍ പീഡിപ്പിക്കപ്പെടുകയും നിയമലംഘനങ്ങള്‍ക്ക് വിധേയമാവുകയും ചെയ്യുന്നതായുള്ള ആഗോള മനുഷ്യാവകാശ കൂട്ടായ്മയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്‍െറ റിപ്പോര്‍ട്ട് യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് സര്‍ക്കാറിന് കീഴിലെ നാഷനല്‍ ഹ്യൂമന്‍ റൈറ്റ്സ് കമീഷന്‍ അറിയിച്ചു. റിപ്പോര്‍ട്ടിന് ആധാരമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് അവലംബിച്ച രീതി ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്. രാജ്യത്ത് നിയമലംഘനങ്ങള്‍ക്ക് വിധേയമായതായി പറയപ്പെടുന്ന വീട്ടുജോലിക്കാരെക്കുറിച്ച വിവരങ്ങള്‍ ദേശീയ കമീഷന് കൈമാറാന്‍ തയാറാകണം. 
ഇതുവഴി മാത്രമേ ഹ്യൂമന്‍റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ടിന്‍െറ ആധികാരികതയും വിശ്വാസ്യതയും ഉറപ്പാക്കാന്‍ കഴിയൂവെന്നും കമീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. ആഗോള മനുഷ്യാവകാശ കൗണ്‍സിലിന്‍െറ നിബന്ധനകള്‍ക്കനുസരിച്ച് നിരവധി പരാതികള്‍ക്ക് ദേശീയ കമീഷന്‍ ഇടപെട്ട് തീര്‍പ്പുണ്ടാക്കിയത് കാണാതെപോവുകയാണ്. പരാതികള്‍ പരിഹരിക്കുന്നതിന് രാജ്യത്ത് നിലവിലുള്ള എല്ലാ നിയമസാധ്യതകളും ഉപയോഗിക്കണമെന്നാണ് ആഗോള മനുഷ്യാവകാശ കൗണ്‍സില്‍ നിഷ്കര്‍ഷിക്കുന്നത്. ഇത് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് അവഗണിച്ചിരിക്കുകയാണ്. 
തൊഴില്‍പരമായ അവകാശങ്ങള്‍ ഹനിക്കപ്പെടുകയും പീഡനമനുഭവിക്കുകയും ചെയ്യുന്നപക്ഷം സ്വദേശി, വിദേശി ഭേദമില്ലാതെ കോടതിയെ സമീപിക്കാന്‍ ഒമാന്‍ തൊഴില്‍ നിയമം അവകാശം നല്‍കുന്നുണ്ട്. ഒരു ഫീസും നല്‍കാതെ പരാതിക്കാര്‍ക്ക് നിയമോപദേശവും ലഭിക്കുമെന്നും കമീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പ്രതിനിധികളുമായി ഈ വിഷയത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒളിച്ചോടിയവരില്‍നിന്ന് ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്. 
രാജ്യത്തെ 1.30 ലക്ഷത്തോളം വരുന്ന വീട്ടുജോലിക്കാരില്‍ 59 പേരില്‍ നിന്നാണ് റിപ്പോര്‍ട്ടിന്‍െറ ഭാഗമായ വിവരങ്ങള്‍ ശേഖരിച്ചത്. തന്‍െറ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നപക്ഷം സ്പോണ്‍സര്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ അനുവാദം നല്‍കുന്ന ഒമാന്‍ തൊഴില്‍ നിയമത്തിന്‍െറ ലംഘകരാണ് ഈ ഒളിച്ചോടിയവര്‍. 
സ്വദേശികള്‍ക്കൊപ്പം വിദേശികളുടെയും അവകാശങ്ങള്‍ പ്രധാനപ്പെട്ടതാണെന്നും അത് സംരക്ഷിക്കപ്പെടണമെന്നുമാണ് കമീഷന്‍െറ ആഗ്രഹമെന്നും പ്രസ്താവനയില്‍ പറയുന്നു. 
അടിമത്തത്തെ സര്‍ക്കാറും ഒമാനി ജനതയും നിയമ ഭേദഗതിയിലൂടെ ഏറെ വര്‍ഷങ്ങള്‍ക്കുമുമ്പേ ഒഴിവാക്കിയതാണ്. ചില ജോലിക്കാര്‍ തൊഴില്‍ കരാര്‍ നിബന്ധന ലംഘിച്ച് തൊഴിലുടമകളുടെ അവകാശങ്ങളെ ഹനിച്ചതും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് കണ്ടില്ളെന്ന് നടിക്കുന്നു. രാജ്യത്തിന് പുറത്തുനിന്ന് വീട്ടുജോലിക്കാരിയെ കൊണ്ടുവരണമെങ്കില്‍ സ്വദേശി കുറഞ്ഞത് 800 റിയാലെങ്കിലും മുടക്കേണ്ടതുണ്ട്. തൊഴില്‍ കരാര്‍ ലംഘിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നിമിത്തം പലര്‍ക്കും ഈ തുക നഷ്ടപ്പെട്ടിട്ടുണ്ട്. 
കഴിഞ്ഞവര്‍ഷത്തെ എക്സ്പാറ്റ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ടില്‍ പ്രവാസികള്‍ക്ക് ജീവിക്കാന്‍ എളുപ്പമുള്ള രാജ്യങ്ങളില്‍ ഒമാന് ആഗോളതലത്തില്‍ 13ാം സ്ഥാനമാണ് ഉള്ളത്. 
ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്‍െറ കണക്കനുസരിച്ച് ഒമാനില്‍ നിലവില്‍ 144,700 വീട്ടുജോലിക്കാരാണുള്ളത്. ഇവര്‍ക്ക് ശമ്പളം നല്‍കുന്നതിന് 27 ദശലക്ഷം റിയാലാണ് രാജ്യം ചെലവഴിക്കുന്നത്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.