യു.എ.ഇയിലേക്ക് ഒറ്റക്ക് യാത്ര: 23 വയസ്സില്‍ താഴെയുള്ള  പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി

മസ്കത്ത്: ഒമാന്‍ അടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങളിലെ 23 വയസ്സില്‍ താഴെയുള്ള വിദേശി പെണ്‍കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ കൂടെയില്ലാതെയു.എ.ഇയിലേക്ക് യാത്രചെയ്യാന്‍ കഴിയില്ല. ഈ വിഭാഗത്തില്‍പെട്ട പെണ്‍കുട്ടികള്‍ക്ക് ഇ-വിസ ഉണ്ടായാല്‍പോലും യാത്രയില്‍ രക്ഷിതാക്കള്‍ കൂടെയുണ്ടായിരിക്കണം. ഇനിമുതല്‍ ഇത്തരക്കാര്‍ക്ക് രക്ഷിതാക്കളില്‍ ആരെങ്കിലും ഒപ്പമുണ്ടായാലേ വിസ അനുവദിക്കൂവെന്നും യു.എ.ഇ സര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ ഓണ്‍ലൈന്‍ ഇ-വിസ നിയമത്തില്‍ പറയുന്നു. എന്നാല്‍, ഓണ്‍ അറൈവല്‍ വിസ ലഭ്യമായവ  46 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നിയമം ബാധകമല്ല. അല്ലാത്ത എല്ലാ രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് നിബന്ധനകള്‍ ബാധകമാണ്.  21 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കും നിയമം ബാധകമാണ്. 
മേല്‍നോട്ടത്തിന് രക്ഷിതാക്കളോ ബന്ധപ്പെട്ടവരോ ഇല്ലാതെ ഇവര്‍ക്ക് വിസ അനുവദിക്കുകയോ യു.എ.ഇയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയോ ഇല്ല.  ഈ പ്രായപരിധിയില്‍ കുറഞ്ഞ ഓണ്‍ലൈന്‍  വിസ അപേക്ഷകര്‍ രക്ഷിതാക്കളുടെ അപേക്ഷക്കൊപ്പമാണ് ഓണ്‍ലൈന്‍ വിസക്ക് അപേക്ഷിക്കേണ്ടത്. ഇതോടെ, ഒമാനില്‍ ജോലിചെയ്യുന്ന നിരവധി ചെറുപ്പക്കാരായ സ്ത്രീകള്‍ക്ക് ബിസിനസ് യാത്രകളും മറ്റും റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. വിവിധ കമ്പനികളില്‍ ജോലിചെയ്യുന്ന നിരവധി യുവതികള്‍ക്ക് യു.എ.ഇയില്‍  നടക്കുന്ന ബിസിനസ് മീറ്റിങ്ങുകളില്‍ പങ്കെടുക്കാനാന്‍ പറ്റുന്നില്ല. വിവിധ കമ്പനികളിലും മറ്റും ജോലിചെയ്യുന്ന ഇവരില്‍ പലരുടെയും രക്ഷിതാക്കള്‍ ഭൂരിപക്ഷവും നാട്ടിലാണെന്നതാണ് പ്രശ്ന കാരണം.യു.എ.ഇ വിസ ലഭിക്കുന്ന തസ്തികകളില്‍  അല്ലാതെ ജോലിചെയ്യുന്ന രക്ഷിതാക്കള്‍ക്കും കുട്ടികളെ അനുഗമിക്കാന്‍ കഴിയില്ല. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.