ആഴ്ചകളുടെ ഇടവേളയില്‍ രണ്ടാമത്തെ കൊലപാതകം; പ്രവാസികള്‍ ആശങ്കയില്‍

മസ്കത്ത്: ഒരു മാസത്തിനിടെ രണ്ടു മലയാളികള്‍ കൊല്ലപ്പെട്ടതിന്‍െറ ഞെട്ടലില്‍ ഒമാനിലെ പ്രവാസി സമൂഹം. രണ്ടുപേരും കവര്‍ച്ചാശ്രമത്തിനിടെയാണ് കൊല്ലപ്പെട്ടതെന്നത് ആശങ്ക വളര്‍ത്തുന്നു. മുന്‍കാലങ്ങളില്‍ കവര്‍ച്ചാശ്രമങ്ങള്‍ നടക്കാറുണ്ടെങ്കിലും കൊല നടക്കാറില്ല. ഒമാന്‍ ഫ്ളോര്‍ മില്‍ കമ്പനിയിലെ ജീവനക്കാരനായ സത്യനാണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. ജൂണ്‍ പത്തിന് ഇബ്രിയില്‍ കവര്‍ച്ചക്കാര്‍ തട്ടിക്കൊണ്ടുപോയ പെട്രോള്‍ സ്റ്റേഷന്‍ ജീവനക്കാരനായ ജോണ്‍ ഫിലിപ്പിന്‍െറ മൃതദേഹം ഒറ്റപ്പെട്ട സ്ഥലത്ത് ജീര്‍ണിച്ച നിലയില്‍ ദിവസങ്ങള്‍ക്ക് ശേഷം കണ്ടത്തെിയിരുന്നു. ജോണ്‍ ഫിലിപ്പിന്‍െറ കൊലയാളികള്‍ പിടിയിലായത്  പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നുണ്ടെങ്കിലും ഒരു മാസത്തിനുള്ളിലാണ് വീണ്ടും ദുരന്തമാവര്‍ത്തിച്ചത്. മത്രയില്‍ പട്ടാപ്പകലാണ് കൊലനടന്നതെന്ന വസ്തുത പലരെയും ഞെട്ടിക്കുന്നുണ്ട്. എപ്പോഴും ആള്‍ത്തിരക്കും ജനവാസവുമുള്ള മേഖലയാണ് മത്ര ഒമാന്‍ ഹൗസ് പരിസരം. എന്നിട്ടും പകല്‍ സമയത്താണ് കൊലനടന്നത്. മത്രയില്‍ സത്യന്‍ കൊല്ലപ്പെട്ടതിന്‍െറ പിന്നിലും കവര്‍ച്ചയാണെന്നാണ് നിഗമനം. കൂടുതല്‍ അന്വേഷണങ്ങള്‍ക്കൊടുവില്‍ സത്യം പുറത്തുവരും. കഴിഞ്ഞ ഏപ്രിലില്‍ സലാലയില്‍ മലയാളി നഴ്സ് ദാരുണമായി കൊലചെയ്യപ്പെട്ടിരുന്നു. അഞ്ചു മാസം ഗര്‍ഭിണിയായ ചിക്കു റോബര്‍ട്ടിന്‍െറ മരണം സലാലയെ ഞെട്ടിച്ചിരുന്നു. ഭര്‍ത്താവ് ലിന്‍സണ്‍ പൊലീസ് കസ്റ്റഡിയിലാണെങ്കിലും ഇതുസംബന്ധമായ ദുരൂഹത തുടരുകയാണ്. റോബര്‍ട്ട് നിരപരാധിയാണെന്നും അദ്ദേഹത്തിന് തന്‍െറ മകളെ കൊല്ലാന്‍ കഴിയില്ളെന്നുമാണ് ചിക്കുവിന്‍െറ പിതാവ് പറയുന്നത്. വിഷയത്തിലെ സത്യാവസ്ഥ പുറത്തുവരുന്നതും കാത്തിരിക്കുകയാണ് മലയാളികള്‍. ലിന്‍സന്‍െറ മേല്‍ കുറ്റം ചുമത്തിയിട്ടില്ളെന്നും അന്വേഷണത്തിന്‍െറ ഭാഗമായി കസ്റ്റഡിയില്‍ വെക്കുകയാണെന്നുമാണ് പൊലീസ് പറയുന്നത്. ഏതാനും വര്‍ഷം മുമ്പ് മബേലയിലും സമാനമായ കൊലപാതകം നടന്നിരുന്നു. പ്രമുഖ ബില്‍ഡിങ് മെറ്റീരിയല്‍സിന്‍െറ ഉടമയാണ് അന്ന് കൊല്ലപ്പെട്ടത്. കവര്‍ച്ചാശ്രമത്തിനിടെയാണ് മലയാളിയായ സ്ഥാപന ഉടമ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്‍െറ കൈവശമുണ്ടായിരുന്ന പണവും മോഷണം പോയിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരടക്കം  നിരവധി പേരെ  പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, വിസിറ്റ് വിസയിലത്തെിയ ഏഷ്യക്കാരനാണ് പണം തട്ടാന്‍ കൃത്യം നിര്‍വഹിച്ചതെന്ന് കണ്ടത്തെുകയായിരുന്നു. പണം തട്ടാനുള്ള ശ്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതോടെ പണം കൈയില്‍വെക്കാന്‍ പലരും മടിക്കുകയാണ്. കവര്‍ച്ചാശ്രമങ്ങള്‍ക്ക് പിന്നില്‍ അടുത്തറിയുന്നവരാണെന്ന സത്യവും പലരെയും അലട്ടുന്നുണ്ട്. അതിനാല്‍, പണം പരമാവധി കൈവശം വെക്കാതിരിക്കാന്‍ ശ്രമിക്കുകയാണ് വ്യാപാരികള്‍. എന്നാല്‍, കമ്പനികളില്‍ കലക്ഷനായും മറ്റും പണം കൈയിലത്തെുന്നവര്‍ അതെങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ചിന്തിക്കുന്നത്. പരമാവധി പണം കൈവശം വെക്കുന്നത് ഒഴിവാക്കുകയാണ് ഇത്തരക്കാരും. ജോണ്‍ ഫിലിപ്പിന്‍െറ കൊലപാതകത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിലെ പെട്രോള്‍ സ്റ്റേഷനുകളില്‍ രാത്രി രണ്ടു ജീവനക്കാര്‍ നിര്‍ബന്ധമായും ഡ്യൂട്ടിക്ക് ഇടുന്നുണ്ട്. മുന്‍കാലങ്ങളില്‍ വീടുകളിലും മറ്റും കവര്‍ച്ച നടത്തുന്നത് സ്ഥിരം സംഭവമായിരുന്നു. വേനല്‍ അവധിക്കും മറ്റും കുടുംബങ്ങള്‍ നാട്ടില്‍ പോവുമ്പോഴാണ് ഇത്തരം കവര്‍ച്ചകള്‍ വര്‍ധിക്കുന്നത്. വാദീ കബീറില്‍ ഇത്തരം നിരവധി കവര്‍ച്ചാശ്രമങ്ങള്‍ നടന്നിരുന്നൂ. സ്വര്‍ണവും വിലപിടിപ്പുള്ള പലതും ഇത്തരം കവര്‍ച്ചകളില്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍, താമസക്കാര്‍ ജാഗ്രതപാലിക്കാന്‍ തുടങ്ങിയതോടെ ഇത്തരം കവര്‍ച്ചകള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ആളപായമുണ്ടാവുന്നതാണ് പലരെയും പേടിപ്പെടുത്തുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.