ജി.സി.സിയില്‍ ഓണ്‍ലൈന്‍ പരസ്യവിപണി കുതിപ്പിന്‍െറ പാതയിലെന്ന് റിപ്പോര്‍ട്ട് 

മസ്കത്ത്: ജി.സി.സി മേഖലയിലെ പരസ്യദാതാക്കള്‍ ഓണ്‍ലൈന്‍ മേഖലയില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്ത വര്‍ഷത്തോടെ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കായി ചെലവിടുന്ന തുകയില്‍ 20 ശതമാനത്തിന്‍െറ വര്‍ധന ഉണ്ടാകുമെന്ന് പ്രമുഖ സ്ഥാപനമായ ഓറിയന്‍റ് പ്ളാനറ്റ് റിസര്‍ച്ചിന്‍െറ ഓണ്‍ലൈന്‍ പരസ്യവിപണിയെയും ഇ-കോമേഴ്സിനെയും കുറിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷവും തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ കാര്യമാത്രമായ വര്‍ധന ജി.സി.സിയില്‍ ഓണ്‍ലൈന്‍ പരസ്യവിപണിയില്‍ ഉണ്ടാകും. അടുത്ത വര്‍ഷത്തോടെ അറബ് മേഖലയിലെ ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 197 ദശലക്ഷം ആകുമെന്നാണ് കരുതുന്നത്. 
അടുത്ത അഞ്ചുവര്‍ഷ കാലയളവില്‍ ജി.സി.സി മേഖലയിലെ ഓണ്‍ലൈന്‍ പരസ്യവിപണി ലോക ശരാശരിയേക്കാള്‍ ഉയര്‍ന്ന വളര്‍ച്ച കൈവരിക്കുമെന്നും റിപ്പോര്‍ട്ട് കാണിക്കുന്നു. ആഗോളതലത്തില്‍ ഈ മേഖലയില്‍ ചെലവഴിക്കുന്ന തുക 2020 വരെ പ്രതിവര്‍ഷം 11.9 ശതമാനം എന്ന തോതില്‍ വര്‍ധിക്കും. 
കഴിഞ്ഞവര്‍ഷം പരസ്യങ്ങള്‍ക്കായി ആഗോളതലത്തില്‍ 531 ശതകോടി ഡോളര്‍ ആണ് ചെലവഴിച്ചത്. ഇതില്‍ 27 ശതമാനം വിഹിതമാണ് ഓണ്‍ലൈന്‍ പരസ്യവിപണി നേടിയത്. സാങ്കേതികമായി ഏറെ വളര്‍ച്ച പ്രാപിച്ച ഇന്നത്തെ കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ സാന്നിധ്യത്തിന്‍െറ അനിവാര്യത സ്ഥാപനങ്ങള്‍ മനസ്സിലാക്കുന്നതാണ് ഈ ഒരു മാറ്റത്തിന് കാരണമെന്ന് ഓറിയന്‍റ് പ്ളാനറ്റ് റിസര്‍ച്ചിലെ റിസര്‍ച് കണ്‍സല്‍ട്ടന്‍റ് അബ്ദുല്‍ ഖാദര്‍ അല്‍ കാംലി പറഞ്ഞു. 
ഓണ്‍ലൈന്‍ പരസ്യങ്ങളും വെബ്സൈറ്റുകളും ഇന്ന് ആഡംബരമല്ല മറിച്ച്, അനിവാര്യതയാണ്. 
കമ്പനികളുടെ ഉല്‍പന്നങ്ങളും പരസ്യങ്ങളും ഏറ്റവും ഫലപ്രദമായി അവതരിപ്പിക്കാനും പരമാവധി ആനുകൂല്യം ലഭിക്കാനും സഹായകമായ നിരവധി നവീന പ്രോഗ്രാമുകളും ഇന്നുണ്ട്. 
ഇതോടൊപ്പം, മേഖലയില്‍ വര്‍ധിക്കുന്ന ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണവും അടുത്ത അഞ്ചുവര്‍ഷ കാലത്തെ ഓണ്‍ലൈന്‍ പരസ്യവിപണിയുടെ വളര്‍ച്ച ഉറപ്പുനല്‍കുന്നതാണെന്ന് അല്‍ കാംലി പറഞ്ഞു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.