ഇന്ധന സബ്സിഡി കഴിഞ്ഞവര്‍ഷം 57.8 ശതമാനം കുറഞ്ഞു

മസ്കത്ത്: പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി കഴിഞ്ഞ വര്‍ഷം 57.8 ശതമാനം കുറഞ്ഞതായി കണക്കുകള്‍. 2014ല്‍ 1,134.6 ദശലക്ഷം റിയാല്‍ ആയിരുന്ന സബ്സിഡി കഴിഞ്ഞവര്‍ഷം 479.3 ദശലക്ഷം റിയാല്‍ ആയാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്നാണ് സബ്സിഡി തുകയിലും ഇടിവുണ്ടായതെന്ന് സെന്‍ട്രല്‍ ബാങ്ക് ഒമാന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട്. വില കുറഞ്ഞതോടെ അന്താരാഷ്ട്ര വിപണിയിലെ വിലയില്‍നിന്ന് നേരിയ വ്യത്യാസത്തിന് മാത്രമാണ് രാജ്യത്തിന് അകത്തെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില്‍പന നടന്നിരുന്നത്. 
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പെട്രോളിയം ഉല്‍പന്നങ്ങളുടെ സബ്സിഡിയില്‍ കുത്തനെയുള്ള വര്‍ധനവാണ് ദൃശ്യമായിരുന്നത്. 2011ല്‍ 955.6 ദശലക്ഷം റിയാലായിരുന്നു ഇന്ധന സബ്സിഡി. 2012ല്‍ ഇത് 1.007 ശതകോടി റിയാലായും 2013ല്‍ ഇത് 1.119 ശതകോടി റിയാലായും 2014ല്‍ ഇത് 1.134 ശതകോടി റിയാലുമായാണ് സബ്സിഡി തുക ഉയര്‍ന്നത്. ജനുവരി പകുതി മുതല്‍ സബ്സിഡി നിയന്ത്രണാര്‍ഥം ഇന്ധനത്തിന്‍െറ വിലനിയന്ത്രണാധികാരം സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. അതേ സമയം വൈദ്യുതി മേഖലക്കുള്ള സര്‍ക്കാര്‍ ധനസഹായം 42.8 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 2014ലെ 270.6 ദശലക്ഷം റിയാലില്‍നിന്ന് 386.4 ദശലക്ഷം റിയാലായാണ് ഈ തുക വര്‍ധിച്ചത്. വൈദ്യുതി ഉപഭോക്താക്കള്‍ക്ക് രണ്ട് തരത്തിലുള്ള സബ്സിഡിയാണ് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. വൈദ്യുതി ഉല്‍പാദനത്തിനും വിതരണത്തിനുള്ള ചെലവുകളിലെ സബ്സിഡി കൂടാതെ ഉല്‍പാദകര്‍ക്ക് കുറഞ്ഞ നിരക്കില്‍ നല്‍കുന്ന പ്രകൃതി വാതകത്തിന്‍െറ ആനുകൂല്ല്യം കൂടി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. ഉപഭോക്താക്കളിലുണ്ടായ വര്‍ധനവാണ് സബ്സിഡി കൂടാന്‍ കാരണം. അത്യാവശ്യ ഭക്ഷണസാധനങ്ങള്‍ക്കുള്ള സബ്സിഡി തുകയാകട്ടെ 64.8 ശതമാനം കുറഞ്ഞ് 6.8 ദശലക്ഷം റിയാലായി. ഏതാനും വര്‍ഷങ്ങളിലായ ഭക്ഷണ മേഖലയിലേക്ക് വകയിരുത്തുന്ന തുക കുറഞ്ഞുവരുകയാണ്. 2013ല്‍ 27.9 ദശലക്ഷം റിയാല്‍ ആയിരുന്ന സബ്സിഡി 2014ല്‍ 19.3 ദശലക്ഷം റിയാലായി കുറഞ്ഞു. എണ്ണവിലയിടിവിന്‍െറ പശ്ചാത്തലത്തില്‍ സബ്സിഡികള്‍ പുനരവലോകനം ചെയ്ത് പൊതുചെലവ് കുറക്കുന്നതിനും ഒപ്പം നികുതിയിതര വരുമാനം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ തയാറാക്കിവരുകയാണ്. 
കോര്‍പറേറ്റ് ടാക്സ് മൂന്നുശതമാനം വര്‍ധിപ്പിച്ചതിന് ഒപ്പം ലേബര്‍ ക്ളിയറന്‍സ് അടക്കം വിവിധ മേഖലകളിലെ ഫീസ് നിരക്കുകള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. അടുത്തവര്‍ഷം പകുതിയോടെ മൂല്യവര്‍ധിത നികുതി സംവിധാനവും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഒമാന്‍. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.