മസ്കത്ത്: ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി ആരംഭിച്ചു. സലാലയിലേക്ക് വാഹനമോടിച്ചുപോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. മസ്കത്ത്-സലാല റൂട്ടിലെ വാഹനാപകടങ്ങളുടെ പ്രധാന കാരണം റോഡ് മുറിച്ചുകടക്കുന്ന ഒട്ടകങ്ങളില്‍ ഇടിക്കുന്നതാണെന്ന് ദോഫാര്‍ സര്‍വകലാശാല നടത്തിയ പഠനം പറയുന്നു.
അപകടങ്ങള്‍ അധികവും അര്‍ധരാത്രിയിലാണുണ്ടാകുന്നത്. എല്ലാ പെരുന്നാള്‍ അവധി ദിനങ്ങളിലും സലാല-മസ്കത്ത് റോഡിലും മറ്റു റോഡുകളിലും അപകടങ്ങളുണ്ടാകാറുണ്ട്. അധികൃതര്‍ എത്ര മുന്നറിയിപ്പുകള്‍ നല്‍കിയാലും സുരക്ഷാനടപടികള്‍ എടുത്താലും ഇതിന് മാറ്റമുണ്ടാകാറില്ല. കഴിഞ്ഞ വര്‍ഷം മസ്കത്തില്‍നിന്ന് പോയ സംഘം അപകടത്തില്‍പെട്ടിരുന്നു. മൃഗങ്ങള്‍ മൂലം 40.6 ശതമാനം അപകടങ്ങളാണ് ഉണ്ടാകുന്നത്. അര്‍ധരാത്രിയില്‍ അതിവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ റോഡ് മുറിച്ചുകടക്കുന്ന മൃഗങ്ങളില്‍ ഇടിക്കുകയാണ് ചെയ്യുക. ഒട്ടകത്തില്‍ വാഹനമിടിച്ചാല്‍ അപകടം കൂടുതല്‍ ഗുരുതരമായിരിക്കും. ഒട്ടകത്തില്‍ ഇടിക്കുന്നതോടെ വാഹനം നിയന്ത്രണംവിട്ട് മറിയുകയാണ് ചെയ്യുന്നത്. അതിനാല്‍ രാത്രി വാഹനം ഓടിക്കുന്നവര്‍ ഏറെ ജാഗ്രത പാലിക്കണമെന്നും അമിത വേഗം പാടില്ളെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. സലാലയിലെ വളര്‍ത്തുമൃഗങ്ങളില്‍ 60 ശതമാനവും ഒട്ടകങ്ങളാണ്. അതിനാല്‍ സലാല-താഖ, സലാല-തുറൈത്ത് റോഡില്‍ ഒട്ടകങ്ങളെ സുലഭമായി കാണുന്നു. ഉത്സവകാലങ്ങളില്‍ വാഹനങ്ങളുടെ എണ്ണം പെരുകുകയും ചെയ്യുന്നു. ആദം-സലാല റോഡിന്‍െറ പ്രത്യേകതകള്‍ അറിയാത്ത സന്ദര്‍ശകര്‍ കണ്ണെത്താത്ത ദൂരം നീണ്ടുകിടക്കുന്ന റോഡില്‍ അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നത് ഒട്ടകങ്ങളിലും മറ്റു മൃഗങ്ങളിലും ഇടിക്കാനും വന്‍ ദുരന്തങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു. മിര്‍ബാത്ത്, മുഖ്സൈല്‍ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ അപകടമുണ്ടാകുന്നത്. മഴക്കാലമാകുന്നതോടെ ഒട്ടകങ്ങളെ ഉടമകള്‍ മാറ്റി താമസിപ്പിക്കുന്നതും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. ഇതിന് പരിഹാരമായി പ്രധാന ഹൈവേകളില്‍ റോഡിനിരുവശവും കമ്പിവേലി കെട്ടണമെന്നടക്കമുള്ള ആവശ്യങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ അധികം വിനോദസഞ്ചാരികള്‍ ഇക്കുറി സലാല സന്ദര്‍ശിക്കാന്‍ എത്തുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.