പൊലീസ് മുന്നറിയിപ്പ്: ആഘോഷം അതിരുവിടരുത്

മസ്കത്ത്: പെരുന്നാള്‍ അവധിദിനങ്ങളില്‍ ആഘോഷം അതിരുവിടരുതെന്നും നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും റോയല്‍ ഒമാന്‍ പൊലീസ് വക്താവ് അറിയിച്ചു. തിരക്കേറിയ സ്ഥലങ്ങളിലും ആളുകള്‍ ഒത്തുകൂടുന്നയിടങ്ങളിലും പൊലീസ് പട്രോളിങ് വര്‍ധിപ്പിക്കും. താമസ കേന്ദ്രങ്ങളിലും പാര്‍ക്കുകളിലും പള്ളികള്‍ക്ക് സമീപമുള്ള സ്ഥലങ്ങളിലും അടക്കം പരിശോധനകള്‍ ഊര്‍ജിതമാക്കുമെന്നും ആര്‍.ഒ.പി വക്താവ് അറിയിച്ചു. 
ആഘോഷം പ്രമാണിച്ച് പടക്കങ്ങള്‍ പൊട്ടിക്കുകയും  കരിമരുന്ന് പ്രയോഗങ്ങള്‍ നടത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ മുന്‍ വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്രമസമാധാന പാലനത്തിന് ഭംഗം വരുത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണം. കുട്ടികള്‍ പടക്കങ്ങള്‍ ഉപയോഗിക്കുന്നില്ളെന്നും മറ്റും ഉറപ്പാക്കേണ്ടത് രക്ഷാകര്‍ത്താക്കളാണ്. തെരുവില്‍ ഒറ്റക്ക് കളിക്കുന്നതില്‍നിന്ന് കുട്ടികളെ വിലക്കണമെന്നും ആര്‍.ഒ.പി വക്താവ് അറിയിച്ചു. അമിതവേഗമാണ് മുന്‍കരുതല്‍ എടുക്കേണ്ട മറ്റൊരു വിഷയം. തൊട്ടുമുന്നിലുള്ള വാഹനത്തെ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ വാഹനങ്ങള്‍ പായുന്നത് അപകടസാധ്യത വര്‍ധിപ്പിക്കും.  കൃത്യമായ ദൂരപരിധി പാലിക്കാതെ വാഹനമോടിച്ചതിനാല്‍ നോമ്പിന്‍െറ ആദ്യ ദിനങ്ങളില്‍ നൂറോളം ചെറുതും വലുതുമായ അപകടങ്ങളാണ് രാജ്യത്തിന്‍െറ വിവിധയിടങ്ങളില്‍ ഉണ്ടായത്. വേഗം പരിധിക്കപ്പുറം കടന്നാല്‍ വാഹനത്തിന്‍െറ നിയന്ത്രണം നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണെന്നും ആര്‍.ഒ.പി അറിയിച്ചു. ആളുകള്‍ ഒത്തുചേരുന്ന സ്ഥലങ്ങളില്‍ വാഹനം അമിത വേഗത്തില്‍ ഓടിച്ച് ഭീതിപരത്തുന്നവര്‍ക്കെതിരെയും നടപടിയെടുക്കും. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കും വിധം വാഹനങ്ങള്‍ ഓടിക്കുകയോ മദ്യപിച്ച് വാഹനമോടിക്കുകയോ ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ അധികരിക്കാത്ത തടവുശിക്ഷയും 500 റിയാല്‍ പിഴയുമാണ് ഒമാന്‍ ട്രാഫിക് നിയമം വ്യവസ്ഥ ചെയ്യുന്നത്. പൊതുസ്ഥലത്ത് ഡ്രിഫ്റ്റിങ് ഉള്‍പ്പെടെ കാറുകള്‍ ഉപയോഗിച്ച് അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതും പൊതുജനങ്ങളോടുള്ള ഭീഷണിയായിട്ടാണ് കരുതുക. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിടിയിലാകുന്നവരെ കോടതിയില്‍ ഹാജരാക്കുന്നതുവരെ തടവിലിടും. മുങ്ങിമരണങ്ങള്‍ ഉണ്ടാകാതിരിക്കാനും ജനം ജാഗ്രത പുലര്‍ത്തണമെന്ന് ആര്‍.ഒ.പി അറിയിച്ചു. ബീച്ചുകളിലും മറ്റും ജനത്തിരക്കേറുന്ന സമയങ്ങളിലാണ് ഇത്തരം അപകടങ്ങള്‍ ഉണ്ടാകാറ്. രക്ഷാകര്‍ത്താക്കളുടെ അശ്രദ്ധയാണ് ഇതിന് പ്രധാന കാരണം. വെള്ളത്തിലിറങ്ങുന്ന കുട്ടികളെ രക്ഷാകര്‍ത്താക്കള്‍ ശ്രദ്ധിക്കണം. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.