ടാങ്കര്‍ കുടിവെള്ളത്തിന് നിരക്ക് ഉയര്‍ത്തിയിട്ടില്ല –അതോറിറ്റി

മസ്കത്ത്: ഒമാനില്‍ ടാങ്കറുകളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്‍െറ നിരക്ക് ഉയര്‍ത്തിയിട്ടില്ളെന്ന് പബ്ളിക് അതോറിറ്റി ഫോര്‍ വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി വ്യക്തമാക്കി. 
ഇന്ധനവില വര്‍ധിപ്പിച്ചതിന് പിന്നാലെ കുടിവെള്ളത്തിന്‍െറ നിരക്ക് ഉയര്‍ത്തി എന്ന നിലയില്‍ വാര്‍ത്ത പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് അതോറിറ്റിയുടെ വിശദീകരണം. ഒമാനിലെ ഉള്‍പ്രദേശങ്ങളിലെല്ലാം ടാങ്കറുകളാണ് കെട്ടിടങ്ങളിലെ ജലസംഭരണിയില്‍ വെള്ളം നിറക്കുന്നത്. ഇന്ധനവില കൂടിയ പശ്ചാത്തലത്തില്‍ ടാങ്കര്‍ ഉടമകള്‍ വെള്ളത്തിന് ഉയര്‍ന്നവില ഈടാക്കിയിരുന്നു. അതോറിറ്റി ടാങ്കറുകള്‍ക്ക് നല്‍കുന്ന വെള്ളത്തിന്‍െറ നിരക്ക് ഉയര്‍ത്തിയെന്നാണ് ഇതിന് കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍, ടാങ്കറുകള്‍ക്ക് വെള്ളം നല്‍കുന്ന നിരക്കില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ളെന്ന് അതോറിറ്റി വിശദീകരിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ച നിരക്ക് ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. 700 ഗാലന് താഴെ വെള്ളം നിറക്കുമ്പോള്‍ ഗാലന് ഒരു ബൈസയും 700 ഗാലന് മുകളില്‍ നിറക്കുമ്പോള്‍ ഗാലന് മൂന്ന് ബൈസയുമാണ് ടാങ്കറുകളില്‍ നിന്ന് ഈടാക്കുന്നത്. അതായത്, 650 ഗാലന്‍ ശേഷിയുള്ള ടാങ്കറുകളില്‍നിന്ന് 650 ബൈസയും 1000 ഗാലന്‍ ശേഷിയുള്ള ടാങ്കറുകളില്‍നിന്ന് മൂന്ന് റിയാലുമാണ് ഈടാക്കുന്നത്. 
എന്നാല്‍, ടാങ്കറുടമകള്‍ താമസക്കാര്‍ക്ക് വെള്ളം വില്‍ക്കുന്ന നിരക്കില്‍ തങ്ങള്‍ ഇടപെടാറില്ളെന്ന് അതോറിറ്റി പറഞ്ഞു. മലകളും കുന്നുകളും നിറഞ്ഞ രാജ്യത്തിന്‍െറ ഭൂഘടന ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ചും 2040നുള്ളില്‍ രാജ്യത്തെ 98 ശതമാനം താമസക്കാര്‍ക്കും പൈപ്പ് വഴി കുടിവെള്ളം ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അതോറിറ്റി അറിയിച്ചു. ടാങ്കറിലെ ജലവിതരണം സാധാരണക്കാരായ ഒമാന്‍ സ്വദേശികളുടെ തൊഴില്‍മേഖല കൂടിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.