ടൂര്‍ ഓഫ് ഒമാന്‍ തുടങ്ങി; ഗതാഗത നിയന്ത്രണം

മസ്കത്ത്: ഏഴാമത് അന്താരാഷ്ട്ര സൈക്കിളോട്ട മത്സരം ‘ടൂര്‍ ഓഫ് ഒമാന്’ തുടക്കമായി. മൊത്തം 900 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്കിളോട്ടം ആറു ദിവസങ്ങളിലായാണ് നടക്കുന്നത്. 12 രാജ്യങ്ങളില്‍നിന്നുള്ള 144 പേര്‍ പങ്കെടുക്കുന്നുണ്ട്. ആദ്യദിവസത്തെ 145 കിലോമീറ്റര്‍ പ്രയാണം ഒമാന്‍ അന്താരാഷ്ട്ര എക്സിബിഷന്‍ സെന്‍ററില്‍നിന്ന് ആരംഭിച്ച് അല്‍ ബുസ്താനില്‍ അവസാനിച്ചു. മത്സരം കടന്നുപോകുന്ന വഴികളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ബഹുവരി റോഡുകളില്‍ ഒരു വശത്തേക്കുള്ള ഗതാഗതവും സിംഗ്ള്‍ റോഡുകളില്‍ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതവും നിയന്ത്രിക്കും. 
മത്സരാര്‍ഥികള്‍ ഓരോ പോയന്‍റും കടന്നുപോകുന്നതിനനുസരിച്ച് റോഡ് തുറന്നുകൊടുക്കുകയും ചെയ്യും. രണ്ടാം ഘട്ടം നടക്കുന്ന സീബിലെ ഒമാന്‍ ടെല്‍ ഹെഡ് ഓഫിസില്‍നിന്ന് ഖുറിയാത്ത് വരെയുള്ള ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ 11.35 മുതല്‍ ഉച്ചകഴിഞ്ഞ് 3.41 വരെ ഗതാഗത നിയന്ത്രണമുണ്ട്. ബോഷര്‍, അല്‍ ഹാജിര്‍ മല, സംഹത്ത്, അല്‍ താരിഫ്, ഖുറിയാത്ത് ഇന്‍റര്‍ ചേഞ്ച്, ഖുറിയാത്ത് ടോള്‍ ഗേറ്റ് വഴി ഖുറിയാത്ത് വരെയാണ് ബുധനാഴ്ചത്തെ 162 കിലോമീറ്റര്‍ പ്രയാണം. വ്യാഴാഴ്ച തെക്കന്‍ ബാതിനയിലെ ബര്‍ക വിലായത്തിലെ അല്‍ സവാദി ബീച്ചില്‍നിന്ന് നസീം ഗാര്‍ഡന്‍ വരെയുള്ള 176 കിലോമീറ്ററാണ് മൂന്നാം ദിവസത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍പ്പെടുന്ന അല്‍ സവാദി, മുസന്ന, മുലധ, അല്‍ അവാബി, റുസ്താഖ്, വാദി ബനീ ഒൗഫ്, നഖല്‍, നസീം ഗാര്‍ഡന്‍ മേഖലകളില്‍ രാവിലെ 11.10 മുതല്‍ ഉച്ചകഴിഞ്ഞ് 3.26 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.